themap.katib.in

ബദര്‍ യുദ്ധവും ശുഹദാക്കളും

ത്യാഗത്തിന്റെയും സഹിഷ്ണുതയുടെയും അതിതീവ്ര പീഡനങ്ങളുടെയും കഥകളാണ് ബദ്റും തിരുനബിയുടെ കാലഘട്ടവും നമുക്ക് പറഞ്ഞുതരുന്നത്. പരിശുദ്ധ ഖുർആൻ പറയുന്നു: “അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവർ മരിച്ചവരാണെന്ന് നിങ്ങൾ കരുതരുത്. അവർ തങ്ങളുടെ നാഥന്റെ സന്നിധിയിൽ ജീവിക്കുന്നവരാണ്; അവർക്ക് നിർലോഭം വിഭവങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു” (3:169). ഇത്തരത്തിൽ വലിയ ഉന്നതികളും പദവികളും അല്ലാഹു ബദ്റിൽ പങ്കെടുത്തവർക്കും മറ്റു രക്തസാക്ഷികൾക്കും സ്വഹാബികൾക്കും നൽകുന്നു എന്നതാണ് യാഥാർത്ഥ്യം.

ആരാണ് സ്വഹാബികൾ?

കർമ്മശാസ്ത്ര നിപുണരായ ഇമാമുമാർ പറഞ്ഞതനുസരിച്ച്, “സത്യവിശ്വാസിയായിക്കൊണ്ട് നബി(സ)യുടെ സന്നിധിയിൽ ഒരു നിമിഷമെങ്കിലും സഹവസിക്കുകയും ഈമാനോടു കൂടി തന്നെ മരണപ്പെടുകയും ചെയ്തവരാണ് സ്വഹാബികൾ.” ഇസ്‌ലാമിക വീക്ഷണത്തിൽ അമ്പിയാക്കളും മുർസലുകളും കഴിഞ്ഞാൽ അടുത്ത സ്ഥാനം സ്വഹാബികൾക്കാണ്. അവർക്കുശേഷം താബിഉകൾ, തബഉത്താബിഉകൾ എന്നിങ്ങനെ ആ ശ്രേണി നീണ്ടുപോകുന്നു.
സ്വഹാബികൾക്കിടയിൽ തന്നെ സ്ഥാനങ്ങളിൽ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. അവരിൽ ഏറ്റവും ഉന്നതർ ഖുലഫാഉർറാശിദുകളാണ്. തൊട്ടടുത്ത സ്ഥാനം സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെട്ടവർക്കും (അശറത്തുൽ മുബശ്ശിറീങ്ങൾ), പിന്നീട് ബദ്റിൽ പങ്കെടുത്തവർക്കും, ഉഹുദിൽ പങ്കെടുത്തവർക്കും, ബൈഅത്തു റിള് വാനിൽ പങ്കെടുത്തവർക്കുമാണ്. “മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ടുവന്നവർ” (9:100) എന്ന് ഖുർആൻ സ്പഷ്ടമായി അവരുടെ മഹത്വം വിവരിച്ചിട്ടുണ്ട്.
ഇക്കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ ചില ചർച്ചകളുണ്ട്. പ്രമുഖ പണ്ഡിതനായ മുഹമ്മദ് ബിൻ കഅബ് അൽ ഖുറളി(റ)യുടെ അഭിപ്രായത്തിൽ ബദ്റിൽ പങ്കെടുത്തവർക്കാണ് കൂടുതൽ പ്രതിഫലം. ഇമാം ശുഅബി(റ) പറയുന്നത് ബൈഅത്തു റിള് വാൻ ആണ് ബഹുമതിയിൽ മുന്നിലെന്നാണ്. എങ്കിലും ബദ്റിൽ പങ്കെടുത്തവർക്കാണ് മഹത്വം കൂടുതൽ എന്നതാണ് പ്രബലമായ അഭിപ്രായം.
സിദ്ദീഖ് തങ്ങളെപ്പോലെ വർഷങ്ങളോളം ഇസ്‌ലാമിൽ ജീവിച്ചവരും, ഒരു നിമിഷം മാത്രം ജീവിച്ച് ഒരു നിസ്കാരം പോലും നിർവഹിക്കാൻ കഴിയാതെ രക്തസാക്ഷിയായ സ്വഹാബികളും നമുക്കിടയിലുണ്ട്. കഠിനമായ പീഡനങ്ങളും പരിഹാസങ്ങളും സഹിച്ചാണ് അവർ ജീവിച്ചത്.

ബദ്‌രീങ്ങൾ ആദരിക്കപ്പെടാൻ കാരണം

നബി തങ്ങളുടെ ‘അനുചരന്മാർ’ എന്നത് തന്നെയാണ് ഏറ്റവും വലിയ ബഹുമതി. വ്രതമനുഷ്ഠിച്ചവരായി, നിസ്സീമമായ അർപ്പണബോധത്തോടെ സർവ്വതും ഉപേക്ഷിച്ച് തിരുദൂതരുടെ കൽപ്പനയ്ക്കായി നിലകൊണ്ടവരാണവർ. ഹിജ്റ ഒന്നാം വർഷം റമദാൻ 17-നാണ് ബദർ ദിനം എന്ന് തഫ്സീറുകൾ പഠിപ്പിക്കുന്നു.
മറ്റു വിശ്വാസികൾക്കില്ലാത്ത സവിശേഷ പദവി ബദ്റിലെ സ്വഹാബികൾക്കുണ്ട്. ഇസ്‌ലാമിന്റെ പൊൻപ്രഭ ലോകത്തിന്റെ നാനാദിക്കുകളിലേക്കും എത്തിച്ചതും അവർ തന്നെ. അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ നബി(സ) പറയുന്നു: “എന്റെ സ്വഹാബത്തിന്റെ ഉപമ ഭക്ഷണത്തിലെ ഉപ്പിനെപ്പോലെയാണ്; ഉപ്പില്ലാത്ത ഭക്ഷണം നന്നാകില്ല. സ്വഹാബത്തിനെ പിൻപറ്റാതെ ഈ ഉമ്മത്ത് രക്ഷപ്പെടുകയുമില്ല.” (നസീമുർറിയാള്).
ബദ്‌രീങ്ങളുടെ മഹത്വം മനസ്സിലാക്കാൻ ചരിത്രത്തിലെ ഒരു സംഭവം മാത്രം മതി. മക്ക ഫതഹിന്റെ (മക്കാ വിജയം) വേളയിൽ ഹാത്വിബ് ബിൻ അബീ ബൽതഅ(റ) എന്ന സ്വഹാബി മക്കയിലെ തന്റെ കുടുംബത്തിന് വിവരമറിയിക്കാൻ ഒരു സ്ത്രീയുടെ കൈവശം കത്ത് കൊടുത്തുവിട്ടു. നബി(സ) അലി(റ), മർസദ്(റ), ഉബൈയ്(റ) എന്നിവരെ വിളിച്ച് ആ സ്ത്രീയിൽ നിന്ന് കത്ത് വാങ്ങി വരാൻ ആവശ്യപ്പെട്ടു. വിവരം പുറത്തായപ്പോൾ ബൽതഅ(റ) പറഞ്ഞു: “ഞാൻ ഇസ്‌ലാമിൽ നിന്ന് പുറത്തുപോയതുകൊണ്ടല്ല ഇത് ചെയ്തത്, മറിച്ച് എന്റെ കുടുംബത്തിന് അവിടെ ഒരു സംരക്ഷണം ലഭിക്കുമെന്ന് കരുതി ചെയ്തതാണ്.” ഇതുകേട്ട ഉമർ(റ) ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, അനുവാദം നൽകിയാൽ ഈ കപടവിശ്വാസിയുടെ കഴുത്ത് ഞാൻ വെട്ടാം.” അപ്പോൾ നബി(സ) തിരിച്ചുചോദിച്ചു: “അദ്ദേഹം ബദ്റിൽ പങ്കെടുത്തവനല്ലേ?” (ബദ്‌രീങ്ങൾ എന്ത് ചെയ്താലും അല്ലാഹു അവർക്ക് പൊറുത്തുനൽകിയിരിക്കുന്നു എന്ന സൂചനയാണിത്).
ഒരിക്കൽ മദീന പള്ളിയിൽ ബദ്‌രീങ്ങളായ ചില സ്വഹാബികൾ വന്നപ്പോൾ അവർക്കിരിക്കാൻ സ്ഥലമില്ലാതെ വന്ന സന്ദർഭത്തിലാണ് ഖുർആൻ ഇപ്രകാരം അവതരിപ്പിച്ചത്: “സത്യവിശ്വാസികളെ, സദസ്സിൽ നിങ്ങൾ സൗകര്യം ചെയ്തുകൊടുക്കുക; എങ്കിൽ അല്ലാഹു നിങ്ങൾക്കും സൗകര്യം നൽകും” (58:11).

റമളാൻ പതിനേഴ്

കേരളീയ മുസ്ലിംകൾ വലിയ പുണ്യകർമ്മമായി കാണുന്ന ദിനമാണ് ബദ്ർ ആണ്ട്. നിരാലംബരായ ഒരു ജനതയ്ക്ക് അത്താണിയായവരാണ് അവർ. അവരുടെ പേര് ചൊല്ലി പ്രാർത്ഥിക്കുന്ന സദസ്സുകളിൽ അല്ലാഹുവിന്റെ ഉത്തരം (ഇജാബത്ത്) ഉണ്ടാകുമെന്ന് കിതാബുകളിൽ വ്യക്തമാണ്. അതിനാൽ അവരുടെ പേരിൽ അന്നദാനം നടത്തുന്നതും മറ്റു അനുസ്മരണങ്ങൾ നടത്തുന്നതും വലിയ പുണ്യമാണ്.
നമ്മുടെ പള്ളി-മദ്രസകളിൽ നടന്നു വരുന്ന ഇത്തരം പുണ്യകർമ്മങ്ങളെ തടയാൻ ശ്രമിക്കുന്ന വിഘടനവാദികളുടെ കെണിയിൽ നാം വീണുപോകരുത്. ഇസ്‌ലാമിന്റെ വ്യാപനത്തിന് ബദ്റും ബദ്‌രീങ്ങളും വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. ഈമാനിന്റെ വെളിച്ചം ലോകത്തിന് കാണിച്ചുകൊടുത്ത ആ മഹത്തുക്കളെ നാം എപ്പോഴും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്.

അവലംബം:

സ്വഹീഹുൽ ബുഖാരി
അൽ ബിദായത്തു വന്നിഹായ
ഫത്ഹുൽ മുഈൻ

സയ്യിദ് മുഹമ്മദ്‌ ജുനൈദ് കായലം