themap.katib.in

സാമൂഹിക നീതിയുടെ വക്താവ്

“ചിരപ്രവൃദ്ധമാം തമസ്സകറ്റുവാന്‍ ധരയിലേക്കീശന്‍ നിയോഗിച്ച സൂര്യന്” –വള്ളത്തോൾ

മാനവിക മൂല്യത്തിന്റെ ഉദാത്ത മാതൃകയും, ലോകം പടക്കാൻ കാരണഭൂതരുമായ തിരുറസൂലിനെ കുറിച്ച് വള്ളത്തോൾ പാടിയതിങ്ങനെയാണ്. അധഃപതിച്ചു പോയിരുന്ന ഈ ലോകത്തേക്ക് സ്നേഹത്തിന്റെയും സത്യത്തിന്റെയും മാനവികതയുടെയും സമാധാനത്തിന്റെയും മറ്റു സകല ഗുണങ്ങളുടെയും വെട്ടം പരത്തി കൊണ്ട് കടന്നുവന്ന പുണ്യാത്മാവേ അങ്ങേയ്ക്ക് സലാം. പകർത്തിവെക്കാൻ അല്ലെങ്കിൽ ഓർത്തു വെക്കാൻ ഒരു പ്രതിമയോ പ്രതിച്ഛായയോ യാതൊന്നുമില്ലാതെ തന്നെ എത്ര മനോഹരമായാണ് ലോക ജനതയുടെ മനസ്സിൽ തിരുറസൂൽ കുടിയേറിപ്പാർക്കുന്നത്.
ഓരോ പ്രവാചകന്മാരും അതാത് കാലത്ത് അല്ലെങ്കിൽ തനത് സമൂഹത്തിന് മാത്രം മാതൃകയെങ്കിൽ പുണ്യ നബി(സ്വ)യെ ലോകാവസാനം വരെയുള്ള മാതൃകയായിട്ടാണ് അല്ലാഹു നിയോഗിച്ചിട്ടുള്ളത്.
മദ്രസ പഠനകാലത്ത് ഉസ്താദിന്റെ തിരു റസൂലിനെ കുറിച്ചുള്ള അധ്യാപനം ഓർമ്മ വരികയാണ്. വഴിയിലെ ഒരു മുള്ള് മാറ്റിവെക്കുന്നതിന് പോലും പ്രതിഫലം ഉണ്ടെന്നാണ് തിരുവചനം. ജീവിതത്തിൽ ഏറ്റവും നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സസൂക്ഷ്മം വിവരിക്കുന്ന നായകനോ? കുഞ്ഞുമനസിലുദിച്ച പല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പലപ്പോഴായി കണ്ടെത്തിയിരുന്നത് വലിയുപ്പയിൽ നിന്നും വലിയുമ്മയിൽ നിന്നും ഉസ്താദുമാരിൽ നിന്നുമായിരുന്നു. അല്ലാഹുവേ…റസൂലിന്റെ സന്നിധിയിൽ ചെന്ന് സലാം പറയാനുള്ള ഭാഗ്യം ഞങ്ങൾക്ക് തരണമേ എന്ന് ഉസ്താദിന്റെ കണ്ണുകൾ കലങ്ങിയുള്ള പ്രാർത്ഥനക്ക് ആമീൻ പറയുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു. എന്തുകൊണ്ടാണ് എല്ലാം മനുഷ്യരും റസൂലിനെ നെഞ്ചേറ്റുന്നതെന്ന്. പിന്നീട് വായനയിലൂടെയാണ് സമാധാനം പരത്തുന്ന ആ വെള്ളരിപ്രാവിന്റെ ചിറകടിയൊച്ചകൾ കൂടുതൽ അറിഞ്ഞത്.

ഇസ്ലാം എനിക്ക് പ്രിയപ്പെട്ടതാകുന്നത് “നല്ല മനുഷ്യന് ആകാൻ നോക്ക്” എന്ന് അത് മധുരമായി കാതിൽ മന്ത്രിക്കുന്നതുകൊണ്ടാണ്. ഈയടുത്ത കാലത്തായി വായിച്ച ‘ഒരു അമുസ്ലിമിന്റെ പ്രിയപ്പെട്ട ഇസ്ലാം’ എന്ന എ.സജീവന്റെ പുസ്തകത്തിലെ വരികളാണിത്. ഈ പുസ്തകം എനിക്ക് ഏറെ പ്രിയപ്പെട്ടതാകുന്നത് അദ്ദേഹത്തിന്റെ ഈ വീക്ഷണം കൊണ്ട്തന്നെയാണ്.
“നബിയുടെ വാക്കുകൾ ജ്ഞാനത്തിന്റെ നിധികളാണ്. അത് മുസ്ലിങ്ങൾക്ക് മാത്രമല്ല മാനവരാശിക്ക് മുഴുവനും” എന്ന് മഹാത്മാഗാന്ധി. എത്ര മനോഹരമായിട്ടാണ് പുണ്യ റസൂലിനെ കുറിച്ച് ഗാന്ധിജി വാഴ്ത്തിയിരിക്കുന്നത്. പുണ്യറസൂൽ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് മാതൃകയായിട്ടാണ് നിലകൊള്ളുന്നത് എന്ന് ഖുർആൻ ഉണർത്തിയതും അതുതന്നെയാണ്.
അന്ധകാരത്തിൽ മുഴുകിയിരുന്ന ഒരു സമൂഹത്തിലേക്ക് നന്മയുടെ, സത്യത്തിന്റെ വെള്ളിവെളിച്ചവുമായിട്ടാണ് നബി(സ്വ) കടന്നുവരുന്നത്. പ്രതിഷേധത്തിന്റെ, അക്രമത്തിന്റെ ഒരു സഹനക്കടൽ നീന്തിയാണ് അവർ സന്മാർഗത്തിലേക്ക് ജനങ്ങളെ നയിച്ചിരുന്നതെന്ന് ചരിത്രത്തിന്റെ താളുകൾ മറിക്കുമ്പോൾ നമുക്ക് കാണാൻ സാധിക്കും.
ഏക ദൈവത്തിലധിഷ്ഠിതമായ വിശ്വാസം കൊണ്ട് ഒരു ജനതയെ മുഴുവൻ സന്മാർഗത്തിലേക്ക് നയിച്ചു. വിഗ്രഹങ്ങളെയെല്ലാം തിരസ്കരിച്ചു. അദൃശ്യനായ പ്രപഞ്ചം സൃഷ്ടിച്ച സർവ്വശക്തനായ അല്ലാഹുവിനോട് മാത്രമേ ആരാധന പാടുള്ളൂ എന്ന് ലോക സമൂഹത്തോട് ഉണർത്തി. അതുവരെ ഉണ്ടായിരുന്ന സകല ബഹുദൈവ ആരാധനകളെയും പൊളിച്ചെഴുതി. ആൾദൈവങ്ങളും അവതാരങ്ങളും പിറവിയെടുക്കുകയും ആത്മീയ കച്ചവടം പൊടിപൊടിക്കുകയും ചെയ്യുന്ന ഈ നവയുഗത്തിൽ മുഅജിസത്തുകൾ (അത്ഭുതങ്ങൾ) കാണിക്കാൻ അല്ല അല്ലാഹു എന്നെ അയച്ചത്, നിങ്ങൾക്ക് പ്രബോധനം ചെയ്യാനാണെന്ന് നബി(സ്വ) ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളത് നമുക്കെല്ലാം അറിയുന്നതാണ്.
നബി(സ്വ)യുടെ മകൻ ഇബ്രാഹിം(റ) മരണപെട്ട ദിവസം സൂര്യഗ്രഹണം ഉണ്ടായപ്പോൾ പുത്രന്റെ വേർപാടിൽ പ്രകൃതി ദുഃഖം പ്രകടിപ്പിക്കുന്നതാണെന്ന് ആളുകൾ പറഞ്ഞുതുടങ്ങി. അതിനുഉള്ള അവിടുത്തെ മറുപടി “സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ സൃഷ്ടികളാണ്. മനുഷ്യന്റെ മരണമൂലം ഒരിക്കലും ഗ്രഹണം ഉണ്ടാവില്ല” എന്നായിരുന്നു. അയുക്തിയെയോ അന്ധവിശ്വാസത്തെയോ ഒരിക്കലും നബി(സ്വ) കൂട്ടുപിടിച്ചില്ല.

‘കട്ടത് എന്റെ പൊന്നുമോൾ ഫാത്തിമയാണെങ്കിലും ഞാൻ കൈ വെട്ടും’ എന്ന് ഉദ്ബോധിപ്പിച്ച തിരുറസൂൽ സത്യത്തിന്റെ അനശ്വരമായ മാതൃക കാണിച്ചു. തന്റെ കരളിന്റെ കഷ്ണമാണെന്ന് പറഞ്ഞ മകൾ ആയിരുന്നാൽ പോലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടണമെന്ന് പഠിപ്പിച്ച തിരുറസൂൽ ഇന്നത്തെ ഭരണാധികാരികൾക്കുഉത്തമ മാതൃകയാണ്. പദവിക്കും പണത്തിനും വേണ്ടി ഏത് കൊള്ളരുതായ്മകളെയും അംഗീകരിക്കുന്ന, ജനാധിപത്യത്തിന്റെ വോട്ടുകൾ കൊള്ളയടിച്ച് അധികാരിയായി വിലസുന്ന, ഏത് അനീതികളെയും പണം കൊണ്ടുമറക്കുന്ന ഭരണാധിപന്മാർ അരങ്ങുവാഴുന്ന ഈ കാലഘട്ടത്ത് ഒരു ഭരണാധിപൻ എങ്ങനെയായിരിക്കണമെന്നതിന് ഉത്തമ റോൾ മോഡലാണ് മുഹമ്മദ് നബി(സ്വ).
ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യം കണ്ട തത്വചിന്തകനും അതുല്യനായ
നാടകകൃത്തുമായ ‘ജോർജ് ബർണാർഡ് ഷാ’ മുഹമ്മദ് നബി(സ്വ)യെ വിലയിരുത്തുന്നത് അദ്ദേഹം പ്രചരിപ്പിച്ച മതത്തിന്റെ ചൈതന്യത്തിന്റെ പശ്ചാത്തലത്തിലാണ്. തിരുറസൂൽ ബർണാർഡ് ഷാക്ക് ഒരത്ഭുത മനുഷ്യനായിരുന്നു. ‘അദ്ദേഹത്തെപ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്താധികാരങ്ങൾ ഏറ്റെടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നിലനിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയപൂർവം കൈകാര്യം ചെയ്യപ്പെട്ടേനെ’ എന്ന് അദ്ദേഹം കുറിച്ചിടുന്നു. അറിവാണ് മനുഷ്യനെ വിവേകത്തിനനുസരിച്ച് പ്രവർത്തിക്കാൻ പ്രാപ്തനാക്കുന്നത്. വായനയും അറിവും മനുഷ്യനെ സംസ്ക്കരിച്ചെടുക്കുന്നുവെന്ന് പറയാം. അറബികൾ നേരിട്ട ഏറ്റവും വലിയ പ്രശ്നം അജ്‍ഞതയായിരുന്നു എന്ന തിരിച്ചറിവാണ് ഇസ്‌ലാമിനെ അറിവിന്റെയും അന്വേഷണത്തിന്റെയും മതമാക്കി മാറ്റിയത്. ബദർ യുദ്ധത്തിൽ യുദ്ധത്തടവുകാരാക്കിയവരിൽ സാമ്പത്തിക ഭദ്രതക്കനുസരിച്ച് മോചനദ്രവ്യം കണക്കാക്കിയിരുന്ന സംഭവം ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, എഴുത്തും വായനയും അറിയുന്നവർക്കായി മുന്നോട്ടുവെച്ച മോചനദ്രവ്യം അറിവിന് ഇസ്‌ലാം കല്പിച്ചിട്ടുള്ള പ്രാധാന്യം എത്രത്തോളമെന്ന് വ്യക്തമാക്കുന്നു. ‘എഴുത്തും വായനയും അറിയുന്ന ഓരോ തടവുകാരനും പത്തു മുസ്ലിം കുട്ടികളെ പഠിപ്പിക്കണം. കുട്ടികൾ പഠിച്ചു കഴിഞ്ഞാൽ മോചനദ്രവ്യമില്ലാതെ തന്നെ ആ തടവുകാരനെ സ്വതന്ത്രനാക്കും’ എന്നതായിരുന്നു അവർക്കുള്ള മോചന ദ്രവ്യം.
ക്യൂബയിലെ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണതലവനുമായിരുന്നു ‘ഫിദൽ കാസ്ട്രോ’പറയുന്നത് ഇങ്ങനെയാണ് “യഥാർത്ഥ സാമൂഹിക നീതിയുടെ വക്താവ് പ്രവാചകന്‍ മുഹമ്മദ്‌ നബിയാണെന്നാണ് എന്റെ വിശ്വാസം”. ജീവിതം കൊണ്ട് തന്നെ മാതൃക കാണിച്ച വ്യക്തിയാണ് തിരുറസൂൽ (സ്വ). വർണ്ണമോ ജാതിയോ മതമോ അല്ല ഒരു മനുഷ്യന്റെ വ്യക്തിത്വം തീരുമാനിക്കേണ്ടതെന്ന സാമൂഹിക നീതിയുടെ തത്വം ലോക ജനതക്ക് മുന്നിൽ തുറന്നു വെച്ചു. മദീന പള്ളിയിൽ നിന്ന് ആദ്യത്തെ ബാങ്ക് നാദം മദീനയുടെ കർണപുടങ്ങളിലേക്ക് എത്തിക്കുവാൻ ഏൽപ്പിച്ചത് മധുര ശബ്ദമുള്ള ബിലാല് (റ)നെയാണ്. അവിടെ ശബ്ദ്ദ മധുരിമ എന്ന മെറിറ്റിനാണ് തിരുറസൂൽ(സ്വ) പ്രാധാന്യം നൽകിയത്. നിറമോ വംശമോ അവിടെ പ്രദർശിപ്പിക്കപ്പെട്ടിട്ടില്ല. അതാണ് ലോകം കണ്ട ഏറ്റവും വലിയ സാമൂഹിക നീതിയുടെ വക്താവ്. പള്ളി നിർമ്മാണത്തിലും കിടങ്ങുനിർമ്മാണത്തിലും തന്റെ സഹാബികളോട് ചേർന്ന് നിന്ന് നബി, നേതാവിനും അനുയായികൾക്കും ഇടയിൽ അനന്തരമില്ലെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. യഹൂദന്റെ മൃതദേഹത്തിനോട് ആദരവ് കാട്ടി. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു കഴിക്കുന്നവൻ എന്നിൽ പെട്ടവനല്ല എന്ന സാഹോദര്യത്തിന്റെ സന്ദേശം കുറിച്ചിട്ടു. സക്കാത് ഔദാര്യമല്ല, മറിച്ച് സമ്പന്നന്റെ ബാധ്യതയും പാവപ്പെട്ടവന്റെ അവകാശവുമാണെന്ന പ്രഖ്യാപനം നോക്കൂ, എത്ര സുന്ദരമാണ് ഇസ്ലാമിലെ സമത്വം. ഈ സമത്വത്തെ ഓരോ മനുഷ്യനും ഉൾക്കൊള്ളുകയാണെങ്കിൽ ലോകം മുഴുവനും സമാധാനം കൊണ്ട് കവിഞ്ഞേനെ!

കുടുംബ ജീവിതത്തിൽ പോലും ആ സാമൂഹിക നീതി ഉണ്ടായിരുന്നു. ആയിഷ ബീവിയും (റ) തിരുറസൂലും(സ്വ) തമ്മിലുള്ള ഓട്ടമത്സരം എന്നെ വല്ലാതെ ചിന്താതീനയിലാക്കിയ സംഭാവമാണ്. പുരുഷൻ കുടുംബ നേതാവ് ആവുകയും സ്ത്രീ അടുക്കളയിലേക്ക് മാത്രം ചുരുക്കപ്പെടുകയും ചെയ്യുന്ന ഓരോ കുടുംബത്തിനും മാതൃകയാണ് മുഹമ്മദ് നബി(സ്വ)യുടെ കുടുംബജീവിതം. ഇതെഴുതുമ്പോൾ എന്റെ ഓർമ്മയിലേക്ക് ഓടിയെത്തിയത് തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ വാക്കുകളാണ്. “പ്രവാചക പാത പിൻപറ്റിയാൽ ലോകം മുഴുവൻ സമാധാനത്തിന്റെ പൂന്തോപ്പ് ആകും”. ലോകത്ത് സമാധാനം നിറയണമെങ്കിൽ പുണ്യ റസൂലിന്റെ സന്ദേശം ഭൂമിയിൽ അലയടിക്കണം. പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വെറും ഉപഭോഗ വസ്തുക്കളായി കാണുന്ന ഈ യുഗത്തിൽ, മനുഷ്യരുടെ ഉള്ളിലുള്ള നന്മയെല്ലാം വറ്റിപ്പോയോ എന്ന് പോലും ചിന്തിക്കേണ്ടിവരുന്ന എത്രമാത്രം സംഭവങ്ങളാണ് ദിനംപ്രതി നമ്മുടെ കൺമുന്നിലൂടെ കടന്നു പോകുന്നത് ? അന്ധത മുറ്റി നിന്ന അറേബ്യയുടെ മണ്ണിൽ, പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുന്ന കാലഘട്ടത്തിൽ നിന്നും സ്ത്രീക്കും ഈ ലോകത്തിന്റെ വെളിച്ചം കാണാൻ അവകാശമുണ്ടെന്നും അവൾ ജീവനോടെ അടക്കം ചെയ്യപ്പെടേണ്ടവളല്ല എന്ന സ്നേഹത്തിന്റെ മതം കാണിച്ചു തന്നു തിരുദൂതർ. കാരുണ്യത്തിന്റെ ആകെതുകയാണ് തിരു നബി(സ്വ).

തിരു റസൂൽ(സ്വ) ആരായിരുന്നു, അല്ലെങ്കിൽ റസൂലിന്റെ സന്ദേശം ജീവിതത്തിൽ എങ്ങനെ പകർത്തണമെന്ന് മനസ്സിലാകണമെങ്കിൽ നാം നബിയെ കൃത്യമായി അറിയേണ്ടതുണ്ട്. നബി ജീവിതം വികലമായി ചിത്രീകരിക്കപ്പെടുന്ന ഇന്നത്തെ കാലത്ത് റസൂലിനെ കുറിച്ച് മനസ്സിലാകണമെങ്കിൽ ഇസ്ലാമിന്റെ ശത്രുക്കൾ പടച്ചു വിടുന്ന ഏതെങ്കിലും പുസ്തകങ്ങളിൽ നിന്നോ, മീഡിയകളിൽ നിന്നോ വായന അരുത്. വാക്കുകൾ കൊണ്ട് മാത്രം മാതൃകാ നേതാക്കന്മാർ പിറവികൊള്ളുന്ന ഈ യുഗത്തിൽ ജീവിതം കൊണ്ട് നെഞ്ച് കീറി നേരിനെ കാട്ടിയ പുണ്യാത്മാവിനെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കട്ടെ ‘വെളിച്ചത്തിന് എന്തൊരു വെളിച്ചമാണ്’!

മുഹമ്മദ് സിദാൻ പത്തപ്പിരിയം