themap.katib.in

ഇസ്ലാം: സഹോദര്യത്തിന്റെ മതം

ഇസ്ലാം സമ്പൂർണമാണ്. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മതമാണത്. മാനുഷിക ബന്ധങ്ങളുടെ പ്രാധാന്യം ഇത്രമേൽ മനോഹരമായി അവതരിപ്പിച്ച മതം വേറെയില്ല. അത് കൊണ്ട് തന്നെ മനുഷ്യർക്കിടയിലെ ആരോഗ്യകരമായ ബന്ധങ്ങളെയും കെട്ടുറപ്പിനെയും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ട്. “ഒരു മുഅമിൻ മറ്റൊരു മുഅമിന്റെ കണ്ണാടിയാണ്” എന്ന തിരു വചനം ഇത്തരം ബാന്ധവങ്ങളുടെ മഹത്വത്തെ വിളിച്ചോതുന്നു. അല്ലാഹുവിന്റെ മാർഗത്തിലുള്ള പരസ്പര സ്നേഹവും സാഹോദര്യവും പുണ്യകർമ്മമാണ്. ഏറ്റവും ഉദാത്തമായ വികാരമാണ് സ്നേഹം. അത് അനുവദനീയമായ സന്മാർഗത്തിലൂടെ ആകുമ്പോൾ സ്നേഹത്തിന്റെ മഹത്വം ഒന്നുകൂടി വർദ്ധിക്കുന്നു. മക്കയിൽ നിന്ന് സർവ്വവും വിട്ടറിഞ്ഞ് മദീനയിലേക്ക് ഹിജ്റ പോയ മുഹാജിറുകൾ ക്കിടയിലും മദീനയിലെ ആതിഥേരായ അൻസാറുകൾക്കിടയിലും മുത്ത് നബി (സ്വ) നിർമ്മിച്ച സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ബാന്ധവം ലോകം അന്നുവരെ പരിചയിക്കാത്ത ഒന്നായിരുന്നു. മറ്റൊരു നാട്ടിൽ നിന്ന് കടന്നുവന്ന ആരെന്നറിയാത്ത വ്യക്തിക്ക് സ്വന്തം സമ്പത്തിന്റെ പകുതി നൽകുകയും തനിക്ക് ഒന്നിൽ കൂടുതലുള്ള പത്നിമാരിൽ ഒരാളെ വിവാഹമോചനം ചെയ്തു വിവാഹത്തിനുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാനും മാത്രം മനോഹരവും ആർദ്രവുമായ സാഹോദര്യമായിരുന്നു അത്. എന്നിരുന്നാലും, പാരസ്പര്യത്തിന്റെ മഹത്വത്തെ ഇത്രമേൽ ഉദ്ഘോഷിക്കുന്നതിനിടയിലും അനിവാര്യമായ ചില ബന്ധവിച്ഛേദനങ്ങളെയും ഇസ്ലാം പരിചയപ്പെടുത്തുന്നുണ്ട്. ഇസ്ലാം പഠിപ്പിക്കുന്ന ഈ ബന്ധവിച്ഛേദനം അഥവാ തർക്കുൽ മുവാലാത്ത് ഓരോ വിശ്വാസിയും മുറുകെ പിടിക്കേണ്ട, വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഈ ബന്ധവിച്ഛേദനം ഇസ്ലാം പ്രഖ്യാപിച്ചിട്ടുള്ളത് അമുസ്ലിം സമൂഹങ്ങളോടല്ല, മറിച്ച് ഇസ്ലാമിനകത്ത് തന്നെയുള്ള അവാന്തര വിഭാഗങ്ങളോടാണ്. തിരുനബി(സ്വ)യിൽ നിന്നും സ്വഹാബത്തുൽ കറാമിലൂടെ കടന്നുവന്ന് താബിഉകളും തബഉ താബിഉകളും വഴി കൈമാറി വന്ന ഇസ്ലാമിനെ പരിഷ്കരിക്കാൻ ശ്രമിക്കുന്നവരാണവർ. തിരുനബി(സ്വ)യെയും അനുജരരെയും അവഹേളിക്കാൻ യാതൊരു മടിയുമില്ലാത്ത ഇക്കൂട്ടർ മഹത്തുക്കളായ ഇമാമുമാരെയും ആഗോള മുസ്ലിം സമൂഹത്തെ തന്നെയും കാഫിറുകളാക്കാനും ശ്രമിക്കുന്നു. ഇത്തരക്കാരിൽ നിന്നും അകന്നു നിൽക്കൽ ഓരോ മുഅ്മിനിന്റെയും മേൽ നിർബന്ധമാണ്. വിശ്വാസ സംരക്ഷണത്തിന് ഈ ബന്ധവിച്ഛേദനം അനിവാര്യമാണ്. പാരസ്പര്യത്തെയും സാഹോദര്യത്തെയും പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം ഇത്തരം ബന്ധ വിച്ഛേദനത്തെ പരിചയപ്പെടുത്തുന്നു എന്നത് ഇതിന്റെ ഗൗരവം വിളിച്ചറിയിക്കുന്നു.

തർകുൽ മുവാലാത്: ആരോട്, എന്തിന്?

അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കലും നിന്ദിച്ചതിനെ നിന്ദിക്കലും സത്യവിശ്വാസത്തിന്റെ ഭാഗമാണ്. അമ്പിയാക്കൾ, മുർസലുകൾ, ഔലിയാക്കൾ, പരിശുദ്ധ കഅബ, മുഹമ്മദ് നബിയു(സ്വ)ടെയും മറ്റു മഹാന്മാരുടെയും കബറിടങ്ങൾ തുടങ്ങി അല്ലാഹു ബഹുമാനിച്ചവയെ ആദരിക്കലും ഇബിലീസ്, ഔലിയാക്കളോട് ശത്രുത പുലർത്തുന്നവർ,വൻ പാപികൾ തുടങ്ങി അല്ലാഹു നിന്ദിച്ചവയെ അനാദരിക്കലും സത്യവിശ്വാസിയുടെ മേൽ നിർബന്ധമാണ്. ഇങ്ങനെ നിന്ദിക്കപ്പെട്ടവരുടെ കൂടെയാണ് മഹാന്മാരായ പണ്ഡിതപ്രഭുക്കൾ മുബ്തദിഉകളെ അഥവാ മത നവീകരണ വാദികളെ കാണുന്നത്. റസൂൽ(സ്വ) യുടെയും സഹാബത്തുൽ കിറാമിന്റെയും ചര്യ മുറുകെ പിടിക്കുന്ന നമ്മൾ സുന്നികൾ ഇത്തരം പുത്തൻ വാദികളോട് അകന്നു നിൽക്കേണ്ടതുണ്ട്. നടേ പരാമർശിച്ച റസൂൽ (സ്വ) യിൽ നിന്ന് സ്വഹാബത്ത് വഴി കണ്ണിമുറിയാതെ ലഭിച്ച ദീനിനെ സ്വീകരിക്കാതെ ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നും അവയുടെ ആശയം പൂർണമായും മനസ്സിലാക്കാതെ വിധി വിലക്കുകൾ പിടിച്ചെടുക്കാൻ പുത്തൻവാദികൾ ശ്രമിക്കുന്നു. സഹാബത്തിനെയും ഇമാമുമാരെയും തള്ളിപ്പറയുന്നതും പൂർവികരിൽ നിന്ന് കൈമാറി വന്ന പരിശുദ്ധമായ കാര്യങ്ങളെ ശിർക്കും ആയി ചിത്രീകരിക്കുന്നതും ഇവരുടെ ലക്ഷണമാണ്. അല്ലാഹുവിന്റെ നബിമാരെ സാധാരണക്കാരായി കാണുക, ഔലിയാക്കളോട് ശത്രുത പ്രകടിപ്പിക്കുക തുടങ്ങിയവ ഇവരുടെ മുഖമുദ്രയാണ്. “അല്ലാഹുവിന്റെ ഔലിയാക്കളിൽ ഒരാളോട് ശത്രുത പുലർത്തുന്നവനോട് ഞാൻ സമരം പ്രഖ്യാപിച്ചിരിക്കുന്നു” എന്ന് അല്ലാഹു പറയുന്നുണ്ട്. അല്ലാഹു തന്നെ സമരം പ്രഖ്യാപിച്ചവരോട് സ്നേഹമോ സഹകരണമോ പാടില്ലെന്ന് തീർച്ച. ഇത്തരക്കാരോട് മയത്തിലും സഹകരണത്തിലും ഇടപഴകുന്നതിനെ ഖുർആൻ കർശനമായി വിലക്കുന്നു. സൂറത്തുൽ മുജാദല സൂക്തം 122 ൽ അല്ലാഹു പ്രഖ്യാപിക്കുന്നു:” അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വിരോധികളെ ഇഷ്ടപ്പെടുന്നവരായി അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരെ നീ കാണുകയില്ല. അവർ മാതാപിതാക്കളോ സന്താനങ്ങളോ കുടുംബങ്ങളോ ആരായാലും ശരി. ഇപ്രകാരം അവന്റെ ശത്രുക്കളെ ഇഷ്ടപ്പെടാത്തവരുടെ ഹൃദയത്തിൽ അല്ലാഹു വിശ്വാസം ഉറപ്പിക്കുകയും അവൻ പ്രത്യേകമായി സഹായിക്കുകയും ചെയ്യുന്നു… “. ” അല്ലാഹുവിന്റെ വിരോധികളെ ഇഷ്ടപെടലും ഈമാനും ഒരുമിച്ചു കൂടുകയില്ല എന്നാണ് ഈ ആയത്തിന്റെ ഉദ്ദേശം. കാരണം ഒരാൾക്ക് മറ്റൊരാളെയും അവന്റെ ശത്രുവിനെയും ഒരുപോലെ ഇഷ്ടപ്പെടുക അസാധ്യമാണ് ” എന്ന് മേൽപ്പറഞ്ഞ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. ഇതേ ആയത്തിന്റെ വ്യാഖ്യാനത്തിൽ മദാരി കുത്തൻസീലിൽ ഇപ്രകാരം കാണാം :’ സഹ്ൽ(റ) പറഞ്ഞിരിക്കുന്നു “ഈമാൻ സാധു ആവുകയും തൗഹീദ് ശരിപ്പെടുകയും ചെയ്ത ഒരാൾ മുബ്തദഇനോട് സന്തോഷം പ്രകടിപ്പിക്കുകയും അവനോട് സ്നേഹം നിലനിർത്തും വിധം ഇരിക്കുകയും ചെയ്യുകയില്ല. മറിച്ച് ബിദ്അത്തിനോടുള്ള വെറുപ്പ് പ്രകടിപ്പിക്കുന്നതാണ്. ഒരു മുബ്തദിഇനോട് ആരെങ്കിലും സന്തോഷം കാണിച്ചാൽ അവനിൽ നിന്നും നബി ചര്യയുടെ മധുരം അല്ലാഹു എടുത്തു കളയും. ഭൗതിക ലോകത്തിന്റെ ഉന്നതിയോ സമ്പത്തോ ഉദ്ദേശിച്ചുകൊണ്ട് ഒരു മുബ്തദിഇന് ഒരാൾ ഉത്തരം ചെയ്താൽ അതേ ഉന്നതി കൊണ്ട് അല്ലാഹു അവനെ നിസ്സാരപ്പെടുത്തുകയും ആ ഐശ്വര്യത്തിൽ നിന്ന് ദരിദ്രനാക്കി തീർക്കുകയും ചെയ്യും. സന്തോഷപൂർവ്വം ഒരാൾ മുബ്തദിഇനോട് ചിരിക്കുകയാണെങ്കിൽ അയാളിൽ നിന്ന് ഈമാനിന്റെ പ്രകാശം അല്ലാഹു നീക്കി കളയും.”(മദാരികുത്തൻസീൽ 4/237). ബിദ്അത്തുകാരോടുള്ള സമീപനത്തിൽ വിശുദ്ധ ഖുർആൻ പുലർത്തിയ അതേ കാർക്കശ്യം ഹദീസുകളിലും കാണാം. ആദ്യത്തെ മുബതദിഉകളായ ഖദരിയാക്ക(ഖദർ നിഷേധികൾ)ളെ കുറിച്ച് റസൂൽ(സ്വ) പറയുന്നത് കാണാം :” അല്ലാഹുവിന്റെ ഖദ്ർ കൊണ്ട് കളവാക്കുന്നവർ ഈ സമൂഹത്തിലെ മജൂസികളാണ്. അവർ രോഗികളായാൽ നിങ്ങൾ അവരെ കാണാൻ പോകരുത്, മരിച്ചാൽ ജനാസ സന്ദർശിക്കരുത്, അത്തരക്കാരെ കണ്ടുമുട്ടിയാൽ സലാം പറയുകയും അരുത്”(ഇബ്നു മാജ). ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ അടുത്ത് ഒരാൾ വന്ന് ഇന്ന ആൾ സലാം പറഞ്ഞിരുന്നു എന്ന് പറഞ്ഞു. അബ്ദുല്ലാഹിബ്നു ഉമർ(റ) പ്രതികരിച്ചത് ഇപ്രകാരമാണ്:” അവൻ ബിദ്അത്തുകാരൻ ആണെന്ന് എനിക്ക് വിവരം കിട്ടിയിരുന്നു. അങ്ങനെ ആയിട്ടുണ്ടെങ്കിൽ അവന് എന്റെ സലാം പറയരുത് (തുർമുദി, അബൂ ദാവൂദ്, ഇബ്നു മാജി). ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇബ്നു ഹജർ അസ്ഖലാനി (റ)വിനെ ഉദ്ധരിച്ച് മുല്ലാ അലിയ്യുൽ ഖാരി (റ) പറയുന്നു :” ബിദ്അത്തുകാരോട് വെറുപ്പ് പ്രകടമാക്കണമെന്ന് നമ്മോട് കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഉലമാഅ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ഫാസിഖിന്റേയും മുബ്തദിഇന്റെയും സലാം മടക്കൽ നിർബന്ധമില്ലെന്ന് മാത്രമല്ല സുന്നത്ത് പോലുമില്ല. അവരെ ബിദ്അത്തിൽ നിന്ന് തടയാൻ ആണിത്. അവരുമായി പിണങ്ങി നിൽക്കാവുന്നതാണ് (മിർഖാത് 1/55). അനസ്(റ) വിൽ നിന്ന് ഇബ്നു അസാകിർ ഉദ്ധരിക്കുന്ന ഹദീസ് കാണുക :” ബിദ്അത്തുകാരെ കണ്ടാൽ നിങ്ങൾ മുഖം തിരിക്കണം. കാരണം മുഴുവൻ മുബ്തദിഉകളോടും അല്ലാഹു കോപിച്ചിരിക്കുന്നു”. അനസ്(റ)വിൽ നിന്നു തന്നെ ഉഖയ്ൽ (റ) ഉദ്ധരിച്ചത് കാണുക:” നിങ്ങൾ അവരോട്(സ്നേഹം കാണിച്ചു) കൂടെ ഇരിക്കുകയോ ഒപ്പം ഭക്ഷിക്കുകയോ ചെയ്യരുത്. അവരോട് വൈവാഹിക ബന്ധം നടത്തരുത്”. ” നിങ്ങൾ അവരുടെ ജനാസ നിസ്കരിക്കുകയോ അവരെ തുടർന്ന് നിസ്കരിക്കുകയോ ചെയ്യരുത്” എന്ന് ഇബ്നു ഹിബ്ബാൻ നിവേദനം ചെയ്തിട്ടുണ്ട്. ഇബ്നു അസാകിർ അനസ് (റ)വിനെ ഉദ്ധരിക്കുന്നു. നബി (സ്വ) പറഞ്ഞു :” എന്റെ സഹാബികളെ നിങ്ങൾ ചീത്ത പറയരുത്. തീർച്ചയായും എന്റെ സ്വഹാബികളെ ചീത്ത പറയുന്ന ഒരു ജനത പിന്നീട് വരും. അവർ രോഗികളായാൽ നിങ്ങൾ അവരെ സന്ദർശിക്കരുത്, അവർക്ക് നിങ്ങൾ സലാം പറയുകയോ അവരുടെ ജനാസ നിസ്കരിക്കുകയോ ചെയ്യരുത്”. ബിദ്അതുകാരോട് വെറുപ്പും നീരസവും പ്രകടമാക്കണം, അവരോട് സലാം പറയുകയോ അവരുടെ സലാം മടക്കുകയോ ചെയ്യരുത്, അവർക്കുവേണ്ടി മയ്യത്ത് നിസ്കരിക്കാനോ അവരെ തുടർന്ന് നിസ്കരിക്കാനോ പാടില്ല. ഇതൊക്കെ വ്യക്തമാക്കുന്നതാണ് മേൽ കൊടുത്ത ഉദ്ധരണികൾ. ഇമാം നവവി(റ)പറയുന്നു:” ബിദ്അത്തുകാരെയും ഫാസിക്കുകളെയും വെറുക്കണമെന്നും അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നിൽക്കൽ അനുവദനീയമാണെന്നും ഹദീസിൽ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നിൽക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയും പിണങ്ങി നിൽക്കുന്നതിനെ കുറിച്ചാണ്. എന്നാൽ ബിദ്അത്തുകാരോടും അവരെപ്പോലെയുള്ളവരോടും എന്നും അകന്നു നിൽക്കേണ്ടതാണ് (ശറഹു മുസ്ലിം 2/152). സലാം മടക്കുക എന്ന നിർബന്ധിതമായ കാര്യവും മൂന്നു ദിവസത്തിൽ കൂടുതൽ പിണങ്ങി നിൽക്കരുത് എന്ന നിരോധനയും ബിദ്അത്തുകാരോട് നിലനിൽക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. സലാം പറയൽ സുന്നത്ത് ആവുന്നത് ഫാസിഖ് ബിദ്അത്തുകാരൻ എന്നിവരല്ലാത്തവരുടെ മേൽ ആണെന്ന് കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പരിചയപ്പെടുത്തുന്നു. അറിയാതെ സലാം പറഞ്ഞു പോയാൽ സലാം മടക്കി എടുത്തിരിക്കുന്നു എന്ന് പറയണമെന്ന് ശറഹു മുസ്ലിമിൽ കാണാം. ബിദ്അത്തുകാരനെ തുടർന്ന് നിസ്കരിക്കലും നിരോധിക്കപ്പെട്ടതാണ്. അവനെ തുടർന്ന് നിസ്കരിക്കുന്നതിനേക്കാൾ പുണ്യം തനിച്ചു നിസ്കരിക്കുന്നതിന് ആണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. തനിച്ചുള്ള നിസ്കാരത്തെക്കാൾ ജമാഅത്ത് നിസ്കാരത്തിന് 27 മടങ്ങ് പ്രതിഫലം പഠിപ്പിക്കുന്ന മതം തന്നെയാണ് ബിദ്അത്തുകാരന്റെ ജമാഅത്തിൽ പങ്കെടുക്കരുതെന്ന് പറയുന്നതും. ബിദ്അത്തുകാരോട് ഇത്തരത്തിൽ കർശനമായ രീതിയിലുള്ള ബന്ധവിച്ഛേദനം ഇസ്ലാം അനുശാസിക്കുന്നുണ്ട്. ഇതിന്റെ ആത്യന്തിക ലക്ഷ്യം അവർക്ക് അവരുടെ അപകടകരമായ വിശ്വാസങ്ങളോട് വെറുപ്പുണ്ടായി അവർ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വന്നുചേരാനും സത്യവിശ്വാസികളായ ആളുകൾ അവരുടെ കെണിയിൽ പെട്ടു പോകാതിരിക്കാനും ആണ്. വിശ്വാസസംരക്ഷണത്തിനുവേണ്ടി പുത്തനാശയക്കാരോട് ബന്ധവിച്ഛേദനം നടത്താൻ ഓരോ മുഅ്മിനീനും മേൽ നിർബന്ധമാണ്. സത്യവിശ്വാസികളും സൽസ്വഭാവികളുമായ ആളുകൾ ബിദ്അത്തുകാരോട് സഹവർത്തിത്വത്തോടെ ഇടപഴകിയാൽ അവരുടെ ആശയങ്ങൾ കുറ്റമറ്റതാണെന്ന് പൊതുജനങ്ങൾ വിശ്വസിക്കാൻ ഇടവരും. അത്തരം ആപത്തുകൾ സംഭവിക്കാതിരിക്കാൻ ആണ് ബന്ധവിച്ഛേദനം അഥവാ തർക്കുൽ മുവാലാത്ത് അനിവാര്യമാണെന്ന് പറയുന്നത്.

-ആദില്‍ ഫര്‍ഹാന്‍