ഇലഞ്ഞിമരച്ചോട്ടിലെ
കുട്ടിക്കാലം
ഇടയ്ക്കിടെ
തേട്ടി വരാറുണ്ട്.
സ്നേഹമുരുട്ടി
കവിൾ ചേർക്കുമ്പോഴും
കളിച്ചൂര് മാറാതെ
അകം പിടഞ്ഞിടും.
ചൂരൽ പിടിച്ച്
ഇല്ലത്തിരിക്കുന്ന
ക്ഷുഭിത മുഖം
മായാതെ
കണ്ണുരുട്ടി
നോക്കുന്നു.
മച്ചിങ്ങയും
ഈർക്കിലും
പ്രണയിച്ച്
ഉരുണ്ടോടിയ
പ്ലാവിലക്കഥകളും
അരവണയുടെ
സ്വാദറിഞ്ഞ
ആലയത്തിലെ
ഉച്ചനേരങ്ങളും
പതറാതെ
തളംകെട്ടി ഉള്ള്
നോവിക്കുന്നു.
മതം മറന്ന്
പുഞ്ചിരിയുടെ
നൂൽവള്ളിയിൽ
ഊഞ്ഞാലുകെട്ടിയ
തോഴന്മാർ
കിതച്ച്,
ശബ്ദിച്ച്,
നോവിച്ച്,
ലയിച്ച്,
ലോല മറകൾ
നീക്കിയ എൻ
വാസക്കുരുവികൾ
മനോഹരം
ചാർത്തി
തളങ്ങളിൽ
നിറമേകി
കൊഴിയാതെ
ചേർന്നു നിൽക്കുന്നു…
ഉറവ വറ്റാത്ത
മഞ്ചാടിപ്പാത്രത്തിലെ
രഹസ്യമെത്ര
സുന്ദരം.
ഇലഞ്ഞിപ്പൂവിന്റെ
ഇതളുരസ്സിയ
മാറിന്റെ ഗന്ധം
ചിന്തകൾക്ക്
ചിറകേകുന്നു.
ചെമ്പരത്തിപ്പൂവിന്റെ
ഞെട്ടിലൊളിച്ച
തേനലിഞ്ഞ കുഞ്ഞിപ്പഴം
ചെറുപ്പത്തിന്റെ
താക്കോലാണെന്നാ വെപ്പ്…
മുറ തെറ്റാതെ
പൊഴിഞ്ഞിടുന്നു അല്ലികളത്രയും.
ആൽവള്ളി
വണ്ടിയാക്കിയോടിയ
വിയർപ്പിന്,
ചെമ്പരത്തിയിലയാണ്
വേതനം
അടക്കം
പറഞ്ഞ് കിട്ടി
മൂന്നില…
തൃപ്തിയായില്ല…
ഇനിയും
ഓടാനുണ്ട്…
ഇലകൾ
വള്ളി ട്രൗസറിൽ
തിരുകി പിന്നോട്ടാഞ്ഞ്
ഒറ്റയോട്ടം…
ഓട്ടം തകൃതിയിൽ,
ഇലകൾ കൊഴിഞ്ഞത്
അറിഞ്ഞതേയില്ല…
-ബാക്കിര്‍ ഹുസൈന്‍



Post Comment