പ്രപഞ്ചം നമ്മുടെ ചിന്താമണ്ഡലങ്ങൾക്കും അതീതമായ പ്രതിഭാസങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് .ഓരോ പ്രതിഭാസത്തിന്റെയും ഉള്ളറിയാൻ ശ്രമിക്കുമ്പോൾ തന്നെ അതിനകത്തു നിന്നും ചുരുളഴിയാത്ത അനവധി പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെട്ടേക്കും . നമ്മുടെ പ്രപഞ്ചം അത്രമേൽ സങ്കീർണമാണ് .
13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു മഹാ വിസ്ഫോടത്തോടുകൂടിയാണ് പ്രപഞ്ചം ഉൽഭവിച്ചത് എന്ന് നമുക്കറിയാം. ഈ പ്രപഞ്ചം യാദൃച്ഛികമായി ഇവിടെ ഉണ്ടായതാണോ ? അല്ലാത്തപക്ഷം അതിനു പിന്നിൽ വല്ല അദൃശ്യ ശക്തികളുടെയും കരങ്ങളുണ്ടോ ? രണ്ടും ചർച്ചകൾക്ക് പ്രസക്തമാത്രമായ ചോദ്യങ്ങളാണ്. നിലവിൽ പ്രപഞ്ചോല്പത്തിയെ കുറിച്ച് ഏറ്റവും ആധികാരികമായ സിദ്ധാന്തമാണല്ലോ മഹാവിസ്ഫോടന സിദ്ധാന്തം.തെളിവുകളുടെ അടിസ്ഥാനത്തിൽ ശാസ്ത്രലോകത്ത് ഏറ്റവും കൂടുതൽ അംഗീകാരം നേടിയ സിദ്ധാന്തമായി ഇത് കണക്കാക്കപ്പെടുന്നു. സിദ്ധാന്തത്തിന്റെ മൗലികമായ നാലു കാര്യങ്ങളുടെ സംക്ഷിപ്ത രൂപമായിരുന്ന സിംഗുലാറിറ്റി (cosmic egg) യിൽ നിന്നാണ് ഈ തിയറിയുടെ തുടക്കം. ഇവിടെ ആദ്യമായി ഉണ്ടായ പഥാർഥവും പ്രപഞ്ചം ഉടലെടുത്തതും കോസ്മിക് എഗ്ഗിൽ നിന്നാണ് എന്ന് മഹാവിസ്ഫോടനസിദ്ധാന്തം നിർവചിക്കുന്നു . ഈ വിശദീകരണം ചില മറുചോദ്യങ്ങൾക്കും വഴിമരുന്നിടുന്നുണ്ട് . മഹാവിസ്ഫോടനത്തിന് മുമ്പുള്ള അവസ്ഥ എന്താണെന്നും മഹാവിസ്ഫോടനത്തിന് മുമ്പ് ഈ പദാർത്ഥങ്ങളെല്ലാം ഒരു ഊർജ രൂപത്തിലായിരുന്നെങ്കിൽ ആ ഊർജം എങ്ങനെ രൂപപ്പെട്ടു എന്നിത്യാദി ചോദ്യങ്ങൾ ഉദ്ദാഹരണം. നിർമിക്കാനും നശിപ്പിക്കാനും കഴിയുന്ന ഒന്നല്ല ഊർജമെന്നും അത് കൊണ്ട് യാദൃച്ഛികമായി അതുണ്ടാവുക എന്നത് അസംഭവ്യമാണെന്നും ഇവിടെ മനസ്സിലാക്കണം . ഒന്നും ഇല്ലായ്മയിൽ നിന്നും ഒരു പ്രപഞ്ചം എന്ന വാദം ആദ്യമായി ഉന്നയിച്ചത് അമേരിക്കൻ ശാസ്ത്രജ്ഞനായ ലോറൻസ് എം ക്രോസ്സ് ആണ്. എന്നാൽ അദ്ദേഹം തന്റെ “എ യൂണിവേഴ്സ് ഫ്രം നത്തിങ്” എന്ന പുസ്തകത്തിൽ “ഒന്നുമില്ലായ്മ” എന്നതിന് ഉപയോഗിച്ചത് അനൗചിത്യം നിറഞ്ഞ നിർവചനമാണ് എന്നതാണ് കൗതുകകരം . ഒന്നുമില്ലായ്മയിൽ നിന്നും ചിലത് (something) ഉണ്ടാവും, ചിലത് ഉണ്ടാവില്ല എന്നത് ശാസ്ത്രീയമായി അംഗീകാരമുള്ളതല്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്. ഇപ്രകാരമാണ് Quantum Fluctuations വഴി സിംഗുലറ്റിറ്റി ഉണ്ടായേക്കാം എന്ന് അദ്ദേഹം വാദിച്ചത്. എന്നാൽ Quantum fluctuation ഉണ്ടാവണമെങ്കിൽ അതിനു കാതലായ ഒരു ക്വാണ്ടം സ്റ്റേറ്റ് അവിടെ നിലനിൽക്കേണ്ടതല്ലേ ? അപ്പോൾ അതിനെ നത്തിങ് എന്ന് എങ്ങനെയാണ് പ്രയോഗിക്കുക? തുടങ്ങിയ ചോദ്യങ്ങൾക്ക് മുമ്പിൽ ക്രോസിന്റെ ഈ പുസ്തകം വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കും തന്തുവായിത്തീർന്നിട്ടുണ്ട് .അങ്ങനെ ഉയർന്നുവന്ന എതിർവാദങ്ങളിലൂടെ പലരും അദ്ദേഹത്തിന്റെ ആശയത്തെ ഖണ്ഡിക്കത്തക്കവിധത്തിലായിരുന്നു എന്നും കാണാം .
ഇനി ഏതൊരു വസ്തുവും ഉണ്ടാകണമെങ്കിൽ അതിനൊരു കാരണം വേണം (Causality). എല്ലാ പ്രതിഭാസങ്ങളും അങ്ങനെ തന്നെ. ഇപ്പോൾ നിലനിൽപ്പുള്ള പദാർത്ഥങ്ങളുടെ കാര്യകാരണം അനന്തമായിരിക്കില്ല .മാത്രമല്ല ഏതൊരു വസ്തുവിന്റെയും കാര്യകാരണം ആ വസ്തു തന്നെ ആവുകയുമില്ല. അതായത് ഭൂമി ഉണ്ടാകാൻ കാരണം ഭൂമി തന്നെ ആവുകയില്ല. ഉദാഹരണത്തിന് ഒരു മരത്തിൽ നിന്നും ഒരു ആപ്പിൾ ഭൂമിയിൽ പതിക്കുന്നു .ഇതിനു കാരണം ഭൂമിയുടെ ഗുരുത്വാകർഷണമാണ് . അതുണ്ടാവാനുള്ള കാരണം ഭൂമിയുടെ ഉണ്മയാണ് .ഭൂമിയുണ്ടാകാൻ കാരണം സൗരയൂഥത്തിന്റെ ഉണ്മയാണ് . അപ്രകാരം സൗരയുഥം ഉണ്ടാകാൻ കാരണം മഹാവിസ്ഫോടനത്തിന്റെ ഉണ്മയാണ് . എങ്കിൽ മഹാവിസ്ഫോടനം ഉണ്ടാവാനുള്ള കാരണം എന്താണ് ? മഹാവിസ്ഫോടനത്തിന് മുമ്പ് ഒന്നിനും ഉണ്മയില്ല എന്നാണ് ശാസ്ത്രവാദം.എല്ലാ പ്രതിഭാസങ്ങളും അറ്റമാവുന്നത് മഹാവിസ്ഫോടനത്തിൽ ചെന്നാണ്. ഐൻസ്റ്റീനിന്റെ പൊതു ആപേക്ഷിക സിദ്ധാന്തപ്രകാരം സമയം ,വ്യാപ്തി,പദാർത്ഥം ഇവ രൂപപ്പെടുന്നത് മഹാവിസ്ഫോടനം നടന്നതു മുതലാണ്. പ്രപഞ്ചത്തിൽ എല്ലായിടത്തും സമയസ്ഥാനം കാണാൻ പറ്റും.നമ്മൾ ശൂന്യതയാണ് എന്ന് കരുതുന്നയിടത്തും യഥാർത്ഥത്തിൽ അവിടെ ശൂന്യത ഇല്ല, മറിച്ച് അവിടെ ഒരു സമയസ്ഥാനം ഉണ്ട് . ഒരു പക്ഷെ ക്രോസ് “നത്തിങ്” കൊണ്ട് ഉദ്ദേശിച്ചത് ഇതായിരിക്കണം .പക്ഷെ ഇത് മഹാവിസ്ഫോടനത്തിന് മുമ്പ് പ്രായോഗികമല്ല . എന്തെന്നാൽ മഹാവിസ്ഫോടനത്തിന്ന് മുമ്പ് സമയ സ്ഥാനം സ്വഭാവികമായും ഉണ്ടാവില്ല . ഏതൊരു വസ്തുവിനും അനന്തമല്ലാത്ത,അപൂർണ്ണമായ ഒരു കാര്യ കാരണങ്ങളുടെ ശൃംഖല അനിവാര്യമാണ് എന്നതിനാലും അല്ലാത്തപക്ഷം ആ വസ്തു നിലനിൽക്കില്ല എന്നതിനാലും ഇത് മഹാവിസ്ഫോടനത്തിന് മുമ്പ് കാര്യകാരണം ഇല്ല എന്നതിന്റെ തെളിവ് ആവുകയില്ല . ഇത് ഇവിടെ നിലവിലുള്ള പ്രപഞ്ചത്തിനും ബാധകമാണ്.
പ്രപഞ്ചം ഉണ്ടാവാൻ കാരണമായ മഹാവിസ്ഫോടനത്തിനും ഇത്തരത്തിൽ ഒരു കാര്യ കാരണത്തിന്റെ ശൃംഖല വേണം.ഇല്ലെങ്കിൽ ഈ പ്രപഞ്ചം നിലനിൽക്കില്ലായിരുന്നു.അത് കൊണ്ട് പ്രപഞ്ചത്തിന് മുമ്പ് കാര്യകാരണം ഇല്ല എന്നത് യുക്തിരഹിതമായ പരാമർശമാണ്.അതിനാൽ ഇന്ന് നിലവിലുള്ള ഈ പ്രപഞ്ചത്തിനും പൂർണമായ ഒരു കാര്യ കാരണങ്ങളുടെ ശൃംഖല ആവശ്യമായി വരുന്നുണ്ട് . ഈ ശൃംഖലക്ക് അറ്റമുള്ളത് കൊണ്ട് തുടക്കവും ഉണ്ടാവണം.അതിനാൽ മഹാവിസ്ഫോടനം വിരൾ ചൂണ്ടുന്നത് അതിനപ്പുറമുള്ള വലിയൊരു അദൃശ്യശക്തിയിലേക്കാണ്.
മഹാവിസ്ഫോടനസിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി പ്രപഞ്ചത്തിന് പിന്നിൽ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമില്ല എന്ന് വാദിക്കുന്നവരുണ്ട് . പ്രസ്തുതവാദത്തിന്റെ അനൗചിത്യം മനസ്സിലാക്കാൻ മഹാവിസ്ഫോടനത്തിന്റെ ഘടന നോക്കിയാൽ തന്നെ മതിയാവും .വളരെ സങ്കീർണ്ണവും, കൃത്യവുമായിട്ടുള്ള നീക്കങ്ങളാണ് മഹാവിസ്ഫോടന സമയത്ത് നടന്നത്. ഒരു ഉദ്ദാഹരണത്തിലൂടെ വിശദീകരിക്കാം : ഒരു വലിയ പലചരക്ക് കടയിൽ വൻസ്ഫോടനം നടന്നു. അതിനുശേഷവും എല്ലാ സാധനങ്ങളും ഒരു കുഴപ്പവും ഇല്ലാതെ അതിന്റെതായ സ്ഥാനത്ത് നിലയുറപ്പിച്ചിട്ടുണ്ടെങ്കിൽ സ്ഫോടനത്തിന് പിന്നിൽ ഒരു ആസൂത്രണമുണ്ട് എന്ന് നാം പറയും . അല്ലെങ്കിൽ ഇത്ര കൃത്യമായി അത് സംഭവിക്കുകയില്ലല്ലോ .ഇത് പോലെ ശതകോടി ചരക്കുകടകളിൽ ഒരേ സമയം ഇപ്രകാരം സ്ഫോടനം നടന്നാലോ ? ഇതിനു പിന്നിൽ കൃത്യമായ ഒരു പ്ലാനിങ് ഉണ്ടെന്നും ഇല്ലെങ്കിൽ ഒന്നെങ്കിലും അനിയന്ത്രിതമാവുമായിരുന്നു എന്നതിലും ഒരു സംശയവുമുണ്ടാവില്ല . എന്നാൽ ഇതിനെക്കാളും സങ്കീർണമായ സ്ഫോടനമാണ് പ്രപഞ്ചത്തിന്റെ ആദ്യഘട്ടത്തിൽ നടന്നതെങ്കിൽ ,അനിയന്ത്രിതമായ ആ സ്ഫോടനത്തെ കുറിച്ചും ഊഹിക്കാൻ പോലും നമുക്ക് പറ്റുകയില്ല.ഒരു നിയന്ത്രണം ഇതിനു പിന്നിലുണ്ട് എന്ന് നമുക്ക് തീർത്തു പറയാനും സാധിക്കും .
ദൈവാസ്ഥിത്വത്തിന്റെ തെളിവുകൾ ഇവിടം കൊണ്ട് തീരുന്നില്ല . പ്രപഞ്ചം ഉത്ഭവിച്ചത് മുതൽ അതിവേഗം ചലിച്ച് കൊണ്ടിരിക്കുകയാണ്.കോടിക്കണക്കിന് ഗ്രഹങ്ങളും ,നക്ഷത്രങ്ങളും ,ഗ്യാലക്സികളും എല്ലാം തന്നെ അതിവേഗം ചലിച്ച് കൊണ്ടിരിക്കുന്നു.അനിയന്ത്രിതമായ ഈ ചലനത്തെക്കുറിച്ച് ഊഹിക്കാമോ ? ഒരു വലിയ നഗരം ,വളരെ തിരക്ക് പിടിച്ച റോഡുകളിൽ വാഹനങ്ങൾ കുതിച്ച് പായുന്നു.പെട്ടെന്ന് ഒരു നിമിഷം എല്ലാ വാഹനങ്ങളുടെയും നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന് കരുതുക . എന്ത് സംഭവിക്കും ? അവിടെ നടന്നേക്കാവുന്നത് നമ്മുടെ സങ്കല്പത്തിനും അപ്പുറമാണ് . എല്ലാം ഒരു പക്ഷേ, ചുരുങ്ങിയ നിമിഷങ്ങൾക്കുള്ളിൽ കത്തിയമർന്നേക്കാം . എന്നാൽ ഇതിനേക്കാൾ കോടിക്കണക്കിന് മടങ്ങ് തീവ്രമായിരിക്കും പ്രപഞ്ചത്തിൽ സ്ഫോടനം നടന്നാൽ സംഭവിക്കുന്നത്.13.8 ബില്യൺ വർഷം കഴിഞ്ഞിട്ടും എന്ത് കൊണ്ടാണ് ഇതുവരെയായിട്ടും ഇത്തരത്തിൽ ഒരു കൂട്ടിമുട്ടൽ പോലും വീണ്ടും നടക്കാത്തത് ?
ഗ്രഹങ്ങളെയും, ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ വേണ്ടി നാം കൃത്രിമ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാറുണ്ട് . അതിന് പിന്നിലെ അധ്വാനം വളരെ വലുതാണെന്ന് ഊഹിക്കാവുന്നതേയുള്ളു .നൂറു കണക്കിന് ശാസ്ത്രജ്ഞന്മാർ , ആയിരക്കണക്കിന് പ്രോഗ്രാമുകൾ ,ലക്ഷക്കണക്കിന് കമ്പ്യൂട്ടർ നെറ്റ് വർക്കുകൾ , കോടിക്കണക്കിന് രൂപ വില മതിക്കുന്ന ഉപകരണങ്ങൾ ,ഇവയുടെയൊക്കെ സംഘടിതമായ പ്രവർത്തനം കൊണ്ടാണ് ഉപഗ്രഹ വിക്ഷേപണം യാഥാർഥ്യമാകുന്നത്.ഇതിൽ നിന്നും ഏതെങ്കിലും ഒന്നിന്റെ പ്രവർത്തനം മാറിപ്പോയാൽ പോലും ആ പേടകം ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുകയില്ല . ഒരുപക്ഷേ, അത് കത്തിയമരും . മനുഷ്യൻ ഇന്നേവരെ വിക്ഷേപിച്ചതിൽ അധികം പേടകങ്ങൾക്കും ഈ വിധിയാണുള്ളത് . എന്നാൽ ഒരു കൃത്രിമ ഉപഗ്രഹം തനിയെ ഉണ്ടായി ഒരു നിയന്ത്രണവും ഇല്ലാതെ ഒരു ഗ്രഹത്തെ തുടർച്ചയായി വലയം വെച്ച് കൊണ്ടിരിക്കുന്നു…….! ബുദ്ധിയുള്ള ഒരാൾക്ക് ഇത് എങ്ങനെയാണ് ഗ്രഹിക്കാൻ സാധിക്കുക ? .എന്നാൽ നമ്മുടെ സൗരയൂഥത്തിൽ തന്നെ 8 ഗ്രഹങ്ങളും 171 പ്രധാന ഉപഗ്രഹങ്ങളും ലക്ഷക്കണക്കിന് ഛിന്നഗ്രഹങ്ങളും സ്ഥിരമായി സൂര്യനെ വലയം വെച്ച് കൊണ്ടിരിക്കുന്നു……!
നമ്മുടെ സൗരയൂഥം ക്ഷീരപഥത്തിലെ ഒരു കേന്ദ്രം മാത്രമാണ് .ഇത്തരത്തിൽ ക്ഷീര പഥത്തിന് സമാനമായി കോടിക്കണക്കിന് ഗാലക്സികളുണ്ട്.അനിയന്ത്രിതമായ ഇതിന്റെ കറക്കം ഒരു നിമിഷത്തേക്ക് നിലച്ചുപോയാലോ,ഒന്ന് ചിന്തിച്ചു നോക്കൂ ? ഈ വസ്തുതകളെല്ലാം നമ്മെ നയിക്കുന്നത് ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവുണ്ടെന്നും അവന്റെ കരങ്ങളിലാണ് ഇതിന്റെയെല്ലാം നിയന്ത്രണമുള്ളത് എന്ന നിഗമനത്തിലേക്കാണ് .
യഥാർതത്തിൽ , ഇക്കാര്യം മനസ്സിലാക്കാൻ ശാസ്ത്രീയ തെളിവുകളൊന്നും ആവശ്യമാവുന്നില്ല . വിവേകബുദ്ധിയോടെ ചിന്തിച്ചാൽ തന്നെ മനസ്സിലാവും .അത് ഉൾകൊള്ളാൻ വേണ്ടി നാം തയ്യാറാവുകയാണ് ആദ്യം ചെയ്യേണ്ടത്.
എന്നാൽ ഇതെല്ലാം സൃഷ്ടിച്ച സ്രഷ്ടാവിനെ ആര് സൃഷ്ടിക്കും എന്ന് ചോദിച്ച് ചിലർ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട് . ഇല്ലായ്മയിൽ നിന്നാണ് പ്രപഞ്ചം രൂപപ്പെട്ടത് എന്ന യുക്തി രഹിതമായ പ്രസ്താവനയിലേക്ക് എത്തിച്ചേരുക എന്നതാണ് ഈ ചോദ്യത്തിന്റെ മനശാസ്ത്രം . അതിനായി ശാസ്ത്രീയസിദ്ധാന്തങ്ങൾ ഉന്നയിച്ച് കേൾവിക്കാരനെ സങ്കീർണതയിലാക്കുകയും ചെയ്യും . എന്നാൽ ശാസ്ത്രം വിഭാവനം ചെയ്യുന്ന എല്ലാ തലങ്ങൾക്കും അതീതമാണ് സ്രഷ്ടാവ് എന്ന് മനസ്സിലാക്കി ശാസ്ത്രീയമായി തെളിയിച്ചാൽ മാത്രമെ വിശ്വസിക്കുകയുള്ളു എന്ന പിടിവാശിയാണ് ആദ്യം ഉപേക്ഷിക്കേണ്ടത് .
വസ്തുവിന്റെ തെളിവിന്റെ അഭാവം,ആ വസ്തു ഇല്ല എന്നതിലേക്കുള്ള തെളിവാകുകയില്ല എന്നതിനാൽ ശാസ്ത്രീയമായി തെളിവ് ഇല്ല എന്നത് കൊണ്ട് ദൈവം ഇല്ല എന്ന് തീരുമാനിക്കാനാവില്ല . ശാസ്ത്രം ദൈവാസ്തിത്വത്തിലേക്കുള്ള ഒരു കുറുക്കു വഴിയാണ് എന്ന് ചിന്തിക്കുന്നതിനു പകരം,ശാസ്ത്രത്തിന്റെ പരിമിതികളെ കുറിച്ചും,സ്രഷ്ടാവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ചും നാം ചിന്തിക്കുക.
സമയം,വ്യാപ്തി,പദാർത്ഥം ഇവ സൃഷ്ടിച്ച സ്രഷ്ടാവ് അവക്കൊക്കെ അതീതമാണ്. പ്രപഞ്ചത്തിന്റെ കേവലം 5 % മാത്രമാണ് ദൃശ്യ പ്രപഞ്ചം.ഈ ദൃശ്യ പ്രപഞ്ചത്തിന്റെ തന്നെ വളരെ ചെറിയ ഭാഗം മാത്രമേ ശാസ്ത്രത്തിന് പഠിക്കാൻ സാധിച്ചിട്ടുള്ളൂ. അതായത് മനുഷ്യർക്ക് സ്രഷ്ടാവിന്റെ സൃഷ്ടിയായ പ്രപഞ്ചത്തെ കുറിച്ചുള്ള ബാലപാഠം പോലും ഇല്ല എന്ന് ചുരുക്കം.ഈ ഒരു പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് ഈ പ്രപഞ്ചം സൃഷ്ടിച്ച സ്രഷ്ടാവിനെ ആരാണ് സൃഷ്ടിച്ചത് എന്ന ചോദ്യം ഉന്നയിക്കുന്നത് എത്ര നിരർത്ഥകമാണ് ?
പ്രകാശവും ഇരുട്ടും യാഥാർഥ്യങ്ങളാണ് . എന്നാൽ പ്രകാശജ്വാലക്കു മുന്നിൽ ചെന്ന് കണ്ണ് പൂട്ടി ഇവിടെ മൊത്തം ഇരുട്ടാണ് എന്ന് പ്രഖ്യാപിച്ചാലും കണ്ണ് പൂട്ടിയവർ അതേറ്റു പറഞ്ഞാലും കണ്ണ് തുറന്നിരിക്കുന്നവർക്ക് അത് ഉൾകൊള്ളാൻ പ്രയാസമാണ് എന്ന് ചുരുക്കം .
3 comments