അരാജകത്വം വില്ലനായി വാഴുന്ന ഈ ആധുനിക ലോകത്ത് നന്മയുടെ പാത പിന്തുടരാനും തിന്മ വെടിയാനും ആരെ പിൻപറ്റണമെന്ന ആശയക്കുഴപ്പത്തിനിടയിലും ആർക്കും എതിരഭിപ്രായമില്ലാത്ത നാമമാണ് തിരുനബി (സ). ജീവിതത്തിന്റെ അർത്ഥം മറന്നുപോയ, അധാർമ്മികതയാണ് ജീവിതാസ്വാധനം എന്ന് വിധിയെഴുതി അരാജകത്വം കൊടികൊണ്ട അറേബ്യൻ മണ്ണിൽ സത്യത്തിന്റെയും നീതി ബോധത്തിന്റെയും ധാർമിക മൂല്യങ്ങളെ പ്രവർത്തന മുദ്രയകൊണ്ട് ജനഹൃദയങ്ങളിൽ അൽ അമീൻ എന്ന പ്രകീർത്തിയാൽ മുദ്രണം ചാർത്തിയവരാണ് തിരുനബി (സ).
അധാർമികതയും ഹിംസയും രംഗം കീഴടക്കിയ സത്യാനന്തര കാലഘട്ടത്തിലാണ് നാം ഇപ്പോൾ ഉള്ളത്. മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ സാധിക്കാത്ത ദുർഘട കാലഘട്ടത്തെയാണ് നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. നന്മകൾ വഴിമാറുന്ന സമയങ്ങളിൽ നേർവഴിയിൽ സഞ്ചരിച്ച മഹാരഥന്മാരെ പിൻപറ്റലാണ് വേണ്ടത്. നിസാമുദ്ദീൻ ഔലിയായുടെ ഗുരുവായ ബാബാ ഫരീദിന്റെ ശിഷ്യരിലൊരാൾ ഒരു സന്തോഷ മുഹൂർത്തത്തിൽ, ബാബക്ക് ഒരു വാൾ സമ്മാനമായി നൽകുകയുണ്ടായി. അത് സ്വീകരിച്ച ശേഷം ശിഷ്യന് നൽകിയ സ്നേഹോപദേശമിങ്ങനെയാണ്; താങ്കൾ ഇനിമുതൽ ആർക്കെങ്കിലും സമ്മാനം നൽകുന്നുണ്ടെങ്കിൽ വാളിനു പകരം നല്ല ഒരു സൂചിയാണ് കൊടുക്കേണ്ടത് കാരണം വാൾ മുറിക്കാനുള്ളതാണ്, എന്നാൽ സൂചിയാകട്ടെ തുന്നിച്ചേർക്കാൻ ഉള്ളതും. ഏറെ പ്രസക്തമാണ് ബാബാ ഫരീദിന്റെ ഈ വാക്കുകൾ. നീയുമായി ബന്ധം മുറിച്ചവനെ നീ കൂട്ടിച്ചേർക്കുക എന്ന പ്രവാചക അധ്യാപനത്തിന്റെ ദിവ്യഭാവത്തെ ഈ സംഭവത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാം.
നന്മയുടെ ഏതൊരു കണ്ണികയും ആത്യന്തികമായി ചെന്നു ചേരുന്നത് തിരുദൂതരിലേക്കാണ്.
ലോകത്തിന് മുഴുവൻ അനുഗ്രഹമായിട്ടാണ് തിരുദൂതരേ അയച്ചിട്ടുള്ളത്. ജൈവ, അജൈവ വസ്തുക്കളോടും, മനുഷ്യ, മനുഷ്യേതര ജീവികളോടും കരുണയും, കൂറും പുലർത്തണമെന്നാണ് തിരുനബി പഠിപ്പിച്ചത്. ഒരിക്കൽ വേട്ടക്കാരന്റെ കെണിയിൽ കുടുങ്ങിയ മാൻപേട അതിന്റെ കുഞ്ഞിന്റെ വ്യസനം അറിയിച്ചപ്പോൾ അതിനോട് കരുണ കാണിക്കണമെന്ന് വേട്ടക്കാരനോട് പറഞ്ഞ തിരുദൂതരുടെ മാനസവിശാലതയാണ് ഇവിടെ വെളിവാകുന്നത്. മുതിർന്നവരെ ബഹുമാനിക്കുകയും, കുഞ്ഞുങ്ങളോട് കരുണ കാണിക്കുകയും, മാതാപിതാക്കളെ സ്നേഹിക്കുകയും, അധ്യാപകരെ ആദരിക്കുകയും, ഇല്ലാത്തവനെ ചേർത്തു നിർത്തുകയും, ശത്രുവിനോട് നീതി പുലർത്തുക ഇങ്ങനെ തുടങ്ങിയ ജീവിത സമീപന വൈവിധ്യങ്ങളെകൊണ്ട് മാനവ സമൂഹം മാതൃകയാക്കേണ്ടത് തിരു ജീവിതം കാണിച്ചുതന്ന മാതൃകാ ജീവിതത്തെയാണ്. അതാണ് നാം പിൻപറ്റേണ്ടത്.
-അബൂബക്കര്‍ കവരത്തി



Post Comment