themap.katib.in

കലാ സാഹിത്യങ്ങളുടെ ദൗത്യം

‘If we were perfect, we wouldn’t have written novels’- നമ്മൾ എല്ലാവരും തുല്യരായിരുന്നെങ്കിൽ ആരും കഥയും കവിതയുമൊന്നും എഴുതില്ലായിരുന്നു. യൂറോപ്പിലെ ഒരു മഹാ നഗരത്തിന്റെ കീഴ്പാലത്തിന്റെ ചുമരിൽ ആരോ എഴുതി വെച്ച വാചകം. കലയെയും സാഹിത്യത്തെയും അത്രമേൽ സ്പർശിക്കുന്ന ഈ വാക്യം എല്ലാ കാലത്തും വലിയ പ്രസക്തിയുള്ള ഒന്നാണ്. മനുഷ്യരുടെ അപൂർണതകളിലെ സൗന്ദര്യമാണ്, വൈവിധ്യങ്ങൾ നിറഞ്ഞ ലോകത്ത് സഹിഷ്ണുതയ്ക്കപ്പുറം സൗഹൃദം പങ്കിടുന്ന നേരങ്ങളിലാണ് യഥാർത്ഥത്തിൽ നല്ല കലകൾ പൂത്തുലയുന്നത്.

മനുഷ്യർ എല്ലാ കാലത്തും കലയെയും സാഹിത്യത്തെയും കൂട്ടുപിടിച്ചിട്ടുണ്ട്. അറേബ്യൻ സമൂഹത്തിലെ സാഹിത്യങ്ങൾ പ്രസിദ്ധമാണല്ലോ. ഓരോ ചലന നിശ്ചലനങ്ങളിലും കവിതകൾ അവർക്ക് കൂട്ടുണ്ടായിരുന്നു. യാത്രാവേളയിൽ ഒട്ടകങ്ങൾക്ക് ആവേശം പകരുന്നതിന് വേണ്ടി അറബികൾ ആലപിച്ച ‘റജ്സ്’ വൃത്തമാണ് ഒന്നാമത്തെ അറബിക്കവിതാ വൃത്തം. ഈ യാത്രാ കവിതയ്ക്ക് ‘ഹിദാഅ്’ എന്നു പറയുന്നു. കവിതാ വൃത്തങ്ങളിൽ ഏറ്റവും പ്രാചീനമായ റജ്സ് ആണ് ഏറ്റവും ലളിതമായ വൃത്തം. അറബി ഗോത്രത്തലവന്മാരിൽ പ്രസിദ്ധനായ മുളർ ആണത്രേ ഈ വൃത്തത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹം ഒട്ടകപ്പുറത്ത് നിന്ന് വീണ് കൈ മുറിഞ്ഞു. സഹയാത്രികർ അദ്ദേഹത്തെ പൊക്കിയെടുത്ത് ഒട്ടകപ്പുറത്ത് വഹിച്ചു കൊണ്ടുപോകുമ്പോൾ അദ്ദേഹം പാടുകയുണ്ടായി: വാ യദാഹ്! വാ യദാഹ്!’ ശബ്ദഭംഗിയുടെ ഉടമയായ മുളറിന്റെ ഈണം കേട്ട് ഒട്ടകം ആവേശം കൊള്ളുകയും ശീഘ്രം നടക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തെ അനുകരിച്ചു കൊണ്ട് അറബികൾ യാത്രാവേളയിൽ ആ പ്രകാരം പാടിക്കൊണ്ട് തങ്ങളുടെ വാഹനമായ ഒട്ടകത്തിന് ആവേശം കൊള്ളിക്കുമായിരുന്നു (താരീഖു ആദാബില്ലുഗത്തിൽ അറബിയ്യ: ജോർജ്ജ് സൈദാൻ). പണ്ടുകാലത്ത് കൈറോവിലും മറ്റും പ്രൊഫഷണൽ കഥപറച്ചിലുകാർ ഉണ്ടായിരുന്നു. ഷഹർസാദയുടെ പാരമ്പര്യത്തിൽ നിന്നുള്ളവർ. കഥകൾ കേൾക്കാൻ ജനം തടിച്ചു കൂടി സാകൂതം അതിൽ ലയിക്കും. കഥപറച്ചിൽ കഴിഞ്ഞ് ചെറിയ നാണയത്തൊട്ടുകൾ ശേഖരിച്ചാണ് അവർ മടങ്ങുക.

സാഹിത്യം അടക്കമുള്ള എല്ലാ കലകളുടെയും ലക്ഷ്യം മനുഷ്യരുടെ സംഘർഷങ്ങളും മനോക്ലേശങ്ങളും കുറയ്ക്കുക എന്നതാണ്. വൈകാരിക ശുദ്ധീകരണം എന്ന് മറ്റൊരർത്ഥത്തിൽ പറയാം. ഇത് എഴുത്തുകാരനിലും കലാകാരനിലും വായനക്കാരനിലും സംഭവിക്കുന്ന ഒന്നാണ്. കഥാർസിസ് എന്ന സാങ്കേതിക പദം കൊണ്ടാണ് ഇത് അറിയപ്പെടുന്നത്. വികാര വിരേചനം എന്ന് വിളിക്കാവുന്ന ഇതിനെപ്പറ്റി ഒരുപാട് സാഹിത്യ സിദ്ധാന്തങ്ങൾ ഉണ്ട്. അരിസ്റ്റോട്ടിലിന്റെ സൗന്ദര്യശാസ്ത്ര ഗ്രന്ഥമായ ‘പോയറ്റിക്സിൽ’ ഗ്രീക്ക് ട്രാജഡികളെ പറ്റിയുള്ള പഠനത്തിലാണ് ഈ വാക്ക് ആദ്യം പ്രയോഗിക്കപ്പെടുന്നത്. ട്രാജഡികൾ കാണുമ്പോൾ അവ മനുഷ്യമനസ്സിൽ കരുണയും മറ്റ് അനുഭൂതികളും ഉളവാക്കുകയും മനസ്സ് ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു എന്ന് അരിസ്റ്റോട്ടിൽ പറയുന്നു. എന്നാൽ, ഇന്ന് സാഹിത്യ സിദ്ധാന്തങ്ങളിലും ചർച്ചകളിലും അരിസ്റ്റോട്ടിൽ പറഞ്ഞതിനപ്പുറം ബഹുലമായ അർത്ഥത്തിലാണ് ‘കഥാർസിസ്’ എന്ന വാക്ക് ഉപയോഗിക്കുന്നത്. ഒരു ഉദാഹരണം എടുക്കാം, ഒരിക്കൽ ഒരു കവി ഇബ്നു സീനയെ കാണാൻ ചെന്നു. പറയാൻ പറ്റാത്ത അസ്വസ്ഥതകൾ കൊണ്ടും വേദന കൊണ്ടും പുളയുകയായിരുന്നു അയാൾ. ഇബ്നു സീന അയാളുടെ നാഡി പിടിച്ച ശേഷം ഇങ്ങനെ പറഞ്ഞു: ‘നിങ്ങൾക്കിഷ്ടപ്പെട്ട നിങ്ങളുടെ കവിതകൾ ഒന്നു മനസ്സറിഞ്ഞ് ഉറക്കെ പാടാൻ കഴിയുമോ? കവി ആവേശത്തോടെ പാടി. അയാളുടെ അസ്വസ്ഥതകളും വേദനകളും കുറയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. ഒടുവിൽ അത് തീരെ ഇല്ലാതായി. ‘നിങ്ങൾക്ക് പോകാം’.

ഇത്തരത്തിൽ മനുഷ്യ മനസ്സിനെ സുഖപ്പെടുത്തുന്നതോടൊപ്പം രാഷ്ട്രീയപരമായും സാമൂഹി, സംസ്കാരികമായും കലകൾ വലിയ ദൗത്യങ്ങൾ നിർവഹിക്കുന്നുണ്ട്. അധികാരത്തിൽ നിന്നുയരുന്ന അപസ്വരങ്ങൾക്കെതിരെ മുഖം തിരിക്കേണ്ട ഉത്തരവാദിത്തം കലകൾക്കുണ്ട്. കലകൾക്ക് സ്വാധീന ശക്തി കൂടുതലാണ്. പ്രശസ്ത എഴുത്തുകാരൻ മിലൻ കുന്ദേരയുടെ ‘The book of laughter and forgetting’ എന്ന നോവലിൽ ഒരു പ്രശസ്ത ഉദ്ധരണിയുണ്ട്: ഒരു ജനതയെ നിർമാർജനം ചെയ്യുന്നതിന് ആദ്യപടി അവരെ കുറിച്ചുള്ള എല്ലാ ഓർമ്മകളും മായ്ച്ചു കളയുകയാണ്: അവരുടെ പുസ്തകങ്ങളും ചരിത്രവും സംസ്കാരവും എല്ലാം എന്നെന്നേക്കുമായി മായിച്ചു കളയുക- അതിൽ പിന്നെ മറ്റാരൊക്കെയോ ചേർത്ത് പുതിയ പുസ്തകങ്ങൾ എഴുതും. പുതിയ സംസ്കാരം നിർമ്മിക്കും. അതോടെ ആ രാഷ്ട്രം, ആ ജനത പണ്ടെന്തൊക്കെയോ ആയിരുന്നോ അതെല്ലാം വിസ്മൃതിയിൽ ആണ്ടു തുടങ്ങും. അധികാരത്തിനെതിരായ മനുഷ്യൻറെ സമരം എന്നാൽ മറവിയ്ക്കെതിരായ ഓർമ്മയുടെ സമരമാണ്”. ചരിത്രത്തെ വേഗത്തിൽ കരി പൂശി വശത്താക്കാൻ സാധിക്കില്ലെങ്കിലും ഘട്ടം ഘട്ടമായി ഇന്ത്യടക്കമുള്ള രാജ്യങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ഇല്ലാക്കഥകളുടെ നിർമ്മാണം അത്യധികം അപകടങ്ങൾ സൃഷ്ടിച്ചേക്കാവുന്ന ഒന്നാണ്. ഇതിനെതിരെയുള്ള ആയുധമാകണം ഓരോ വാക്കും വരിയും. ജമ്മു കശ്മീരിൽ അരുന്ധതി റോയിയുടെ ആസാദി അടക്കം 25 പുസ്തകൾക്ക് നിരോധനം ഏർപ്പെടുത്തിയതിനു പിന്നിലെ സത്യം വിസ്‌മൃതിയിലമർത്താൻ കഴിയില്ല. അധികാരവൃന്ദം അധികാര കേന്ത്രീകരണം നടത്താൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധങ്ങളിൽ ഒന്ന് മാത്രമാണിത്.

-സാബിത് ആവിലോറ