കാഴ്ചകൾ മറച്ചുകൊണ്ട് ബസ്സ് മുന്നോട്ട് നീങ്ങി. ദൈർഘ്യമേറിയ പകലുകൾ തീർക്കുകയാണ് ലക്ഷ്യം. തൊട്ടടുത്ത സീറ്റിൽ ഏകാന്തത മാത്രമാണ് കൂട്ടിനുള്ളത്. സൂര്യൻ മറയുന്നതിനു മുമ്പ് ജീവിതം തിരുച്ചുപിടിക്കാനുള്ള നെട്ടോട്ടമാണ് എന്നെ ബസ്സിലെത്തിച്ചത്. ജീവതം അലക്ഷ്യമായിട്ട് നാളുകൾ പിന്നിട്ടിരിക്കുന്നു. ഉഷ്ണം ദേഹത്തെ വരിഞ്ഞു മുറുക്കിക്കഴിഞ്ഞു . ബസ്സിലെ വിയർപ്പിന്റെ ഗന്ധം രൂക്ഷമായപ്പോൾ ഏകാന്തതയെയും കൂട്ടി തൊട്ടടുത്ത സ്റ്റോപ്പിൽ ഞാൻ ഇറങ്ങിനടന്നു.
ചുമരിലെ മഴവിൽ വർണങ്ങളെല്ലാം മാഞ്ഞു പോയിരുന്നു . ചുമരിലെങ്ങും താമര,അരിവാൾ ,കൈപത്തി ഇത്രയുമാണുള്ളത്. ഞൊടിയിൽ ഒരാൾ വന്ന് എനിക്ക് ഖദർ മുണ്ട് തന്നുകൊണ്ട് കൂടെ പോരുന്നോ എന്നു ചോദിച്ചു. പണം തരാമെന്ന് ആയപ്പോൾ ഞാനാ ഖദർ വാങ്ങി ധരിച്ചു. പകലിനെ തിന്നു തീർക്കാനായി ഞാൻ അവരിലൊരാളായി ഒരുമിച്ചു നടന്നു. പട്ടണത്തിലെ തെരുവുകൾ ലക്ഷ്യമാക്കവെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി നേതാവ് എല്ലാവർക്കും ഭക്ഷണം വാങ്ങി തന്നു. ഒരു ആസ്വാദകനായി അതു മുഴുവൻ കഴിച്ചുതീർത്ത് അൽപ്പനേരത്തെ വിശ്രമത്തിനുശേഷം നേതാവിന് പുറകെ തെരുവിലേക്ക് ഇറങ്ങി നടന്നു. അനന്തരം,വീട് വീടാന്തരമുള്ള അലച്ചിൽ. ആദ്യത്തെ വീട്ടിലെ ചോദ്യമാലകൾ നേതാവിന്റെ കഴുത്തിൽ കുരുങ്ങിയപ്പോൾ നേതാവും അണികളും എനിക്ക് മുന്നിൽ നിന്ന് അപ്രത്യക്ഷമായി . ഒറ്റപ്പെട്ട ഞാൻ പേടിച്ചരണ്ട് ഓരോ ചവിട്ടുപടിയും മുന്നോട്ടുവച്ചു. ജനങ്ങൾ എന്റെ പിറകെ വരുന്നത് കണ്ടപ്പോൾ ഒരു കിഴവന്റെ വീട്ടിൽ കയറി ഒളിച്ചു. കഴിഞ്ഞ അഞ്ചുകൊല്ലമായി നഷ്ടപ്പെട്ട പെൻഷൻ ആയിരുന്നു അയാളുടെ ആവലാതി. അയാളുടെ കുരുക്കിൽ പെട്ട് പൊറുതിമുട്ടിയപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങി ചായക്കടയിലേക്ക് കയറി. സാധനത്തിന്റെ വില കയറ്റവും നഷ്ടപ്പെട്ട വാഗ്ദത്വ ഭൂമിയും ആയിരുന്നു അവിടുത്തെ ചോദ്യങ്ങൾ. മൗനിയായ എന്നെ കടയിൽ നിന്നും ഇറക്കിവിട്ടപ്പോൾ ഒരു ആൽമരത്തറയിൽ ഞാൻ ചെന്നിരുന്നു. അവിടെ വിശ്രമിക്കവേയാണ് നഷ്ടപ്പെട്ട ഭവനത്തെക്കുറിച്ച് കിളികൾ ഒച്ചവെച്ച് തലക്ക് മീതെ വട്ടമിട്ട് പറക്കാൻ തുടങ്ങിയത്. അവരിൽ നിന്നും രക്ഷനേടാനായി വള്ളിയിൽ പിടിച്ച് തൂങ്ങി കുളത്തിലേക്ക് എടുത്തു ചാടി. കുഴിച്ചുമൂടപ്പെടുന്ന ജലാശയങ്ങളുടെ പേരിൽ അവിടെനിന്നും എന്നെ പുറത്താക്കപ്പെട്ടു. പിന്നീട് കുളക്കരയിലെ ഉറുമ്പുപോലും നഷ്ടപ്പെട്ട വിദ്യാഭ്യാസത്തെ ചൊല്ലി ആട്ടിയോടിച്ചു. ഒടുവിൽ ഒരു തണൽ തേടി കാട്ടിനുള്ളിലേക്ക് നീങ്ങി. കാട്ടിൽ ഒരിറ്റ് പച്ചപ്പിനായി ഞാൻ അലഞ്ഞുതിരിഞ്ഞു. വിദൂരത്ത് ഒരു കരിയില എന്നെ നോക്കി ചിരിക്കുന്നതായി കണ്ട ഞാൻ അത് എടുക്കാനായി തുനിഞ്ഞപ്പോൾ മുടി നീട്ടി വളർത്തിയ ഒരു യുവാവ് അതെടുത്തു ഓടിപ്പോയി. അവിടെനിന്ന് കുറച്ചകലെ ഒരു കൃഷിത്തോട്ടം എന്റെ ശ്രദ്ധയിൽപ്പെട്ടു. പതിയെ ഞാനെന്റെ കാലുകളെ അങ്ങോട്ടാനയിച്ചു. ചുറ്റും യുവാക്കൾ സംരക്ഷിച്ചു പോരുന്ന തോട്ടം എന്നിൽ അത്ഭുതം ഉളവാക്കി. സന്തോഷംകൊണ്ട് ഞാൻ ഒരു ഇലയെടുത്തു മണക്കാൻതുടങ്ങിയപ്പോൾ അവരിലെ നേതാവ് എനിക്കൊരു ചുരുട്ടുകെട്ട് തന്നു പറഞ്ഞു ‘ഇതാണ് നിങ്ങളുടെ ഭരണ നേട്ടം’. എന്താണ് അത് എന്നറിയാൻ ഞാനതിലൊന്ന് കത്തിച്ചു. ഒന്ന് നീട്ടി പുകച്ചു. ഇരുട്ട് കലർന്ന വെളിച്ചത്തിൽ മുറ്റത്ത് വീണു കിടന്നിരുന്ന ചുവന്ന മുല്ലപ്പൂക്കൾ കാണാമായിരുന്നു. അത് പുകച്ചുകൊണ്ട് ഞാൻ ഭൂമിയിലേക്ക് ഇറങ്ങി നടന്നു. ദുഷിച്ച പകലുകളിൽ നിന്നുള്ള ആജീവനാന്ത മോചനം തേടി!.
–മുഹമ്മദ് നിഷാദ് കെ ഫറോക്ക്
Post Comment