themap.katib.in

മണ്ണെണ്ണ ഗന്ധം

ഉമ്മറ പടിയിൽ
ഉമ്മാമ തൻ വെറ്റില,
ചൂരിൽ ‘യാസീ’നിൻ അലയൊലികൾ ചേർത്ത രാവുകൾ…
‘അരിക്കിലാമ്പിന്’ മണ്ണെണ്ണ ഗന്ധം
പരിമളം പകർന്ന കാലം.

പള്ളി മിനാരത്തിൽ,
ഉപ്പാപ്പ തൻ ബാങ്കൊളി നാദം,
ഹരം പിടിപ്പിച്ച ‘മാരിബ്’ ചായങ്ങൾ
കയ്യും പിടിച്ച് ഹൃദയത്തിൽ ചേർന്ന്
നടന്ന വഴികളൊക്കെ,
സ്നേഹത്തിൻ അപ്പം പകുത്ത
അത്താഴവേളകളുടെ മധുരം.

കെടുതിയിൽ പച്ചപ്പിന് സ്വർഗ്ഗഭൂമി തീർത്ത
അൽ അമീനിന്റെ കഥകളിൽ
നിദ്രയിലാഴ്ന്ന രാത്രികൾ…

കാലം മാറി യാത്രകൾ മാറി
ദിക്കുകൾ തേടി പരക്കം പാച്ചലിൽ,
ചുരുട്ടി തന്ന നൂറിന്റെ നോട്ട്—
ഇന്നും മനസ്സിൽ മായാതെ നിൽക്കുന്ന
ആ സ്നേഹവലയം…

ഇനിയില്ല അവർ
കഥകൾ പറയാൻ, വഴികൾ താണ്ടാൻ,
യാത്രകളിൽ പ്രാർത്ഥനാ രക്ഷാ തീർക്കാൻ.

മൈലാഞ്ചി ചെരുവിൽ,
നന്മയുടെ വെളിച്ചത്തിൽ,
ആലിംഗനം ചെയ്ത് സുഖനിദ്രയിൽ അവർ…
കാണാം നാളെ ഹബീബിനൊപ്പം—
ചൂടു കണ്ണുനീരിൽ കുതിർന്ന
സലാം,
മണ്ണെണ്ണ ഗന്ധമായി മനസ്സിൽ പതിയുന്നു…എന്നും