themap.katib.in

സർക്കാസം

ദൈവിക മന്ത്രങ്ങളിൽ മുഴുകിയിരിക്കുന്ന ഡാനിഷ് പള്ളി വരാന്തയിലേക്ക് കണ്ണു നട്ടപ്പോഴാണ് 6.42 അട്ടഹസിച്ചത്. ആന്റ് ലാൻഡിൽ*1 ഒരുറുമ്പു കൂട്ടത്തിന്റെ കണ്ണുകളടഞ്ഞിരിക്കുന്നു. ഇത്തിരിക്കുഞ്ഞൻ മിഴികളടയുന്നത് വിണ്ടു കീറി താണു പോയ ചുവരുകളിൽ നിന്ന് പാറ്റയും ചിതലും എത്തി നോക്കി. എലികളും കിളികളും കണ്ണുകളെറിഞ്ഞു. 6.46 മുരളുന്നതിനു മുമ്പു തന്നെ മഞ്ചാടിക്കുരുകൾ പോലെ മരവിച്ചു പോയിരുന്നു അവ. ചീവീടുകളുടെ വിഷമം വിഴുങ്ങിയ ക്രീ, ക്രീകൾ മതിലുകളിൽ ആഞ്ഞടിച്ചു. വിറളി പൂണ്ട മതിലുകൾ നിഴലുകളെ കണ്ടം വഴി ഓടിച്ചു വിട്ടു. ആന്റ് ലാന്റിനെ മൂകത തിന്നു തീർക്കുന്നുണ്ടായിരുന്നു. മൂപ്പനും മന്ത്രിയും ആദരാഞ്ജലികളുമായി ചടങ്ങു തീർത്തപ്പോൾ, ഉറ്റവരും ഉടയവരും പൊഴിച്ച അശ്രു മഴ കണ്ണീർ പുഴയായി ഒഴുകി. ഒഴുക്കിൽ പെട്ട മൃതദേഹങ്ങൾ വീണ്ടും  മരിച്ചു. മർത്യനിറക്കിയ ഉപ്പു സോഡ ടൈലിലുണ്ടായിരുന്നെന്നും, സോഡിയം ക്ലോറൈഡ് മുക്കിക്കൊന്നതാണെന്നും ഫോറൻസിക് വിധിയെഴുതി.

സുജൂദിലെത്തി നിൽക്കുന്ന മഗ്‌രിബ് നിസ്കാരത്തിന്റെ മൂർച്ഛയേറിയ ആജ്ഞ*2 കർണ്ണപുടങ്ങളെ ഒന്ന് വിറപ്പിച്ചു കളഞ്ഞു. ഇത് പൂർത്തിയാക്കിയ ശേഷം, അള്ളാഹുവിലലിഞ്ഞ് മഗ്‌രിബ് ആവർത്തിക്കണമെന്നായിരുന്നു ആജ്ഞ.

അവൻ വീണ്ടും മായാലോകത്തെ പുൽകാൻ തുടങ്ങി. ചിന്തകൾ കാടു കയറി, ആ കാട്ടിൽ തടഞ്ഞ ഒരു ഉറുമ്പു ലോകത്തെ വർണ്ണനകൾ കഥീകരിച്ചു.  വീണ്ടും ഭാവനയെ പുണർന്നു. ഭാവന കഥ തുടർന്നു.

മുത്തുവെന്ന സവർണ്ണനായ പല്ലി ഉച്ചിയിൽ നിന്ന്  ഷോക്കേറ്റു വീണത് ഉറുമ്പു കൂരക്ക് മുകളിലായിരുന്നു. പല്ലിയുടെ പ്രഹരമേറ്റാണ് ഉറുമ്പുകൾ മരിച്ചതെന്ന സത്യം മറയുടെ ആയിരം അടരുകൾക്കപ്പുറം ആരോ ഒളിപ്പിച്ചു വെച്ചിരുന്നു. ഗ്രാമത്തലവൻ കിച്ചു (നെയ്യനുറുമ്പ് വിഭാഗം), അപ്പു (ചെമ്പനുറുമ്പ് വിഭാഗം) ഒളിഞ്ഞിരുന്ന സത്യങ്ങളെ തേടിയിറങ്ങി. എവിടെ കിട്ടാൻ?! നീതിയും നിയമവുമൊക്കെ മുത്തുവിന്റെ ആളുകൾ ചാക്കിൽ പൊതിഞ്ഞു കൊണ്ട് പോയിക്കഴിഞ്ഞിരുന്നു.

നിസ്കാരത്തെ വിട്ട് പിരിയുമ്പോഴേക്കും ആന്റ് ലാന്റ് ശൂന്യത പ്രാപിച്ചു കഴിഞ്ഞിരുന്നു. താഴ്ന്നവർ നീതിയർഹിക്കാത്തവരായും ഉയർന്നവർ നിയമം കയ്യിലെടുക്കുന്നവരായും ഗണിക്കപ്പെടുന്ന വ്യവസ്ഥ ഉറുമ്പുകൾക്കിടയിലും ഞെളിഞ്ഞു നിൽക്കുന്നത് കണ്ട് അവൻ വിറങ്ങലിച്ചു നിന്നുപോയി. കാലുകൾ ആരോ ഇക്കിളിപ്പെടുത്തുമ്പോലെ ഒരു തോന്നൽ. അവൻ നിന്ന തക്കം നോക്കി ഉറുമ്പു കൂട്ടങ്ങൾ കാലിൽ വീണ് അശ്രു പൊഴിക്കുകയായിരുന്നു.അവർക്ക് വേണ്ടി സംസാരിക്കാൻ, അവർക്ക് നീതി നേടിക്കൊടുക്കാൻ. എന്താല്ലേ..! ഇത് പുതിയ ഇന്ത്യയാണെന്ന് അവകളോട് പറഞ്ഞു. കാലിൽ നിന്ന് പിന്മാറാതെ കണ്ടപ്പോൾ പറഞ്ഞത് മനസ്സിലായില്ലെന്ന് തോന്നി, കീശയിൽ നിന്ന് ഫോണെടുത്തു pm of india എന്ന് ഗൂഗിൾ ചെയ്ത് images ക്ലിക്കി കാണിച്ചു കൊടുത്തു, ഉടനെത്തന്നെ അവകൾ കാലുകളിൽ നിന്ന് ഫോണിലേക്ക് പലായനം ചെയ്ത് ആ താടിബാന്റെ മുമ്പിൽ തൊഴുതുവീണു.
ശുഭം.

*1- പള്ളി വരാന്തയിലെ ഉറുമ്പു മൂല 

*2-ദൈവികമായ തോന്നൽ