ആത്മീയ ഔന്നിത്യത്തിൽ വിരാജിക്കുന്നവരാണ് മമ്പുറം സയ്യിദ് അലവി തങ്ങൾ. മലബാറിനു ലഭിച്ച ഒരു നിധിയാണ് അവിടുത്തെ വിശുദ്ധജീവിതം. സാമൂഹിക കലഹങ്ങളും സാംസ്കാരിക ദുർവിചാരങ്ങളും കൊടികുത്തി വാണിരുന്ന കാലത്താണ് മമ്പുറം തങ്ങൾ കോഴിക്കോട് എത്തുന്നത്. മറുവശത്ത് രാഷ്ട്രീയ കലാപങ്ങൾ സൃഷ്ടിക്കാൻ വേണ്ടി തയ്യാറെടുക്കുന്ന ബ്രിട്ടീഷ് പടയാളികൾ. ഇത്തരം കലുഷിതമായ സാമൂഹിക അന്തരീക്ഷമായിരുന്നു അന്നത്തെ മലബാർ.
പിതാവ് സയ്യിദ് മുഹമ്മദ് എന്നവരുടെയും മാതാവ് ഫാത്തിമ ബീവി എന്നവരുടെയും മകനായി ഹിജ്‌റ 1166 (AD- 1752) ലാണ് ജനനം. ശൈശവത്തിൽ തന്നെ മഹാന്റെ മാതാപിതാക്കൾ വേർപിരിഞ്ഞു. പിന്നീട് മാതൃസഹോദരിയുടെ ശിക്ഷണത്തിലാണ് വളർന്നത്.യമനിലെ ഹളർമൗത്തിലെ തരീം എന്ന പ്രദേശത്തു നിന്നാണ് സയ്യിദര് പായ് കപ്പൽ മാർഗം മലബാറിലെത്തുന്നത്. മുഖല്ല തുറമുഖത്തു നിന്ന് പുറപ്പെട്ട കപ്പൽ യാത്ര ഹിജ്‌റ 1183 റമളാനിലെ ഒരു ദിവസമാണ് കോഴിക്കോട് നങ്കൂരമിട്ടത്. അന്ന് പതിനെട്ടു വയസ്സായിരുന്നു പ്രായം. ബന്ധുമിത്രങ്ങൾ മലബാറിലായതാണ് ഇങ്ങോട്ടുള്ള യാത്രയ്‌ക്ക് വഴിയൊരിക്കിയത്. ഈ ചെറുപ്രായത്തിലും എല്ലാം തികഞ്ഞ പൗരുഷ്യത്തോടെയായിരുന്നു അവിടുത്തെ സാമൂഹിക ഇടപഴക്കങ്ങൾ. ‘ഖുതുബുസ്സമാൻ’ എന്ന ആത്മീയ ലോകത്തെ അത്യുന്നത സ്ഥാനിയായിരുന്നു മഹാൻ. തങ്ങളുടെ വരവിനു മുമ്പ് തന്നെ ഹസ്സൻ ജിഫ്രി, ശൈഖ് ജിഫ്രി എന്ന രണ്ട് അമ്മാവന്മാരായിരുന്നു മലബാറിൽ ഉണ്ടായിരുന്നത്. തങ്ങൾ മലബാറിൽ വരുന്നതിന് മുമ്പുതന്നെ ഹസ്സൻ ജിഫ്രി എന്നവർ വഫാത്തായി. പിന്നീടുള്ള കാലം ശൈഖ് ജിഫ്രിയായിരുന്നു തങ്ങളെ വളർത്തിയത്. ശൈഖ് ജിഫ്രിയുടെ മുരീദായിരുന്നു (ആത്മീയ ശിഷ്യൻ) ടിപ്പു സുൽത്താൻ.
കോഴിക്കോടെത്തിയ തങ്ങളെ ആളുകൾ മനസ്സിലാക്കി തുടങ്ങിയത് അവിടുത്തെ ആത്മീയമായ സമീപ്യത്തിലൂടെയായിരുന്നു. ഒരിക്കൽ ഒരു സിയാറത്ത് യാത്രക്കായി കോഴിക്കോട്ട് നിന്നും മമ്പുറത്തേക്ക് പുറപ്പെട്ടു. രാത്രിയാണ് മമ്പുറത്തെത്തിയത്. ഇശാഅ് നിസ്കാര ശേഷം സിയാറത്ത് കേന്ദ്രം പൂട്ടിയിടുന്നത് പതിവായിരുന്നു. താക്കോൽ ഹസ്സൻ ജിഫ്രിയോരുടെ മകൾ ഫാത്തിമ ബീവിയുടെ പക്കലായിരുന്നു സൂക്ഷിച്ചിരുന്നത്. അവിടുന്ന് താക്കോൽ വാങ്ങാനായി ആള് പോയി പറഞ്ഞു, ‘യമനിലെ ഒരു പണ്ഡിതനും സൂഫിയുമായ ‘ഖുതുബുസ്സമാൻ’ എന്ന ഒരു മഹാൻ വന്നിട്ടുണ്ട്, താക്കോൽ തരുമോ’ എന്നായിരുന്നു ചോദ്യം. ഉടനെയായിരുന്നു ബീവിയുടെ മറുപടി മോളി “വന്നിരിക്കുന്നത് ഖുതുബുസ്സമാനാണെങ്കിൽ അവർക്ക് താക്കോലിന്റെ ആവശ്യം ഉണ്ടാവുകയില്ല” എന്ന്. ഈ വിവരം തങ്ങളെ അറിയിച്ചു. അവിടുന്ന് പറഞ്ഞു, അതെ നമുക്ക് സമ്മതം കിട്ടിയിട്ടുണ്ട് ഇനി പ്രവേശിക്കാം എന്നും പറഞ്ഞ് മഖാമിന്റെ വാതിൽ പൂട്ടഴിക്കൽ ഉപകരണമില്ലാതെ നിസാരമായി തുറക്കുകയും അതേപടി സിയാറത്തിനു ശേഷം വാതിലടച്ച് പഴയ പോലെ പൂട്ടിയിടുകയും ചെയ്തു. കണ്ടു നിന്ന കൂടെയുണ്ടായിരുന്നവർക്ക് അത്ഭുതം കൂറി. മറുവശത്ത് ഫാത്തിമ ബീവി സംഭവത്തിന്റെ കൗതുകം തിരക്കാനായി അവിടുന്ന് ആളെ അയച്ചു. നോട്ടക്കാരൻ തിരികെ വന്ന് ഫാത്തിമ ബീവിയോട് പറഞ്ഞു. അത്ഭുതം, താക്കോൽ ഇല്ലാതെ അവർ മഖാമിൽ പ്രവേശിക്കുകയും സിയാറത്ത് ചെയ്യുകയും പഴയ രൂപേണ വാതിൽ അടക്കുകയും ചെയ്തു. ഇതുകേട്ട ഫാത്തിമ ബീവി പറഞ്ഞു. ഇതുതന്നെയാണ് എന്റെ വരൻ.
ഈ സമയത്ത് പന്ത്രണ്ടു വയസ്സു മാത്രം പ്രായമുള്ള ഫാത്തിമ ബീവിക്ക് എളാപ്പമാരും നാട്ടുകാരും ചേർന്ന് വരനെ തേടുകയായിരുന്നു. ഉപ്പ ഹസൻ ജിഫ്രി വഫാത്തു നേരം നാട്ടുകാരെ വിളിച്ചുചേർത്ത് എന്റെ മകൾക്ക് പ്രായമാകുമ്പോൾ നിങ്ങൾ അനുയോജ്യമായ വരനെ തേടി നിക്കാഹ് ചെയ്തുകൊടുക്കണം എന്ന വസിയ്യത്ത് ചെയ്തിരുന്നു. എന്നാൽ, നാട്ടുകാര് മുന്നോട്ടുവെക്കുന്ന ആലോചനകൾക്ക് ഫാത്തിമ ബീവി “ഇത് എന്റെ പുതിയാപ്പിള അല്ല” എന്ന ചുരുക്കം പ്രയോഗത്തോടെ എല്ലാ ആലോചനകളും നിരാകരിക്കുകയായിരുന്നു. ഈ അവസരത്തിലാണ് സയ്യിദ് അലവി തങ്ങളാണ് എന്റെ പുതിയാപ്പിള എന്ന വാചകം അവിടുന്ന് ഉരുവിടുന്നത്. ഇതേ പ്രകാരമാണ് പിന്നീട് ഫാത്തിമ ബീവിയും മമ്പുറം സയ്യിദ് അലവി തങ്ങളുമായുള്ള വിവാഹം നടക്കുന്നത്. വിവാഹശേഷം മമ്പുറത്തെ തറമ്മൽ പുര എന്ന വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഈ വീട്ടുപേരിന്റെ ശാസ്ത്രീയവശം എന്തെന്നാൽ, തരീമിൽ നിന്ന് വന്നവരായതുകൊണ്ട് ‘തരീമിലെ പുര’ എന്ന നാമകരണത്തിൽ തുടങ്ങിയ വീട്ടുപേര് കാലക്രമേണ അതിന്റെ ഉപയോഗ ചെയ്തിയിൽ ഉണ്ടായ വ്യതിചലനത്തിന്റെ ഭാഗമായിട്ടാണ് തറമ്മൽ പുര എന്ന നാമകരണത്തിലേക്ക് എത്തിപ്പെടുന്നത്.
മമ്പുറം തങ്ങൾ മലബാറിൽ പല പ്രദേശങ്ങളിലും ധാരാളം പള്ളികൾ നിർമിച്ചിട്ടുണ്ട്. സമകാലിക ലോകം അറിയേണ്ട ഒരു വലിയ സ്വാതന്ത്ര സമര പോരാളി കൂടിയാണ് സയ്യിദ് അലവി തങ്ങൾ. ഇന്ത്യയെ ഇല്ലായ്മ ചെയ്യാൻ വന്ന ബ്രിട്ടീഷ് അധിനിവേഷത്തിന്റെ സകല അധർമങ്ങൾക്കുമെതിരെ ശബ്ദമുയർത്തിയ ഒരു പോരാളിയായിരുന്നു അദ്ദേഹം. മുസ്ലിം രാഷ്ട്രങ്ങളോട് പാശ്ചാത്യർ വച്ചുപുലർത്തിയ കൊടും ക്രൂരതകളാണ് തങ്ങളെ ഒരു ബ്രിട്ടീഷ് വിരോധിയാക്കിത്തീർത്തത്. അധിനിവേശ ശക്തികൾക്കെതിരെ ശക്തവും തീവ്രവുമായ സമീപനങ്ങളാണ് അവിടുന്ന് സ്വീകരിച്ചത്. രാജ്യസ്നേഹം ഈമാനിന്റെ ഭാഗമാണെന്ന നബിവചനം അദ്ദേഹം ജീവിതത്തിൽ ഉടനീളം കൊണ്ടു നടന്നു. സ്വന്തം ജന്മനാടു പോലെ കേരളത്തെ അദ്ദേഹം പരിഗണിച്ചിരുന്നു. ബ്രിടീഷുകാർ സ്ഥാപിച്ച രാഷ്ട്രീയ-ഭരണ വ്യവസ്ഥകളോട് കടുത്ത രീതിയിൽ അദ്ദേഹം പ്രതികരിച്ചു. ബ്രിടീഷുകാർക്കെതിരെ മരണം വരെ പോരാടുവാൻ ഉണർത്തുന്ന സൈഫുൽ ബത്താർ എന്ന പേരിൽ അദ്ദേഹം ഒരു ലഘുലേഖ ഇറക്കുകകൂടി ചെയ്തു. അത്രയും വിരോധമായിരുന്നു ബ്രിട്ടീഷ് അധിനിവേഷത്തോട്.
സാമൂഹ്യ ഇടപെടലുകളിൽ എല്ലാവർക്കുമുള്ള മാതൃകയാണ് മമ്പുറത്തോർ.
ജാതി, മത, വർഗ്ഗ വ്യത്യാസമില്ലാതെ അവിടുന്ന് നടത്തിയ സാമൂഹിക സാംസ്കാരിക മുന്നേറ്റങ്ങളുടെ ഫലമാണ് ഇന്നും വിവേചന ദൃഷ്ടി കൂടാതെ മതാത്മകമായ കളിയാട്ട് പോലുള്ള സാമൂഹിക ഒത്തുചേരലുകൾക്ക് മമ്പുറം സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക പരിഷ്കർത്താവ് എന്ന ഭൗതിക ലേബലുകൾക്കുപോലും വരച്ചു തീർക്കാൻ സാധിക്കാത്ത നീതിയുടെയും ധർമ്മത്തിന്റെയും പ്രതിരൂപങ്ങളെയാണ് മമ്പുറം തങ്ങൾ ഈ കൈരളിക്ക് സമ്മാനിച്ചിട്ടുള്ളത്. ഇതിലൂടെ, ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന മാറുമറക്കൽ സമരം, ബ്രിട്ടീഷ് ആധിപത്യങ്ങൾക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പുകൾ തുടങ്ങിയ സമരങ്ങൾക്ക് പടയോട്ടം നയിക്കുകയും പറങ്കികളെയും ബ്രിട്ടീഷ് അധിനിവേശത്തെയും നാടുകടത്താൻ വേണ്ടി അഹോരാത്രം ഊർജ്ജസ്വലതയോടെ നിലകൊണ്ട ഒരു മഹാ വിപ്ലവമാണ് മഹാനായ മമ്പുറം സയ്യിദ് അലവി തങ്ങൾ. ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മായ്ച്ചു കളയാനാവാത്ത അടയാളപ്പെടുത്തലുകളാണ് അവിടുന്ന് ഓരോ മനുഷ്യരിലും ഓരോ ജീവിതങ്ങളിലും രേഖപ്പെടുത്തിയത്. ജനഹൃദയങ്ങളിൽ കനൽപദങ്ങൾ പോലെ ഇന്നും ആ ഓർമ്മകൾ ജ്വലിച്ചു നിൽക്കുന്നു.
അവിടുത്തെ പ്രധാന ശിഷ്യരിൽ പ്രമുഖരാണ് ഔകോയ മുസ്‌ലിയാരും വെളിയങ്കോട് ഉമർ ഖാളി തങ്ങളും. പോർച്ചുഗീസ് പടയുടെ ജയിൽവാസത്തിലിരിക്കെ അസംഭവ്യമായ രീതിയിൽ ആത്മീയ ഗുരുവിന് കത്ത് കൈമാറ്റം ചെയ്ത ആത്മീയ ലോകത്തെ മഹാമനീഷിയാണ് വെളിയങ്കോട് ഉമർ ഖാളി. അവിടുത്തെ ജീവിത ഓർമ്മകൾ ഇന്നും മലബാറിന്റെ മണ്ണിൽ ജീവിക്കുന്നു. ത്വരീഖത്തും തർബിയത്തും കരസ്ഥമാക്കിയ മഹാനാണ് ഔകോയ മുസ്ലിയാർ. ഔകോയ മുസ്ലിയാർ പൊന്നാനിയിൽ താമസിക്കുന്ന കാലത്ത് തന്റെ ആത്മീയ ഗുരുവിനെ കാണാൻ മമ്പുറത്ത് പോയപ്പോൾ ഔക്കോയയോട് ഭാവിയിൽ വരാനിരിക്കുന്ന പല വിഷയങ്ങളെക്കുറിച്ചും മമ്പുറം തങ്ങൾ പ്രവചിക്കുകയുണ്ടായി. തങ്ങളുടെ ദീർഘദൃഷ്ടിക്കും ആത്മീയതക്കും ഈ പ്രവചനങ്ങൾ ഉദാഹരണമാണ്. കവിത ഭാഷ്യത്തിലായിരുന്നു പ്രവചനങ്ങൾ നടത്തിയത്. അറബി ഭാഷയിൽ പാടിയ കവിതാ ശകലങ്ങൾ വരുംതലമുറക്ക് പാഠമാകാൻ പൊന്നാനി വലിയ ജുമാഅത്ത് പള്ളിയുടെ മിഹ്റാബിൽ കൊത്തിവെക്കാൻ ശിഷ്യനായ ഔകോയ മുസ്ലിയാരോട് പറഞ്ഞു. ഗുരുവിന്റെ നിർദ്ദേശപ്രകാരം പൊന്നാനി വലിയ ജുമാഅത്ത് പള്ളിയുടെ മിഹ്റാബിൽ ആ വരികൾ കൊത്തിവെക്കുകയും, ഇന്നും ആ വരികൾ മിഹ്റാബിൽ കാണാൻ സാധിക്കും. ആ വരികളിൽ പ്രതിപാദിച്ചിട്ടുള്ള പല വിഷയങ്ങളും ഈ വർത്തമാനകാലത്ത് വെളിവായി കൊണ്ടിരിക്കുന്നതും വെളിവായതുമായ കാര്യങ്ങളാണ്. സമൂഹത്തെ അത്രമേൽ മനസ്സിലാക്കുകയും സാമൂഹിക ജീവിതങ്ങളുടെ ചലനഗതികൾ ഏതു രീതിയിലാണ് സഞ്ചരിക്കുന്നത് എന്നതിന്റെ കൃത്യമായ അറിവുമാണ് ഭാവി ജീവിത രീതികളെ ഇത്ര കൃത്യമായി വരച്ചു കാട്ടാൻ സാധിച്ചത്.
മലബാറിലെ പ്രശസ്തമായ മഖ്ബറകളിൽ ഏറെ പ്രധാനപ്പെട്ട മസാറാണ് ഖുതുബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ മമ്പുറം മഖാം. ആശയറ്റുപോയ നിരാലംബരായ ജനങ്ങൾക്ക് തണൽ വിരിക്കുന്ന സാഫല്യകേന്ദ്രമാണ് ഇതുപോലുള്ള ആത്മീയ ഇടങ്ങൾ.
ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും മുന്നോട്ടുള്ള ഗമനത്തിന് ഊർജ്ജം പകരുന്ന ഒരു ആത്മീയ പിൻബലമാണ് മഹാന്മാരുമായുള്ള ബന്ധം. മഹാനവർകളുടെ കാലത്തും കാലശേഷവും അവരുടെ ആത്മീയ സഹായങ്ങൾ ലഭിച്ച ചരിത്രങ്ങൾ ഇന്നും കൗതുകത്തോടെ വിസ്മരിക്കപ്പെടുന്നു. അതിലൊരു വിസ്മയ ചരിത്രമാണ് മലബാർ ദേശത്ത് തീരമണയാൻ പ്രയാസപ്പെട്ട കപ്പൽ സഞ്ചാരികൾക്ക് ദിശ കാണിച്ചു കൊടുത്ത ലൈറ്റ് ഹൗസ് തീനാളം. 2000 വർഷങ്ങൾക്കു മുമ്പാണ് ലൈറ്റ് ഹൗസ് എന്ന ആശയം പ്രത്യക്ഷമാവുന്നത്. കടൽയാത്ര ചെയ്യുന്ന നാവികർക്ക് തീരവും തുറമുഖവും തിരിച്ചറിയാൻ ഉയർന്ന സ്ഥലങ്ങളിൽ തീ കത്തിച്ചിരുന്നതാണ് ഇതിന്റെ തുടക്കം. കാലപുരോഗമനത്തിൽ അതിന്റെ പുതുമോടികളിൽ ലൈറ്റ് ഹൗസുകൾ സജീവമായി. ലോകത്തിലെ ഏറ്റവും പ്രശസ്തവും പ്രാചീനവുമായ ലൈറ്റ് ഹൗസ് ആയിരുന്നു Lighthouse of Alexandria. ഇത് Alexandria നഗരത്തിനടുത്തുള്ള ഫാരോസ് (Pharos) ദ്വീപിലായിരുന്നു. അതുകൊണ്ടുതന്നെ പല ഭാഷകളിലും ലൈറ്റ് ഹൗസിനെ “Pharos” എന്ന പേരിൽ വിളിക്കാറുണ്ട്. ഒരിക്കൽ ഒരു സംഘ കടൽ യാത്രക്കാർ കടൽ മധ്യ പ്രയാസമനുഭവിക്കുകയും ആ അവസരത്തിൽ മമ്പുറം തങ്ങളുടെ പേരു വിളിക്കുകയും അവിടുത്തെ വസ്വീലയാക്കി (മധ്യവർത്തി) പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ അങ്ങകലെ ദൂരെ നിന്ന് ഒരു തീനാളം കാണുകയും അതിലൂടെ അവർ ദിശ തിരിച്ചറിയുകയും ചെയ്ത സംഭവം അനുഭവസ്ഥർ വിവരിക്കുന്നത് കാണാം. ഇതാണ് ലൈറ്റ് ഹൗസ് വിസ്മയ ചരിത്രം. ഏതൊരു സമയത്തും പ്രയാസമനുഭവിക്കുന്ന മനുഷ്യർക്ക് ആശ്രയവും തണലുമായി മാറുകയാണ് ആത്മീയ ലോകത്തെ പണ്ഡിത മഹത്തുക്കൾ. അങ്ങനെ ഹിജ്റ 1259
(AD -1844) ൽ മലബാറിന്റെ ആത്മീയ ജ്യോതിസ് ഇഹലോകത്തോട് വിടപറഞ്ഞു.
✍️മുഹമ്മദ് അബൂബക്കർ കവരത്തി
സയ്യിദ് മദനി കോളേജ് ഉള്ളാൾ



Post Comment