themap.katib.in

അനുഭവങ്ങളുടെ പഞ്ചാബ്‌ യാത്ര

പരിമിതമായ യാത്രകൾ മാത്രമാണ് ജീവിതത്തിൽ ഞാന്‍ നടത്തിയിട്ടുള്ളത്. അതിൽ ഏറെ ഹൃദ്യമായ ഒന്നായിരുന്നു പഞ്ചാബിലേക്കുള്ള പ്രയാണം. അർദ്ധരാത്രിയിലേക്ക് നേരം ചായുന്നതിനു മുമ്പുള്ള ഒരു മുഹൂർത്തത്തിലാണ് ആ വലിയ സൗഭാഗ്യം ഞങ്ങളെ തേടിയെത്തിയത്. പഞ്ചാബ് എന്ന ദേശവും അവിടുത്തെ കാഴ്ചകളും ഗോൾഡൻ ടെമ്പിളിനും വാഗാ ബോർഡറിനും ജാലിയൻവാലാബാഗിനും ഉള്ളിൽ പരിമിതമല്ലെന്ന് ബോധ്യപ്പെട്ട ഒരു യാത്ര. കണ്ണെത്താ ദൂരത്തോളം വിശാലമായ അനേകം ചിത്രങ്ങൾ തന്ന ഒരു നാട്.

രണ്ടാം സഹസ്രാബ്ദത്തിന്റെ പരിഷ്കർത്താവ് അൽ ഇമാം റബ്ബാനി എന്ന മഹാനവർകളുടെ മഖാം സ്ഥിതി ചെയ്യുന്ന സർഹിന്ദ് ആയിരുന്നു ലക്ഷ്യസ്ഥാനം. സർഹിന്ദിൽ അപരിചിതരായ ഞങ്ങളെ സ്വീകരിക്കാൻ ഓട്ടോ ഡ്രൈവർ എത്തിയതിനാൽ യാത്ര ഏറെ എളുപ്പമായി. ഞങ്ങൾ യാത്രാസംഘം 16 പേരിൽ ചുരുങ്ങിയതിനാൽ ‘ഒരുമയുണ്ടെങ്കിൽ ഒലക്ക മേലും കിടക്കാം’ എന്ന ചൊല്ലിന്റെ പവിത്രതയെ മാനിച്ച് സംഘം, അവരെക്കാൾ ഭാരമുള്ള ലഗേജും കൂടെ ചേർത്ത് ഓട്ടോ ടാക്സിയിൽ യാത്ര ആരംഭിച്ചു. വലിയ ആളും ബഹളവും ഇല്ലാത്ത നഗരമാണ് സർഹിന്ദ്. ഇരുവശങ്ങളും കച്ചവടക്കാർ നിറഞ്ഞ് സമൃദ്ധമായ ഇടം. തദ്ദേശീയർ സ്വന്തം വിയർപ്പ് കൊണ്ട് പറമ്പിൽ വിളയിച്ച പഴങ്ങളും പച്ചക്കറികളും ധാരാളം കാണാനിടയായി.

സിഖുകാർ ഭൂരിപക്ഷമുള്ള ദേശം. എങ്ങു നോക്കിയാലും തലപ്പാവും ധരിച്ച് താടിയും മുടിയും നല്ല രീതിയിൽ അടക്കിവെച്ച് തങ്ങളുടെ മത നിയമങ്ങളോട് എതിരാവാതിരിക്കുന്നതിൽ അവർക്ക് വലിയ സൂക്ഷ്മതയാണ്. ഗോൾഡൻ ടെമ്പിൾ സന്ദർശിച്ചപ്പോഴാണ് അതിൻറെ തീവ്രത കൂടുതൽ മനസ്സിലാക്കാൻ സാധിച്ചത്. വഴിയോരങ്ങളിൽ ഉയർന്നു നിൽക്കുന്ന വെള്ള മിനാരങ്ങൾ പലരെയും അവ തങ്ങളെ മുസ്ലിം പള്ളികളായി ധരിപ്പിച്ചിരുന്നു. യഥാർത്ഥത്തിൽ, അവ സിഖുകാരുടെ ഗുരുദ്വാരകളാണ്. ഒറ്റനോട്ടത്തിൽ പള്ളിയാണെന്ന് ആരും തെറ്റുദ്ധരിച്ചു പോകും. പട്ടണത്തിന്റെ ഒത്ത നടുവിലാണ് ഇമാം റബാനി(റ) തങ്ങളുടെ മഖ്ബറ സ്ഥിതി ചെയ്യുന്നത്. പ്രധാന നഗരത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ച ശേഷം, ഇരുവശങ്ങളും പച്ചവിരിച്ച ഗോതമ്പ് പാടങ്ങളുടെയും തോട്ടങ്ങളുടെയും അകമ്പടിയോടെ പഞ്ചാബിലെ സർഹിന്ദിൽ സ്ഥിതിചെയ്യുന്ന ഇമാം റബ്ബാനി ക്യാമ്പസിന്റെ ഹൃദയ ഭാഗത്ത്‌ വാഹനം എത്തിച്ചേര്‍ന്നു. ഐറിസിന്റെയും, മറ്റു പല സന്നദ്ധ സംഘടനകളുടെയും, വിയർപ്പുരുക്കുന്ന ഒരുപറ്റം നന്മമരങ്ങളുടെയും പരിശ്രമ ഫലങ്ങളിൽ ഒന്ന് മാത്രമാണ് ഈ സ്ഥാപനം. ഇമാം റബ്ബാനി (റ) യുടെ പിതാവിൻറെ മഖ്ബറ ഉള്ളത് അവിടെ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ ചുറ്റളവിലാണ്. മാതാവിൻറെത് അവിടെ നിന്ന് കുറച്ചു കൂടി അകലെയായി സ്ഥിതി ചെയ്യുന്നു. തുടർന്ന് ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ നിരവധി അമ്പിയാക്കളുടെ മഖ്ബറയുള്ള ഇടത്തേക്കും നമുക്ക് എത്തിച്ചേരാൻ കഴിയും.

പഞ്ചാബിൽ ഏറെ അത്ഭുതപ്പെടുത്തിയ മറ്റൊന്ന്, തദ്ദേശീയരുടെ കൂടാരങ്ങളുടെയും കടകളുടെയും സൃഷ്ടിപ്പാണ്. മണ്ണിൽ നിന്ന് ചുട്ടെടുത്ത വരിവരിയായി അടക്കിവെച്ച   ഇഷ്ടികകൾ കൊണ്ടാണ് അവകൾ നിർമ്മിച്ചത്. ആകാംക്ഷയുടെ ചോദ്യത്തിന് ലഭിച്ച മറുപടി അവിടെ മഴ പൊതുവെ കുറവാണ് എന്നതാണ്. പഞ്ചാബിൽ രണ്ടു ഘട്ടമാണുള്ളത്, ഒന്ന് ചൂടുകാലം മറ്റൊന്ന് തണുപ്പുകാലം. മഴ നന്നേ കുറവ്.

വയലുകളാൽ ചുറ്റപ്പെട്ട സ്പോട്ട് ആയതിനാൽ തന്നെ ഒരു കട കാണണമെങ്കിൽ ചുരുങ്ങിയത് രണ്ട് കിലോമീറ്റർ സഞ്ചരിക്കണം. പരിപ്പും കടലയും ചപ്പാത്തിയുമാണ് മുഖ്യ ആഹാരം. ഭക്ഷണങ്ങളെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോഴാണ് അറിയാൻ കഴിഞ്ഞത്, നാട്ടിലെ വെറും ചോറും സാമ്പാറുമാണ് പഞ്ചാബിലെ അതിഥി സൽക്കാരങ്ങളിൽ വിളമ്പാറുള്ളത് എന്നത്. വലിയ കൗതുകം തോന്നി. തുടർന്ന്, ഞങ്ങൾ ആ നഗരത്തിൽ നിന്ന് മറ്റൊരു കാണാലോകത്തേക്ക് യാത്ര ആരംഭിച്ചു.

വിഭജനത്തിന്റെ മുറിവുകൾ

വെറും 1.93% മാത്രമാണ് പഞ്ചാബിലെ മുസ്ലിം ജനസാന്ദ്രത. എന്നാൽ വിഭജനത്തിനു മുമ്പ് 19% ഉണ്ടായിരുന്നു. വിഭജന സമയത്ത് താൻ പിറന്ന മണ്ണ്, താൻ വിരിയിച്ച പൊൻ പാടങ്ങൾ ഉപേക്ഷിച്ചു പോകാൻ കഴിയാത്തവർക്ക് നല്ലവരായ സിഖ് സഹോദങ്ങൾ നൽകിയ അഭയത്തിൻ്റെ ശേഷിപ്പാണ് ഈ 1.93%. വിഭജനത്തിൻ്റെ മുറിവുണങ്ങാത്ത , ഇപ്പോഴും അതിൻ്റെ ദയനീയതകളെ കാണിച്ചു തരുന്ന ഒര പാട് ചിത്രങ്ങൾ കാണാൻ കഴിഞ്ഞു. ഇന്ന് പഞ്ചാബിലെ പല മുസ്ലിം പള്ളികളും മറ്റു മഖ്ബറകളും സംരക്ഷിക്കുന്നത് സിഖുകാരാണ്. ഒറ്റപ്പെട്ട വീടുകളും,ചുറ്റും വിശാലമായ പാടങ്ങൾ. ഇതിനു കാരണം വിഭജന ശേഷം വന്നവർ ഉപേക്ഷിച്ചു പോയവ വെട്ടിപ്പിടിച്ചതാണ് എന്ന് അറിയാൻ കഴിഞ്ഞു. ഇങ്ങനെ തുടങ്ങി വിഭജനത്തിൻ്റെ ഉണങ്ങാത്ത മുറിപാടങ്ങളിലൂടെ ഞങ്ങൾ സഞ്ചരിച്ചു.

പഞ്ചാബിന്റെ ഹൃദയങ്ങളിലേക്ക്

പഞ്ചാബിലെ ഗാഹുകളിലേക്കുള്ള നീക്കം മറക്കാൻ കഴിയാത്ത അനുഭവമായിരുന്നു. യഥാർത്ഥത്തിൽ, പഞ്ചാബിനെ അറിഞ്ഞു തുടങ്ങിയത് അവിടം മുതലാണെന്നു പറയാം. കാരണം, നഗരപ്രദേശങ്ങളിൽ നിന്ന് ഏറെ സഞ്ചരിക്കാനുണ്ട് പഞ്ചാബിലെ ഗാഹുകളിലേക്ക്. ഡാറിട്ട റോഡുകളും പോസ്റ്റും അവസാനിക്കുന്നത് എവിടെ നിന്നാണോ അവിടം മുതൽ ഉത്തരേന്ത്യൻ ഗ്രാമങ്ങൾ ആരംഭിക്കുന്നു എന്നവാക്യം സത്യമാണ്.

ഒരു സയാഹന സമയത്തായിരുന്നു ഞങ്ങൾ ഭദേശ എന്ന ഗാഹിൽ എത്തിച്ചേർന്നത്. ഗ്രാമം എത്തുന്നതിന്റെ രണ്ട് കിലോമീറ്റർ മുന്നേ ടാറിട്ട റോഡ് അവസാനിച്ചു. ഗ്രാമത്തിന്റെ മധ്യത്തിലൂടെ ഹിമാചലിൽ നിന്ന് ഒഴുകി വരുന്ന തണുത്ത വെള്ളമുള്ള അരുവിയും ഇരുവശത്തെ സഫര്‍ജല്‍ തോട്ടവും ഒരു ഭാഗത്തെ പച്ചപരവതാനി വിരിച്ച പാഠങ്ങളും ഗ്രാമത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ഇരുപതോളം വരുന്ന കുടുംബങ്ങളാണ് അവിടെ താമസിക്കുന്നത്. എങ്ങും പച്ചവിരിച്ച ഗോതമ്പ് പാഠങ്ങളും മറ്റു തോട്ടളും കൊണ്ട് സമ്പന്നം. അതിന്റെ ഒത്ത നടുവിലായി ഐറിസ് ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹിഫ്ളുൽ ഖുർആൻ സ്ഥാപനവും ഒരു പള്ളിയും ഗ്രാമത്തിൻ്റെ ആത്മീയ ദിശാബോധത്തിൽ വലിയ പങ്ക് വഹിക്കുന്നു.

ബദേശയിൽ ഞങ്ങൾ വന്നു ചേർന്നതു മുതൽ ഹിഫ്ള് കോളേജിലെ കുട്ടികൾ വലിയ ആവേശത്തിലായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ കാണിച്ച ആത്മാർത്ഥതയാണ് ഞങ്ങളെ ദുർബലമാക്കിയത്. വൈകുന്നേരം ആയതിനാൽ തൊഴുത്തിൽ  നിന്ന് കയറി വരുന്ന കന്നുകാലികളും, അവ ക്കൊപ്പം കർഷകരെയും കണ്ടു. അവർ കൂടപ്പിറപ്പുകളാണെന്ന് തോന്നും. കന്നു കാലികൾക്ക് നൽകിയ പരിഗണന വലുതായിരുന്നു. വീടിൻറെ ഒരു ഭാഗം അവർക്ക് മാത്രമായി സംവിധാനിക്കുന്നു. അവിടെ ജീവിക്കുന്ന മനുഷ്യരുടെ മുറികളേക്കാൾ വിശാലമായിരുന്നു ആ കന്നുകാലികളുടെത്. കൃഷിയും കന്നു കാലികളുമാണ് പ്രധാന ഉപജീവനമാർഗം. പ്രഭാത സൂര്യൻ എത്തുമ്പോഴേക്കും അവർ തൊഴുത്തിലിറങ്ങും. ജീവിതത്തിൻറെ സിംഹഭാഗവും ആ തോട്ടത്തിൽ ചെലവിടും. അവർക്കറിയില്ല, എന്താണ് തങ്ങളുടെ ഗ്രാമങ്ങൾക്കപ്പുറം സംഭവിക്കുന്നതെന്ന്. പാവം, പച്ചയായ മനുഷ്യർ.

അതിഥി സൽക്കാരത്തിന് അവർ കേമന്മാരാണ്. ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി അവർ ആദ്യമായി നിലത്ത് പരവതാനി വിരിച്ചു. ഇരുന്നതിനു ശേഷം കൈ കഴുകാനുള്ള വെള്ളവും അത് ശേഖരിക്കാനുള്ള പാത്രവുമായി ഒരാൾ വന്നു. ആരും ഇരുന്ന ഇരുപ്പിൽ നിന്ന് എങ്ങും പോയില്ല. ശേഷം പാത്രം നിരത്തി. തൊട്ടു പിറകെ ഭക്ഷണം എത്തി. മുന്നേ ഓർമ്മപ്പെടുത്തിയത് പോലെ സൽക്കാര ഭക്ഷണമായി സ്വീകരിച്ചത് ചോറും സാമ്പാറുമാണ്. പിറകെ ലെസ്സിയും എത്തിയപ്പോൾ സംഭവം കുശാൽ. നാം ഓരോ പിടിയുമെടുത്ത് വായിൽ വെക്കുമ്പോഴും അവരുടെ മുഖത്ത് തെളിയുന്ന സന്തോഷം ചെറുതല്ല. വീണ്ടും വീണ്ടും വിളമ്പും. അതോടെ വയറും മനസ്സും നിറയും. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ കൈ കഴുകാനുള്ള വെള്ളവും അരികിൽ എത്തി. ഭാഷ അറിയില്ലെങ്കിലും അവർ മനസ്സിൽ ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു, നിങ്ങൾ വീണ്ടും വരണമെന്ന്. അവരുടെ മുഖത്ത് നിന്നും അത് കൃത്യമായി വായിച്ചെടുക്കാൻ സാധിച്ചു. ഞങ്ങൾ അവിടെനിന്ന് വണ്ടി കയറുമ്പോൾ അവിടുത്തെ ആ മനുഷ്യരും ആ ഗ്രാമവും അറിയാതെ കണ്ണീർ പൊഴിച്ചു.

ഗോസ്ലാൻ പറയുന്ന കഥകൾ

ബദേശയിലെ യാത്രക്ക് ശേഷം ഞങ്ങൾ യാത്ര തിരിച്ചത് ഗോസ്ലാനയിലേക്കാണ്. ബദേശയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയാണ്. ഡാറിട്ട റോഡ് ഗ്രാമത്തിന്റെ എത്രയോ മുമ്പ് അവസാനിച്ചിരുന്നു. ബദേശ പച്ചവിരിച്ചതാണെങ്കിൽ ഗോസ്ലാനയിൽ പച്ചപ്പ് അത്ര പൂർണ്ണമായി കാണാൻ സാധിച്ചില്ല. തനി ഗ്രാമം. മണ്ണുകൊണ്ട് നിർമ്മിച്ച ഓല കൊണ്ട് മേഞ്ഞ വീടുകളാണ്. ശെരിക്കും, അവർ അവരുടെ വീടുകൾക്ക് പഴമ നിലനിർത്തിയിരുന്നു. വെറും കളിമണ്ണ് കൊണ്ട് നിർമ്മിച്ച ചുമരുകളും ഓലയോ പനയോ കൊണ്ടോ മറച്ച മേൽക്കൂരകളും. കുടിലുകൾ ഉറപ്പില്ലെങ്കിലും അവരുടെ മനസ്സിന് ഉറപ്പുണ്ടായിരുന്നു. കാരണം അവർക്ക് പുഞ്ചിരിക്കുന്ന മുഖങ്ങളാണ് ഉണ്ടായിരുന്നത്.

ഗ്ലോസാനയിലുമുണ്ട് ഐറിസിൻ്റെ ഭാഗമായുള്ള പള്ളി. ഗ്രാമീണർ കൂടുതൽ ആശ്രയിക്കുന്നത് കന്നുകാലികളെയാണ്. ആട്, മാട്, കുതിര തുടങ്ങി നിരവധി കന്നുകാലികളാൽ സമ്പന്നം. മുതിർന്നവരെക്കാൾ കുട്ടികൾക്കാണ് കന്നുകാലികളുടെ വിഷയത്തിൽ ശ്രദ്ധ. എന്നു തോന്നും. എട്ടോ പത്തോ പ്രായമുള്ള കുട്ടികളാണ് കന്നുകാലികൾക്കുള്ള ഭക്ഷണം നൽകുന്നതും അവരെ കറക്കുന്നതും മറ്റു പരിചരണങ്ങൾ നടത്തുന്നതും. അവർ ഞങ്ങളെ വരവേറ്റത് തനി നാടൻ മൂരി പാൽ കൊണ്ടുണ്ടാക്കിയ ചായയുമായാണ്. ഹാ, എന്തൊരു രുചി! ഓരോ ഗ്ലാസ് കുടിച്ചു കഴിയുമ്പോഴും വീണ്ടും വീണ്ടും അവർ ഗ്ലാസും മനസ്സും നിറച്ച് ചായ ഒഴിക്കുന്നു. ആ വീടിൻറെ ഉമ്മറത്തുള്ള വലിയ കട്ടിലിൽ ഇരുന്ന് ചായ കുടിക്കാൻ വേറെ തന്നെ രുചിയാണ്. അതിഥികൾ വന്നാൽ അവർ കുതിരയുമായി വരും. ഞങ്ങളുടെ അടുത്തേക്ക് അവർ ഉത്സാഹത്തോടെ ഓടി വന്നു. ആ കുതിരകളെയും കൈകാര്യം ചെയ്യുന്നത് ചെറിയ കുട്ടികളാണ്. പണത്തിനോ മറ്റോ ആഗ്രഹിച്ചത് കൊണ്ടല്ല അവരുടെ നാട്ടിൽ ആര് വന്നാലും അവർ അങ്ങനെയാണ്. ജീവിതത്തിൽ ആദ്യമായി കുതിരസവാരി നടത്താൻ എനിക്ക് പഞ്ചാബിലെ ഗേസ്ലാന വരെ പോവേണ്ടി വന്നു എന്നതാണ് സത്യം. അവരെല്ലാം കൂട്ടുകുടുംബം ആയിട്ടാണ് താമസിക്കുന്നത്. പ്രായമായവർ വീടിൻ്റെ പുറത്തിറങ്ങാറില്ല, നിസ്ക്കാരവും മറ്റുമായി കഴിച്ചു കൂട്ടും. വളരെ ഐക്യത്തോടെയും അതിലേറെ സമാധാനത്തോടെയും. വെറുപ്പോ വിദ്വേഷമോ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഭാഗ്യവാന്മാർ. അവരെങ്ങനെയാണ് ആ കൂരകളിൽ നിർഭയത്തോടെ ജീവിക്കുന്നതെന്ന് ഓർത്തു പോയിട്ടുണ്ട്. വലിയ ആഗ്രഹങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ബദേശയിലെയും ഗോസ്ലാനയിലെയും ജനങ്ങൾ അവരുടെ പ്രകൃതിയെ കുടുംബം പോലെ സ്നേഹിക്കുന്നു. ആ സ്നേഹം അവിടെ വരുന്നവർക്കെല്ലാം വാരിക്കൊടുക്കുന്നു. കൂടുതൽ ഉറപ്പുള്ള വീടും കോട്ടയും കെട്ടുന്നതിലല്ല രക്ഷയും സമാധാനവും ലഭിക്കാനുള്ള മാർഗം എന്ന് അവർ തെളിയിച്ചു കാണിച്ചു. ഇന്ത്യയുടെ ധാന്യപ്പുര എന്നു പേരു കേട്ട പഞ്ചാബിന്റെ ശില്പികളായിരുന്നു അവിടങ്ങളിലെ ആ പാവം മനുഷ്യൻ.

ഒന്നും അവസാനിപ്പിച്ചില്ല. അവർ നൽകിയ സ്നേഹവും സഹകരണവും ഇപ്പോഴും മനസ്സിൽ നിന്ന് മറന്നിട്ടില്ല. ഇനിയും പോകണം, പലതവണകളായി പഞ്ചാബിന്റെ ഹൃദയങ്ങളിലേക്ക്.

✍️ അഷ്ഫാഖ് റഹ്‌മാൻ