ലോകചരിത്രം വായിച്ചുനോക്കുമ്പോൾ പല മഹാന്മാരെയും കണ്ടുവരുന്നു. എന്നാൽ മതം, സമൂഹം, സംസ്കാരം, രാഷ്ട്രീയം, കുടുംബം തുടങ്ങി മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃകയായി നിലകൊള്ളുന്ന ഒരേയൊരു വ്യക്തിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ). മനുഷ്യരുടെ ജീവിതം എല്ലാ രീതിയിലും എങ്ങനെ നല്ലതാക്കാമെന്ന് കാണിച്ചു തന്ന മഹാനായ മാർഗ്ഗദർശകനാണ് നബി. അല്ലാഹു അയച്ച അവസാന പ്രവാചകനായ മുഹമ്മദ് നബി (സ) മനുഷ്യർക്കായി സമഗ്രമായ മാതൃകയായി മാറി.
ബാല്യം മുതൽ പ്രവാചകജീവിതം വരെ
പ്രവാചകൻ (സ) ജനിച്ചത് 570-ൽ മക്കയിലാണ്. ബാല്യത്തിൽ തന്നെ അനാഥനായ നബി, കരുണയുള്ള അമ്മാമ്മയുടെയും കുടുംബാഗങ്ങളുടെയും സംരക്ഷണത്തിലാണ് വളർന്നത്. ചെറുപ്പം മുതലേ സത്യസന്ധതയും വിശ്വാസ്യതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ “അൽ-അമീൻ” (വിശ്വാസയോഗ്യൻ) എന്ന വിളിപ്പേരാണ് നബിക്ക് ലഭിച്ചത്.
നബിയുടെ പ്രവാചകജീവിതം 40-ാം വയസ്സിലാണ് ആരംഭിച്ചത്. ഹിറാ ഗുഹയിൽ ലഭിച്ച ആദ്യ വെളിപ്പെടുത്തലിലൂടെ നബി മനുഷ്യകുലത്തിന് വഴികാട്ടിയായി മാറി. പ്രവാചകജീവിതത്തിന്റെ ആരംഭം മുതൽ അവസാനം വരെ, മുഹമ്മദ് നബി മനുഷ്യരെ ഏകദൈവ വിശ്വാസത്തിലേക്കും നന്മയിലേക്കും വിളിച്ചു കൂട്ടി.
നബിയുടെ ജീവിതത്തിൽ ഏറ്റവും ശ്രദ്ധേയമായത് സത്യസന്ധതയും ധൈര്യവും ആണ്. ഏറ്റവും വലിയ പ്രതിസന്ധികളിൽ പോലും നബി തങ്ങള്‍ തെറ്റായ വഴികൾ സ്വീകരിച്ചിട്ടില്ല. മതവിരോധികളും വൈരികളുമുണ്ടായിരുന്നുവെങ്കിലും, കരുണയും ക്ഷമയും കൊണ്ട് അവരെ നേരിട്ടു.
മാതൃകാപുരുഷനായ നബി
നബി (സ) മനുഷ്യരുടെ എല്ലാ മേഖലകളിലും മാതൃകയാണ്. കുടുംബജീവിതത്തിൽ നബി സ്നേഹവും കരുണയും നിറഞ്ഞ ഭർത്താവും പിതാവുമായിരുന്നു. ഭാര്യമാരോട് സഹിഷ്ണുതയോടും സ്നേഹത്തോടും പെരുമാറിയ നബി, “നിങ്ങളിൽ ഏറ്റവും നല്ലവൻ തന്റെ കുടുംബത്തോടു നല്ലവനായി പെരുമാറുന്നവനാണ്” എന്ന് പഠിപ്പിച്ചു.
സമൂഹത്തിൽ നബി ധനികനും ദരിദ്രനും, അറബിയും അന്യജാതിക്കാരനും, അടിമയും യജമാനനും എല്ലാം ഒരുപോലെ മനുഷ്യരാണ് എന്ന് തെളിയിച്ചു. അടിമകളെ മോചിപ്പിക്കുകയും അനാഥരെ സംരക്ഷിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്ത നബി, മനുഷ്യസമത്വത്തിന്റെ മികച്ച ഉദാഹരണമായി മാറി.
നേതൃത്വത്തിൽ നബി (സ) ലോകത്തിനു മാതൃകയാണ്. മദീനയിൽ നബി തങ്ങള്‍ സ്ഥാപിച്ച ഭരണഘടന ലോകത്തിലെ ആദ്യ ഭരണഘടനയായി കണക്കാക്കപ്പെടുന്നു. മതസ്വാതന്ത്ര്യം, സാമൂഹിക ഐക്യം, നീതി എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകി നബി ഭരണസംവിധാനം നടത്തി. യുദ്ധങ്ങളിലും നബി തങ്ങള്‍ അനീതിയും ക്രൂരതയും അനുവദിച്ചിട്ടില്ല. പരിക്കേറ്റ ശത്രുക്കൾക്കും കരുണ കാണിച്ച നബി, “നിങ്ങൾക്കു കരുണ കാണിക്കാത്തവൻ അല്ലാഹുവിന്റെ കരുണ നേടുകയില്ല” എന്ന് പഠിപ്പിച്ചു.
നബിയുടെ ഉപദേശങ്ങളുടെ കേന്ദ്രബിന്ദു സ്നേഹവും കരുണയും നീതിയും ആണ്. മതവൈരങ്ങൾക്കും വർഗീയതയ്ക്കുമെതിരെ നബി തങ്ങള്‍ നിലകൊണ്ടു. “മികച്ച മനുഷ്യൻ മറ്റുള്ളവർക്കു ഏറ്റവും നല്ലവനാണ്” എന്ന നബി തങ്ങള്‍ വാക്കുകൾ ഇന്നും ലോകത്തിനു മാർഗ്ഗദർശനമാണ്.
ഇന്നത്തെ കാലത്തുള്ള പ്രസക്തി
ഇന്നത്തെ ലോകം അനവധി പ്രശ്നങ്ങൾ നേരിടുകയാണ് – യുദ്ധങ്ങൾ, മതവൈരങ്ങൾ, അനീതികൾ, ദാരിദ്ര്യം, സ്ത്രീപീഡനം തുടങ്ങി നിരവധി പ്രശ്നങ്ങൾ. ഇവയ്ക്കെല്ലാം പരിഹാരം നൽകുന്ന വഴിയാണ് പ്രവാചകൻ (സ) കാണിച്ചു തന്നത്. സമത്വവും സഹോദരത്വവും കരുണയും ക്ഷമയും മനുഷ്യന്റെ ജീവിതത്തെ ഉയർത്തിപിടിക്കാൻ നിർബന്ധമായ ഘടകങ്ങളാണ്.
നബിയുടെ ജീവിതം അനുസരിക്കുന്നവർ കുടുംബത്തിൽ നല്ല ബന്ധങ്ങൾ പുലർത്തുകയും, സമൂഹത്തിൽ നീതിയോടെയും കരുണയോടെയും പ്രവർത്തിക്കുകയും ചെയ്യും. ലോകത്തിന് സമാധാനവും ഐക്യവും നൽകാൻ നബി തങ്ങളുടെ ഉപദേശങ്ങളും മാതൃകയും അനിവാര്യമാണ്.
പ്രവാചകൻ മുഹമ്മദ് നബി (സ) ഒരു മതനേതാവു മാത്രമല്ല, ലോകത്തിനു വഴികാട്ടിയായ മഹാനായ മാതൃകാപുരുഷൻ ആണ്. ബാല്യം മുതൽ അന്ത്യം വരെ നബി തങ്ങള്‍ ജീവിച്ച ജീവിതം സത്യസന്ധത, നീതി, കരുണ, സമത്വം, സഹോദരത്വം തുടങ്ങിയ മഹത്തായ മൂല്യങ്ങളാൽ നിറഞ്ഞിരുന്നു. ലോകം ഇന്നും നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നബി തങ്ങളുടെ ജീവിതത്തിലും ഉപദേശങ്ങളിലും തന്നെയാണ്.
അതിനാൽ, പ്രവാചകനെ മാതൃകയാക്കി ജീവിക്കുന്നതിലാണ് മനുഷ്യന്റെ രക്ഷയും വിജയവും. പ്രവാചകൻ മുഹമ്മദ് നബി (സ) എന്നും മനുഷ്യകുലത്തിന് സമ്പൂർണ്ണ മാതൃകാപുരുഷൻ ആയി തുടർന്നുകൊണ്ടിരിക്കും.
-മുഹമ്മദ് അൻഷിദ് കെപി നല്ലളം



Post Comment