themap.katib.in

കുടുംബജീവിതത്തിലെ തിരുനബി മാതൃക

നബി (സ്വ) അരുളി. ഏതൊരാളും പൂർണ വിശ്വാസി ആകണമെങ്കിൽ അവന്റെ ശരീരത്തേക്കാളും എന്നെ സ്‌നേഹിക്കുന്നവനാകണം. മാത്രമല്ല, എന്റെ കുടുംബത്തെ അവന്റെ കുടുംബത്തേക്കാളും പ്രിയം വെക്കുന്നവനാകണം.
നൂറ്റാണ്ടുകൾ പലതും കഴിഞ്ഞിട്ടും ഇന്നും നബി(സ)യുടെ ഭാര്യമാരോടും മക്കളോടും ഉള്ള കുടുംബ ജീവിതത്തിന്റെ മാതൃക തനിമ ഒട്ടും ചോരാതെ പുതുമയോടെ തന്നെ മാതൃകാപരമാണ്.തമ്മിൽ അറിഞ്ഞും ഉൾക്കൊണ്ടും പങ്കുവെച്ചും ഗുണദോഷിച്ചും വികസിച്ച സ്‌നേഹബന്ധം ആർക്കും തകർക്കാനോ സംശയങ്ങൾ ജനിപ്പിക്കാനോ സാധിച്ചില്ല; എക്കാലത്തുമുള്ളവർക്ക് ഉത്തമ മാതൃകയാണ് നബി(സ്വ)യുടെ കുടുംബ ജീവിതം.അനസ് (റ)പറയുന്നു: കുടുംബാംഗങ്ങളോട് പ്രവാചകനെപ്പോലെ കാരുണ്യത്തോടെ വര്‍ത്തിക്കുന്ന ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.കുടുംബ ബന്ധം ഉടയാതെ സൂക്ഷിക്കാനും വിശ്വാസത്തിന്റെ സമ്പൂര്‍ണതയ്ക്ക് അതനിവാര്യമാണെന്ന് ബോധ്യപ്പെടുത്താനുമാണ് തിരു ജീവിതം ശ്രമിച്ചത്.

നബി(സ) തന്റെ എല്ലാ ഭാര്യമാർക്കും ഒരേ പരിഗണന തന്നെയാണ് നൽകിയിരുന്നത്.
നബി(സ )തന്റെ ആദ്യ ഭാര്യയായ ഖദീജയെ വിവാഹം ചെയ്യുമ്പോൾ പ്രായംഇരുപത്തിഅഞ്ച്, ഖദീജ(റ)ക്ക് നാൽപ്പത്.മനസ്സറിഞ്ഞുള്ള ഈ സ്‌നേഹക്കൂട്ടിൽ പ്രായം രണ്ടുപേർക്കും ഒരു തടസ്സമായില്ല.ഖദീജ(റ) നബി(സ്വ)യുടെ അരികിലെത്തുന്നതിനു മുമ്പ് രണ്ടു വിവാഹം കഴിച്ചിരുന്നു. രണ്ടു വിവാഹത്തിലും മക്കളുമുണ്ടായിരുന്നു. എന്നിട്ടും അവർ രണ്ടുപേരും വളരെ സന്തോഷത്തോടുകൂടി സന്തുഷ്ടമായ കുടുംബ ജീവിതം നയിച്ചു. ഖദീജ(റ)മരിക്കുന്നത് വരെ നബി(സ) മറ്റൊരു വിവാഹം കഴിച്ചിട്ടില്ല.ഖദീജ(റ)വിന്റെ മരണശേഷം നബി(സ്വ) പന്ത്രണ്ട് ഭാര്യമാരെ വിവാഹം ചെയ്തു. ഇവരിൽ രണ്ടു പേരുമായി കൂടിച്ചേരുന്നതിന് മുമ്പുതന്നെ വിവാഹ ബന്ധം വേർപ്പെടേണ്ടിവന്നു.നബി(സ്വ)യുടെ പതിമൂന്ന് ഭാര്യമാരും സൽസ്വഭാവികളും ഉത്തമ ജീവിതം നയിച്ചവരുമായിരുന്നു. സത്യവിശ്വാസികളുടെ മാതാക്കൾ (ഉമ്മഹാത്തുൽ മുഅ്മിനീൻ) എന്ന അപരനാമത്തിൽ അവരെല്ലാം അറിയപ്പെടുന്നു.മുത്തു നബി (സ)യുടെ സ്‌നേഹം നിറഞ്ഞ വീട്ടിനകത്തുള്ള പെരുമാറ്റം ഭാര്യമാരെയും സ്‌നേഹ സമ്പന്നമാക്കിയിട്ടുണ്ട്. നബി (സ) വെള്ളം കുടിക്കുമ്പോള്‍ പാത്രത്തിന്റെ ഏതു ഭാഗത്താണ് ചുണ്ട് വച്ചതെന്ന് നോക്കി നില്‍ക്കുകയും താഴെ വച്ച പാത്രമെടുത്ത്, ഭര്‍ത്താവ് ചുണ്ട് വച്ച ഭാഗത്ത് തന്നെ ചുണ്ടു വയ്ക്കുന്ന ഭാര്യയെയും ആഇശ (റ) യില്‍ നിന്ന് പകര്‍ത്തിയെടുക്കണം. മനസ്സും ശരീരവും അകന്നു നില്‍ക്കുന്ന ജീവിത ശീലങ്ങള്‍ വീടകങ്ങളെ ഗ്രസിച്ചിരിക്കുന്ന കാലത്ത് അവിടുത്തെ മഹദ് ജീവിതം പകര്‍ത്താന്‍ നമുക്ക് സാധിക്കണം.വീട്ടിനകത്ത് സന്തോഷം നിറഞ്ഞ ഇടപെടല്‍ നബി (സ) യുടെ പ്രത്യേകതയാണ്. ‘വസ്ത്രം തുന്നുന്നു, പാദരക്ഷകള്‍ നന്നാക്കുന്നു, ഒരു സാധാരണക്കാരന്‍ തന്റെ വീട്ടില്‍ ചെയ്യുന്നതെല്ലാം നബി തങ്ങളും ചെയ്തിരുന്നു എന്ന് ആഇശ (റ) വീട്ടിനകത്തെ വിശേഷങ്ങളില്‍ പറഞ്ഞിട്ടുണ്ട്.ഭാര്യമാര്‍ക്കിടയില്‍ നീതിമാനായ ഭര്‍ത്താവായും മക്കള്‍ക്കും പേരമക്കള്‍ക്കുമിടയില്‍ സ്നേഹവത്സലനായ പിതാവായും കാരുണ്യവാനായ പിതാമഹനായും എങ്ങനെ വര്‍ത്തിക്കാമെന്നതിന്‍റെ മഹനീയ മാതൃകകള്‍ റസൂലുല്ലാഹി(സ)യുടെ കുടുംബജീവിതത്തില്‍ നിന്നും ധാരാളം വായിച്ചെടുക്കാം. ഒരു കുടുംബനാഥനെന്ന നിലയില്‍ അനുഭവിക്കേണ്ടി വരുന്ന സുഖദു:ഖങ്ങളും വൈഷമ്യങ്ങളുമെല്ലാം ഇണങ്ങിച്ചേര്‍ന്നതായിരുന്നു തിരുനബി(സ)യുടെ കുടുംബജീവിതം.അത്തരം ഘട്ടങ്ങളെയെല്ലാം യുക്തിസഹമായി സമീപിക്കാനും കൈകാര്യം ചെയ്യാനും മുത്തുനബി(സ)ക്ക് സാധിച്ചുവെന്നതാണ് അവിടുത്തെ കുടംബജീവിതത്തെ വ്യതിരക്തമാക്കുന്നത്.
നബി തന്റെ കുട്ടികളോട് വളരെയേറെ വാത്സല്യത്തോട് കൂടെയും കരുണയോട് കൂടെയുമാണ് പെരുമാറിയിരുന്നത്.കുഞ്ഞുങ്ങളോട് കാണിച്ചിരുന്ന വാത്സല്യം ഒരു പിതാവിനെയും ഒരു വല്യുപ്പയെയും പഠിപ്പിച്ചു തരുന്നുണ്ട്. അബൂ ഹുറൈറ (റ)യില്‍ നിന്നും നിവേദനം: ‘റസൂല്‍ (സ) ഒരിക്കല്‍ അലി(റ)യുടെ മകന്‍ ഹസന്‍(റ) നെ ചുംബിച്ചു. അപ്പോള്‍ പ്രവാചകന്‍ (സ)ന്റെ അടുക്കല്‍ അഖ്‌റഅ് ബ്‌നു ഹാബിസുത്തമീമി ഇരിപ്പുണ്ടായിരുന്നു. അയാള്‍ പറഞ്ഞു: ‘എനിക്ക് പത്ത് മക്കളുണ്ട്. ഞാനവരില്‍ ഒരാളെയും ഇതേവരെ ചുംബിച്ചിട്ടില്ല’. അപ്പോള്‍ പ്രവാചകന്‍ (സ) അയാളുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: മറ്റുള്ളവരോട് കരുണ കാണിക്കാത്തവന് അല്ലാഹുവില്‍ നിന്നും കാരുണ്യം ലഭിക്കുകയില്ല.അനസ് (റ) നിവേദനം: നബി (സ) മകൻ ഇബ്‌റാഹീമിനെ തന്റെ മടിയിലിരുത്തി മുത്തി മണത്തു. ഉസാമത്ത്ബ്‌നു സൈദ് (റ) പറയുന്നു: നബി (സ) എന്നെ എടുത്ത് അവിടുത്തെ തുടമേല്‍ ഇരുത്തി. ഹസനെ മറ്റെ തുടമേലുമിരുത്തി. എന്നിട്ട് രണ്ട് പേരെയും ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു: അല്ലാഹുവേ, ഇവരോട് നീ കരുണ കാണിക്കേണമേ, തീര്‍ച്ചയായും ഞാന്‍ ഇവര്‍ രണ്ടുപേരോടും കരുണ കാണിക്കുന്നു.
നബി തങ്ങൾക്ക് അവിടുത്തെ കുടുംബത്തോടുള്ള സ്‌നേഹവും ബഹുമാനവും തുല്യതയില്ലാത്തതാണ്. അഹ്‌ലുബൈത്തിനെ ആക്ഷേപിച്ചവരോട് ദേഷ്യത്തോടെയാണ് അവിടുന്ന് പ്രതികരിച്ചത്. നബി (സ്വ) പറയുന്നു. എന്റെ പേരിൽ സ്വലാത്ത് ചെല്ലുന്ന ഒരാൾ എന്റെ കുടുംബത്തിന് സ്വലാത്ത് ചൊല്ലുന്നില്ലെങ്കിൽ അവന്റെ സ്വലാത്ത് സ്വീകരിക്കപ്പെടുകയില്ല.
നബി(സ)തന്റെ ഭാര്യമാരോടും മക്കളോടും കുടുംബത്തിലെ എല്ലാവരോടും വളരെ കരുണയോടെയും വിനയത്തോടെയും വാത്സല്യത്തോടെയും ആയിരുന്നു പെരുമാറിയിരുന്നത്. തിരുനബി നമുക്ക് മാതൃകാപരമായ ഒരു കുടുംബ ജീവിതം തന്നെയാണ് കാണിച്ചുതന്നത്.

-ഉവൈസ് ബാലുശ്ശേരി