മൂത്താപ്പ എങ്ങുനിന്നോ കൊണ്ടുവന്ന പൂവൻകോഴിയുടെ പാതിരാത്രിയുള്ള കാലം തെറ്റിയ കൂവൽ കേൾക്കുമ്പോഴെല്ലാം ഉമ്മാമ കാതിൽ മന്ത്രിക്കും “അത് മൗത്തിന്റെ വിളിയാണ് കുഞ്ഞോനേ…”. ‘അസ്രായീൽ ‘ തൊണ്ടയിൽ പിടിക്കുമ്പോഴാണത്രേ പൂവന്റെ കൂവൽ കേൾക്കാറ്. കൂവലിനു ശേഷമുള്ള ഒരുതരം നിശബ്ദത വീടിനകത്ത് പുക പോലെ പടർന്നു കയറും. അതിരാവിലെ ബാങ്കോട് ചേർന്നുവരുന്ന ഇന്നാലില്ലാഹിയുടെ വരണ്ട ശബ്ദം ഉമ്മാമയുടെ വാക്കുകളെ സത്യമാക്കും.
കൂവലുള്ള രാത്രികളുടെ പിറ്റേന്ന് പള്ളിക്കാട്ടിൽ പുതിയ കുഴിയടയാളങ്ങൾ ഞാൻ കണ്ടിട്ടുണ്ട്. അതുകൊണ്ടൊക്കെ തന്നെ നാട്ടുകാർക്കെല്ലാം ആ പൂവൻ ഒരു ദുശ്ശകുനമായിരുന്നു. ഉമ്മാമയ്ക്കേറ്റം പ്രിയപ്പെട്ടതും. എല്ലാ വർഷവും നേർച്ച ദിനങ്ങളിൽ ഉപ്പ,
പലതവണ കത്തി പൂവന്റെ തൊണ്ടയിൽ വെച്ചതാണ്. ഉമ്മാമയുടെ മുഖത്തെ ദയനീയതയും കരുണയും പൂവന്റെ ആയുസ്സിന് കാലം നീട്ടി.
മരിച്ചവരുടെ വിശേഷങ്ങളറിയാൻ പതിവായി ഖബർസ്ഥാനിൽ ചെന്ന് അറിയുന്നോരുടെ മീസാൻ കല്ലുകൾക്കരികിലിരിക്കാറുണ്ട് ഞാൻ. കുത്തിയ പൂച്ചെടിയുടെ ഇലകളുടെ നിറവും പൂക്കളുടെ സവിശേഷതയും പടർന്ന പുൽച്ചെടികളും വിവരിച്ചു കൊടുത്താൽ ഉമ്മാമ സന്ദേഹം കൂടാതെ പറഞ്ഞുതരും , അവർ ഖബറിൽ എന്തെടുക്കുന്നുവെന്ന്.
ജന്നത്തിലാണോ ജഹന്നമിലാണോന്ന് പറഞ്ഞു തരുമ്പോൾ ഉമ്മാമയുടെ മുഖത്തിലൂടെ നിലാവും രാത്രിയും മാറിമാറിപ്പായുന്നത് കാണാം.
ഒരു ലൈലത്തുൽ ഖദറിന്റെ രാത്രിയിൽ മരണപ്പെട്ട ഉപ്പാപ്പയുടെ ഖബർ വിശേഷങ്ങൾ ഉമ്മാമയെപ്പോഴും തിരക്കും. പൂത്തുലഞ്ഞ ചെടികളും,തളം കെട്ടിനിൽക്കുന്ന പ്രത്യേക ഗന്ധവും വിവരിക്കുമ്പോൾ ഉള്ളുനിറഞ്ഞ് പുഞ്ചിരിച്ചോണ്ട് ഉമ്മാമ പറയും ‘ഞാനും ഫിർദൗസിലെത്തി മോനെ’ യെന്ന്. ആ മുഖം ചുവന്ന് പ്രകാശിക്കുന്നത് കാണാമപ്പോൾ. ഉപ്പാപ്പയുടെ തലോടലേറ്റ ആട്ടിൻകുട്ടികളെ കൂട്ടിനിരുത്തി ഉമ്മാമ മരിച്ചവരുടെ കഥ പറയൽ തുടരും.
ആണ്ടറുതികളിൽ ഉമ്മാമ നേരത്തെ തന്നെ ഉപ്പാപ്പയുടെ ചാരത്തേക്ക് എന്നെ പറഞ്ഞയക്കും, വിശേഷങ്ങൾ അറിയാൻ. പതിവിലേറെ പുഷ്പിച്ചു നിൽക്കുന്ന മുല്ലപ്പൂക്കളും, തഴച്ചു വളർന്ന മൈലാഞ്ചി ചെടിയുമെന്ന് കേൾക്കുമ്പോൾ ഉമ്മാമയുടെ മുഖവും മുല്ലപോൽ പ്രകാശിക്കും. വാടിയ പൂക്കളുള ഖബറുകളെയോർത്ത് ആവലാതി പറയുന്ന എന്നോട് ഉമ്മാമയെപ്പോഴും പറയും ‘കുഞ്ഞുമോൻ അവിടെ ചെന്നൊരു ആയത്തുൽ കുർസി ഓതിയാൽ മതി, ആ പൂക്കൾക്ക് നീരും വെട്ടോം കിട്ടി അവ ചിരിക്കുന്നത് കാണാം’.
മരിച്ചവരുടെ വീട്ടിലേക്ക്, ഉണ്ണിയപ്പവും കൽത്തപ്പവും ഉണ്ടാക്കി കണ്ണാൻതോടും മുറിച്ചുകടന്ന് ഉമ്മുമ്മാന്റെ നീളൻ പർദ്ദത്തുമ്പേൽ തൂങ്ങി ഞാനും പലതവണ പോയിട്ടുണ്ട്. ഖുർആൻ മുഴുവനും ഓതിതീർത്ത്, വീടരെ മാറോടുചേർത്ത് ഏറെ വൈകിയേ ഉമ്മാമ അവിടങ്ങളിൽ നിന്നും പിരിയാറുള്ളൂ. അതേക്കുറിച്ച് ചോദിച്ചപ്പോൾ ഒരിക്കൽ ഉമ്മാമ പറഞ്ഞു ‘ഉടലോളം ചേർന്നോര് പിരിയുമ്പം ണ്ടാകുന്ന മരവിപ്പ് അനക്ക് തിരിയൂല കുഞ്ഞോനേ…’ ശേഷം കോലായിൽ പടിഞ്ഞാറോട്ട് ചെരിച്ചിട്ട ചാരുകസേരയും, തൂക്കിയിട്ട കാലൻകുടയും നോക്കി നെടുവീർപ്പിട്ടു.
മരിച്ചുപിരിഞ്ഞവരെക്കുറിച്ച് ഉമ്മുമ്മാക്ക് ഒരുപാട് പറയാനുണ്ടാകും. അവർ ചെയ്തുവെച്ച സുകൃതങ്ങൾ കോർത്ത് ഞങ്ങൾക്ക് കഥ പറഞ്ഞുതരും. ആണ്ടുദിനങ്ങളിൽ മൗലിദ് ചൊല്ലി അവർക്കുവേണ്ടി ഉടയതമ്പുരാനോട് പ്രാർത്ഥിക്കും. പള്ളിയിലെ മൊല്ല്യാർക്ക് പലഹാരങ്ങളുമായി എന്നെ പറഞ്ഞയക്കുമ്പോൾ ‘ദുആരിക്കാൻ പറയണേന്നും’ ഉണർത്തും.
ഒരു ചെറിയ പെരുന്നാൾ തലേന്ന് പൂവൻ അവസാനമായൊന്ന് പതിയെ മുരണ്ടു. ആ നിലാവുള്ള രാത്രിയിൽ ഉമ്മാമയുടെ മുറി അതിലേറെ പ്രകാശിക്കുന്നത് ഞാൻ കണ്ടു. നിസ്കാര കുപ്പായത്തിൽ ചമഞ്ഞ് തസ്ബീഹ് മാലയും കയ്യിൽ പിടിച്ച്, ചിരിച്ചു കിടക്കുന്ന ഉമ്മാമയെയാണ് രാവിലെ ഞങ്ങൾ കണ്ടത്. തഹ്ലീലിന്റെ ശബ്ദം രാത്രിയിൽ ആ നാടുമുഴുവൻ കേട്ടിരുന്നുവെന്ന് മുക്രി ഹസ്സൻ മൊല്ല പിന്നീടെന്നോട് പറഞ്ഞു. പൂവനും ഉമ്മാമയും യാത്രയായ ആ രാത്രിയിൽ പിന്നെയാണ് എനിക്ക് ഖബറുകളെ കൂടുതൽ കാണാനും, അതിന്റെ കഥകളെ പൂവിലൂടെ, മൈലാഞ്ചി ചെടിയിലൂടെ, അറിയാനും കഴിഞ്ഞത്.
ഉമ്മാമയുടെ മീസാൻ കല്ലുകൾ ചേർന്ന് ചെമ്പരത്തി കുത്തിയത് ഞാനാണ്.
ഇന്നോളം ആ ചെടിയിൽ പൂക്കൾ വിടരാതിരുന്നിട്ടില്ല. ഉപ്പാപ്പയോടൊപ്പം ഉമ്മാമയിന്നും ദൂരെയെവിടെയോ, ഉമ്മാമയുടെ മരിച്ചവരുടെ കഥകളിലെ ജന്നാത്തുൽ ഫിർദൗസിന്റെ പൂന്തോപ്പിലൂടെ ഉല്ലസിക്കുകയായിരിക്കും. എന്തെന്നാൽ, ഉമ്മാമ മരിച്ചതിനുശേഷമാണ് ഉപ്പാപ്പയുടെ ഖബറിന്റെ ചാരത്തുള്ള മുല്ല കൂടുതൽ പുഷ്പിക്കുവാൻ തുടങ്ങിയത്.
-മഅ്റൂഫ് അബ്ദുള്ള പുത്തനങ്ങാടി



Post Comment