themap.katib.in

ഹദീസ് നിരൂപണശാസ്ത്രവും ഹറാൾഡ് മോട്സ്കിയുടെ രീതികളും

islamic books

ഹദീസ് വിജ്ഞാനീയത്തിൽ വിമർശനാത്മകം എങ്കിലും ആഴത്തിലുള്ള അനേകം സംഭാവനകൾ നൽകിയവരാണ് ഓറിയന്റലിസ്റ്റുകൾ. അത്തരം പഠനങ്ങളുടെ സ്വഭാവം പരിശോധിക്കുമ്പോൾ ആദ്യ കാല ചരിത്രന്വേഷണ പ്രക്രിയകൾ മൂല്യവാക്യങ്ങളെ (matn/text) കേന്ദ്രീകരിച്ചുകൊണ്ടായിരുന്നു നിലനിന്നിരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. ഇസ്‌ലാമിന്‍റെ ആദ്യ രണ്ടു നൂറ്റാണ്ടുകളിലുണ്ടായിരുന്ന രാഷ്ട്രീയ-വിഭാഗീയ ശ്രമങ്ങളെ പ്രശ്നവൽക്കരിച്ചുകൊണ്ടുള്ള ഇഗ്നാസ് ഗോൾസിയറുടെ (Ignaz Goldziher) കൃതികൾ ഇത്തരം സ്വഭാവമുള്ളതാണ്. എന്നാൽ മുസ്‌ലിം പാരമ്പര്യത്തെ(സനദ്)ചരിത്ര ഗവേഷണത്തിനുള്ള സ്രോതസ്സുകളായി ഓറിയന്റല്‍ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തുന്നത് ജോസഫ് ശാഖ്തിന്റെ (Joseph Scchat) The origins of Muhammadan Jurisprudence എന്ന കൃതിയാണ്. ശാഖ്ത് തന്റെ അന്വേഷണങ്ങൾക്കുള്ള പ്രാഥമിക സ്രോതസ്സായി നിവേദക ശൃംഖലയുടെ വിശകലനത്തെ (isnad analysis) ഉപയോഗിക്കുന്നില്ലെങ്കിലും ഇസ്‌ലാമിക നിയമ ചരിത്രത്തിലേക്കുള്ള പ്രവേശികയായി ശാഖ്തിന്റെ ഗവേഷണം അടുത്ത കാലം വരെ അവലംബിക്കപ്പെട്ടിരുന്നു. അങ്ങനെ മുസ്‌ലിം പാരമ്പര്യം ചരിത്രാവരണത്തിന്‍റെ ഭാഗമായി, പക്ഷേ അവയുടെ പ്രായോഗിക തലങ്ങൾ മധ്യകാല മുസ്‌ലിം നിരൂപകരിൽ നിന്ന് തികച്ചും വിഭിന്നമായ രീതിയിലായിരുന്നു. ഇമാം മാലികിന്‍റെ വിഖ്യാത ഗ്രന്ഥമായ മുവത്വയിലുള്ള ഇമാം സുഹരിയുമായി ബന്ധപ്പെട്ട ഭൂരിഭാഗ പരമ്പരകളും കൃത്രിമമാണെന്നും ഇമാം മാലിക്കിന് സുഹരിയുമായുള്ള ബന്ധം ചരിത്രപരമായി അസാധുവാണെന്നും തുടങ്ങി തികച്ചും അപക്വമായ അനുമാനങ്ങളിലേക്കാണ് ശാഖ്ത് എത്തിച്ചേർന്നത്.
ശാഖ്തിന്റെ രീതികളിലെ അശാസ്ത്രീയത പ്രഥമ ദൃഷ്ടിയില്‍ ഗ്രാഹ്യമല്ലാത്തതിനാല്‍ തന്നെ പലരും ശാഖ്തിനെ വിമര്‍ശനവിധേയമാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ഓറിയന്റലിസ്റ്റ്,റിവിഷനിസ്റ്റ് സമീപനങ്ങളെ മൗലികമായി ചോദ്യം ചെയ്യുകയും ഹദീസ് നെറ്റ്-വര്‍ക്കിനെ നിഷ്പക്ഷമായി വിലയിരുത്തുകയും ചെയ്യുന്നതില്‍ ശ്രദ്ധ നേടിയ ജര്‍മന്‍ ഹദീസ് പണ്ഡിതനാണ് ഹറാള്‍ഡ് മോഡ്സ്കി [Harald Motzki 1948-2019]. ഇമാം മാലിക്കിന്‍റെ മുവത്വയും, ഇമാം ശാഫിഈയുടെ ഉമ്മും തുടങ്ങി മറ്റ് ഏതാനും സ്വഹീഹ് ഗ്രന്ഥങ്ങളെയും മാത്രം ആധാരമാക്കി പൊതുസങ്കല്‍പ്പ രൂപീകരണത്തിന് [partial generalisation] മുതിരുന്ന ശാഖ്തിലെ അസാംഗത്യത്തെ മോഡ്സ്കി തുറന്നുകാട്ടുന്നുണ്ട്. ഇമാം ഇബ്നു ശിഹാബു സ്സുഹ്‌രിയുടെ നിയമ പ്രമാണങ്ങളെ അടുത്തറിയാൻ മുൻകാല സ്രോതസ്സുകളിൽ പെട്ട കൃതികളെ കൂടി അവലംബമാക്കേണ്ടതുണ്ടെന്ന് മോഡ്സ്കി നിരീക്ഷിക്കുന്നു. മഅ്മർ ബ്നു റാഷിദ്, ഇബ്നു ജുറൈജ് തുടങ്ങിയവരിലെ സുഹ്‌രിയൻ പാരമ്പര്യത്തെ പ്രതിപാദിക്കുന്ന മുൻകാല കൃതിയായ മുസന്നഫ് അബ്ദു റസ്സാഖിനെ ആധാരമാക്കി ഹദീസ് നെറ്റ് വർക്കിനെ ഒരു വിശദ വിശകലനത്തിന് (large scale analysis) വിധേയമാക്കുകയാണ് മോഡ്സ്കി.

Home » Archive » ഹദീസ് നിരൂപണശാസ്ത്രവും ഹറാൾഡ് മോട്സ്കിയുടെ രീതികളും