themap.katib.in

സ്വാതന്ത്ര്യം: ഇന്ത്യൻ യുവത്വം നിലപാട് പറയുന്നു


1947 ആഗസ്ത് 15 പുലർച്ച. ഇന്ത്യ മൂന്ന് നൂറ്റാണ്ട് കാലത്തെ ബ്രിട്ടീഷ് അധിനിവേശത്തിന്റെ കൈകളിൽ നിന്ന് പുതിയ പുലരിയിലേക്കുണരുകയായിരുന്നു. ആ പുതുപുലരി ഒറ്റ രാത്രി കൊണ്ട് ഉണ്ടായിത്തീർന്നതായിരുന്നില്ല. മറിച്ചു പതിറ്റാണ്ടുകളുടെ പരിശ്രമത്തിന്റെ അനന്തരമായിരുന്നു. ബ്രിട്ടീഷ് ഉത്പന്നങ്ങളെ വെടിഞ്ഞു കൊണ്ടുള്ള നിസ്സഹകരണ പ്രസ്ഥാനത്തിലൂടെയും ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായ ഉപ്പ് ആയുധമാക്കിയ ഉപ്പ് സത്യാഗ്രഹത്തിലൂടെയും ബ്രിട്ടീഷുകാർ ഇന്ത്യ വിടണമെന്ന് ഉദ്ഘോഷിച്ചു കൊണ്ട് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെയും നിരവധി സമരമുറകളിലൂടെയും സ്വാതന്ത്ര്യ സമരസേനാനികൾ നേടിയെടുത്തതാണ് ഈ ഇന്ത്യയെ.
ഈ വര്ഷം 79 വയസ്സ് പൂർത്തിയാവുകയാണ് ഇന്ത്യാ മഹാ രാജ്യത്തിൻറെ സ്വാതന്ത്ര്യാനന്തര ജീവിതത്തിന്. ഈ സുദീർഘമായ കാലത്തിനിടയിൽ ഒരുപാട് മുഹൂർത്തങ്ങളിലൂടെ ഈ രാജ്യം കടന്നുപോയിട്ടുണ്ട്. ആ ചരിത്രസന്ധികളിൽ പല പ്രതിസന്ധിഘട്ടങ്ങളും ഉൾപ്പെടും. അത്തരം അവസ്ഥാവിശേഷങ്ങളിൽ ഈ രാജ്യത്തിൻറെ പ്രതിരോധമായി മാറിയത് ഇന്ത്യൻ യുവത്വമായിരുന്നു. എ.പി.ജെ അബ്ദുൽ കലാം ജ്വലിച്ചു കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ മനസ്സിനെ “ലോകത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ്” എന്ന് പരിചയപ്പെടുത്തുന്നു. ഇന്ത്യയുടെ രാഷ്ട്രപിതാവായ മോഹൻദാസ് കരം ചന്ദ് ഗാന്ധി ഒരിക്കൽ ഇങ്ങനെ പറയുന്നു “യുവാക്കളാണ് ഇന്ത്യയുടെ പ്രതീക്ഷ”. രാഷ്ട്രത്തിന്റെ സുസ്ഥിരമായ ഗമനത്തിന് യുവത്വം ഇടപെടേണ്ടത് അത്യന്താപേക്ഷിതമാണ്.
ഇന്ത്യയുടെ ജനസംഖ്യയുടെ ഭൂരിഭാഗവും യുവജനങ്ങളാണ്. അവരെ ഉൾകൊള്ളുന്ന രൂപത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നില്ല എന്നത് വലിയ പ്രതിസന്ധിയായി നിലനിൽക്കുന്നു. രാഷ്ട്ര വികാസത്തിന് രാഷ്ട്രത്തിന്റെ മനുഷ്യവിഭവം ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ ഭരണകൂടങ്ങൾക്കാവണം. അതിന്റെ പ്രാഥമിക ഘട്ടം തൊഴിൽ മേഖല വികസിപ്പിക്കുക എന്നതാണ്. ഇന്ത്യയിലെ തൊഴിൽ അഭാവം രാജ്യത്തിൻറെ യുവസമ്പത്ത് ഇതര രാഷ്ട്രങ്ങളിലേക്ക് ഒഴുകാൻ കാരണമാവുന്നു. ഈ പ്രശ്നത്തെ പരിഹരിക്കുക എന്നത് പ്രധാനമാണ്.
ഇന്ത്യ ഇന്നോളം നേരിട്ട പ്രതിസന്ധിഘട്ടങ്ങളിലെല്ലാം പ്രതിരോധ കവചമായത് ഇന്ത്യയുടെ യുവത്വത്തിന്റെ നിലപാടുകളായിരുന്നു. 1974 ൽ ഇന്ത്യ കടന്നുപോയ ഇരുണ്ട കാലാവസ്ഥയെ അതിജയിക്കാൻ ജയ പ്രകാശ് നാരായണിന് കീഴിൽ അണിനിരന്ന് രാജ്യത്തിന് വേണ്ടി ശബ്‌ദിച്ചതും ഒരു സമ്പൂർണ വിപ്ലവം നടപ്പാക്കിയതും ഇന്ത്യൻ യുവത്വമാണ്. പ്രസ്തുത സമരം 1975 ജൂൺ 12ന് ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കികൊണ്ടുള്ള ഹൈദരാബാദ് ഹൈ കോടതി ഉത്തരവിന് കാരണമായി. ഇപ്രകാരം പല ഘട്ടങ്ങളിലും ഇന്ത്യൻ യുവത്വം ഒരു രാഷ്ട്രീയ ബദലായി മാറിയിരുന്നു.
2019 ഡിസംബർ 12ന് അമിത് ഷാ പ്രഖ്യാപിച്ച ജനാധിപത്യവിരുദ്ധമായ സിറ്റിസൺഷിപ് അമെൻറ്മെൻറ് ആക്ടിനെതിരെ ഉയർന്ന ശബ്‍ദങ്ങളുടെ പ്രധാന കേന്ദ്രം ഇന്ത്യയിലെ ക്യാമ്പസുകളായിരുന്നു. ജാമിഅഃ മില്ലിയ്യ ഇസ്ലാമിയ്യ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി അടക്കമുള്ള എല്ലാ സർവകലാശാലകളിലും സമരോർജ്ജമായി മാറിയിരുന്നു CAA നിയമം. ക്യാമ്പസ് രാഷ്ട്രീയം എന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയിരുന്നു. JNU സർവകലാശാലയിലെ സമരനേതാവായിരുന്ന കനയ്യ കുമാറിന്റെ “ആസാദി” മുദ്രാവാക്യം രാജ്യത്തെയാകെ ഇളകിമറിച്ചിട്ടുണ്ട്. ഷഹീൻ ബാഗ് ജനാധിപത്യ സംരക്ഷണത്തിന് കാവലേകി. അക്കാരണത്താൽ തന്നെ ക്യാമ്പസുകൾ രാഷ്ട്രീയ മേലാളന്മാരുടെ കണ്ണിലെ കരടാണ്. സോഷ്യല്‍ മീഡിയ ഇന്ഫ്ലുവെന്‍സറും കണ്ടെന്റ് ക്രിയേറ്ററുമായ ദ്രൂവ് റാട്ടിയും, ആൾട് ന്യൂസ് കോ-ഫൗണ്ടർ സുബൈറും അടക്കമുള്ളവരുടെ പോരാട്ടങ്ങൾ ഇന്ത്യൻ യുവത്വത്തിന്റെ പ്രതീകമാണ്. അവർ കൊളുത്തിയ രാഷ്ട്രീയ ബദൽ 2024ലെ ശക്തമായ പ്രതിഫലനങ്ങളായി മാറിയതും നാം കണ്ടു. ഭരണകൂട അനീതിക്കെതിരെ, അഴിമതിക്കെതിരെ സംസാരിക്കുന്ന ഇന്ത്യൻ യുവത്വത്തിന്റെ ശബ്‍ദമാണ് ജനാധിപത്യ വിശ്വാസികളുടെ അസ്തമിക്കാത്ത പ്രതീക്ഷ. യുവ രാഷ്ട്രീയ ചിന്തകരുടെ രാഷ്ട്രസങ്കല്പവും രാഷ്ട്രീയ നിലപാടും പ്രായം ചെന്ന രാഷ്ട്രീയക്കാരുടേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് തീർച്ച. ഓർക്കുക, ഇന്നത്തെ യുവത്വമാണ് നാളെയുടെ പ്രതീക്ഷ

-അദ്നാൻ എ പി ചെങ്ങാനി