ലോകത്താകമാനം വ്യാപിച്ചു കിടക്കുന്ന പ്രശസ്ത ഇസ്ലാമിക കർമശാസ്ത്ര സരണിയായ ഷാഫിഈ മദ്ഹബിന്റെ സ്ഥാപകനാണ് മുഹമ്മദ് ഇബ്നു ഇദിരീസ് അശാഫിഈ[റ]. ശൈഖുൽ ഇസ്ലാം എന്നറിയപ്പെട്ടിരുന്ന മഹാനവർകൾ ഹിജ്റ 150 ൽ ഫലസ്തീനിലെ ഗാസയിലാണ് ഭൂജാതനായത്. ബാല്യം വിട്ടുപിരിയുന്നതിനു മുമ്പേ തന്നെ പിതാവിന്റെ കണ്ണുകളടഞ്ഞു. അതിനുശേഷം ആ കുഞ്ഞിന്റെ മുഴുവൻ കാര്യങ്ങളും ശ്രദ്ധിച്ചിരുന്നത് മാതാവായ ബീവി ഫാത്തിമ[റ] ആയിരുന്നു. ചെറുപ്പം മുതൽക്കു തന്നെ ഇസ്ലാമികാന്തരീക്ഷത്തിലായി തന്റെ പൊന്നോമനയെ വളർത്താൻ ആ മാതാവ് വളരെയധികം ശ്രദ്ധിച്ചിരുന്നു. തന്റെ മകൻ ഒരു മികച്ച പണ്ഡിതൻ ആകണമെന്ന് ആ മാതാവ് അതിയായി ആഗ്രഹിച്ചു. ചെറു പ്രായത്തിൽ തന്നെ ഇമാം ഷാഫി[റ] അറിവ് നുകരുന്നതിൽ വ്യാപൃതനായി. ഏഴാം വയസ്സിൽ പരിശുദ്ധ ഖുർആൻ മുഴുവനും മന:പ്പാഠമാക്കിയിരുന്നു ബഹുമാനപ്പെട്ടവർ. അതിനുശേഷം ഇസ്ലാമിന്റെ അടിസ്ഥാനാദർശങ്ങൾ പഠിക്കുന്നതിലാണ് ഇമാം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഖുറൈഷിലെ മുത്തലിബാണ് ഇമാമിന്റെ കുടുംബ പരമ്പര. പൊതുവേ ഉയർന്ന നിലയിലുള്ള കുടുംബമായിരുന്നുവെങ്കിലും പട്ടിണിയുടെ പാരമ്യത്തിൽ ആയിരുന്നു ഓരോ നിമിഷവും ആ മാതാവും മകനും തള്ളിനീക്കിരുന്നത്. കുടുംബക്കാരിൽ പലരും പഠനമൊക്കെ ഉപേക്ഷിച്ച് മകനെ ജോലിക്ക് പറഞ്ഞയച്ചു കൂടെ എന്ന് ആ മാതാവിനോട് ആരാഞ്ഞപ്പോൾ അവജ്ഞാപൂർവ്വം തള്ളിക്കളയുകയാണ് അവർ ചെയ്തത്. അത്രത്തോളം ആ സ്വപ്നത്തെ അവർ ചേർത്തു വെച്ചിരുന്നു.
മറ്റൊരു പ്രധാന കർമ്മ ശാസ്ത്ര സരണിയായ മാലികീ മദ്ഹബിന്റെ സ്ഥാപകനായ ഇമാം മാലിക്[റ]വായിരുന്നു ഷാഫിഈ[റ]വിന്റെ പ്രധാനപ്പെട്ട ഉസ്താദ്. മാലിക്[റ]ന്റെ ദർസിൽ ചേരാൻ പോകുന്ന ചരിത്രം വളരെ പ്രസിദ്ധമാണ്. വെറും 10 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മാലികി ഇമാമിന്റെ മുവത്വ മുഴുവനായും മഹാനവർകൾ മന:പ്പാഠമാക്കുന്നത്. മുവത്വ മനപ്പാഠമാക്കിയവർക്ക് മാലിക്ക്(റ)ന്റെ ദർസിൽ എളുപ്പത്തിൽ പ്രവേശനം ലഭിക്കുമെന്ന് അറിഞ്ഞതുകൊണ്ടായിരുന്നത്. മുവത്വ വാങ്ങാൻ കൈയിൽ പണമില്ലാത്തതിനാൽ ഒരാളുടെ അടുക്കൽ നിന്നും കിതാബ് വായ്പ വാങ്ങി വെറും 9 ദിവസം കൊണ്ടാണത് ഹൃദിസ്ഥമാക്കിയത്. തലക്കനമേറിയ മുജ്തഹിദുകൾ പങ്കെടുക്കുന്ന വലിയ ദർസ് ആയിരുന്നതിനാൽ വെറും 15 വയസ്സ് പ്രായമുള്ള ഷാഫി എന്ന കുട്ടിക്ക് അവിടെ പ്രവേശനം നേടാൻ വളരെയധികം പ്രയാസകരമായ ഒരു കാര്യമായിരുന്നു. നിരവധി ദുർഘടമായ കടമ്പകൾ കടന്നതിനൊടുവിൽ ആ പ്രസിദ്ധമായ ദർസിൽ ഇമാമിന് പ്രവേശനം ലഭിക്കുകയാണ്. ചെറുപ്പം മുതലേ വിടാതെ പിന്തുടർന്നിരുന്ന ദാരിദ്രം മൂലം അറിവുകൾ എഴുതി സൂക്ഷിക്കാനുള്ള കടലാസ് പോലും ഇമാമിന്റെയടുക്കലുണ്ടായിരുന്നില്ല. മറ്റുള്ളവർ ഉപേക്ഷിച്ചിട്ട പേപ്പറിലും എല്ലുകളിലും ഒക്കെയായിരുന്നു ഇമാമിന്റെ ക്ലാസ് നോട്ടുകൾ പകർന്നിരുന്നത്. ഇങ്ങനെ നിരവധി എല്ലിൻ കുട്ടകൾ ഇമാമിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ കാണാം. ഇങ്ങനെയൊക്കെയായിരുന്നുവെങ്കിലും ആ ജ്ഞാന കുതുകിക്ക് അറിവ് തേടുന്നതിൽ തളർച്ചയനുഭവപ്പെട്ടിരുന്നില്ല. അറിവന്വേഷണത്തിന്റെ സുൽത്താനായിരുന്നു മഹാനവർകൾ. ജ്ഞാന സാമ്രാട്ടുകൾ എവിടെയാണെങ്കിലും അവരെ തേടിപ്പിടിച്ചു അറിവുകൾ ശേഖരിക്കുമായിരുന്നു. 15 ആം വയസ്സിലെ മക്കയിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള മദീനയിൽ പോയതൊക്കെ ഇതിനൊരുദാഹരണമാണ്. ആണ്ടുകൾ കൊഴിഞ്ഞു പോകുമ്പോഴും ആ മഹാനുഭാവൻ തന്റെ ഭാവിയാലോചിച്ചു വിഷമിച്ചിട്ടില്ല. വയസ്സെത്രയായാലും പഠിക്കണമെന്ന ചിന്ത മാത്രമേ ആ കഠിനാധ്വനിയായ പഠിതാവിനുണ്ടായിരുന്നുള്ളു. ഇങ്ങനെയൊക്കെ ഈ വ്യക്തിത്വത്തെ പടുത്തുയർത്തുന്നതിൽ അവരുടെ മാതാവിന്റെ കരങ്ങൾ വഹിച്ചിട്ടുള്ള പങ്ക് ചെറുതൊന്നുമല്ല. ഭർത്താവിന്റെ മരണം മുതൽ ആ കുട്ടിയുടെ എല്ലാ കാര്യങ്ങളിലും ആ ഭാര്യക്ക് ദൃഢനിശ്ചയമുണ്ടായിരുന്നു. ദാരിദ്ര്യത്തിന്റെ കരാള ഹസ്തങ്ങൾ വലിഞ്ഞുമുറുക്കുമ്പോഴും കീഴടങ്ങാൻ ആ മഹതി തയ്യാറായിരുന്നില്ല. തന്റെ മകനുവേണ്ടി ആരുടെ മുന്നിലും കൈ നീട്ടുന്നതിനു പോലും ആ ഉമ്മാക്ക് പ്രയാസമുണ്ടായിരുന്നില്ല. ഇതിനിടയിൽ പഠനത്തിനു കോട്ടം വരുത്താതെ നിർവഹിച്ച ജോലിയിൽ നിന്നും ലഭിച്ച പണവുമായി ഈ ഉമ്മാന്റെ അടുക്കൽ ആ മകൻ വരുന്ന സന്ദർഭത്തിൽ ഇതിനല്ലാ ഞാൻ നിന്നെ പഠിപ്പിച്ചതെന്ന് പറഞ്ഞു കൊണ്ട് ആ മാതാവ് ശാസിക്കുന്നുണ്ട്. മഹാ പ്രതിഭകളെ സൃഷ്ട്ടിക്കുന്നതിൽ മാതാവിന്റെ പങ്ക് ചെറുതല്ല എന്നറിയിക്കുന്നതായിരുന്നു ബീവി ഫാത്തിമ[റ] യുടെ ജീവിതം. ചിട്ടയോടെ കൂടെയുള്ളതായിരുന്നു അവിടുത്തെ ജീവിതം. തന്റെ രാവുകളെ എഴുത്ത് ,ആരാധന, ഉറക്കം എന്നിവയ്ക്കായി മൂന്നായി ഭാഗിച്ചിരുന്നു. ഭൗതികേച്ഛകളെ പൂർണ്ണമായും തള്ളിക്കളഞ്ഞായിരുന്നു അവിടുന്ന് ജീവിച്ചിരുന്നത്. ഓരോ നൂറ്റാണ്ടിലും ഓരോ മുജദ്ദിദുകൾ ഉണ്ടാകുമെന്നാണ് പണ്ഡിത മതം. ആ നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫീഈ[റ] ആണെന്നാണ് ഇമാം ഹമ്പൽ(റ) ഉൾപ്പെടെയുള്ള പണ്ഡിത പ്രഭുക്കൾ അഭിപ്രായപ്പെട്ടത്. ജീവിതത്തിന്റെ അവസാന നാളുകളിൽ രോഗപീഢകമായ ജീവിതമായിരുന്നവിടുന്ന് നയിച്ചത്. അധികഠിനമായ അർശസ് രോഗം പിടിപെട്ടിട്ടും ഇമാം ക്ലാസ്സുകൾക്ക് കോട്ടം വരുത്തിയിരുന്നില്ല. ഓരോ ക്ലാസുകൾ കഴിയുമ്പോഴേക്കും രക്തത്താൽ അടിയിൽ വച്ചിരുന്ന പാത്രം നിറയുമായിരുന്നെന്ന് അവിടുത്തെ ശിഷ്യന്മാർ ഉദ്ധരിക്കുന്നുണ്ട്. ഇത്രത്തോളം അറിവിന്റെ ആഴക്കടലിൽ നീന്തി തുടിക്കുമ്പോഴും വിനയത്തിന്റെ നിറകുടമായിരുന്നു ഇമാം ശാഫീഈ[റ]. ഹിജ്റ 204 റജബിലെ ഒരു വെള്ളിയാഴ്ച രാവിൽ മാലോകർ കേൾക്കാൻ ആഗ്രഹിക്കാത്ത ഒരു വാർത്തയാണ് കേട്ടത്. ലോകത്തിന് അറിവിന്റെയും കർമശാസ്ത്രത്തിന്റെയും കോട്ട വാതിലുകൾ മലർക്കെ തുറന്നിട്ട് തന്ന ഷാഫിഈ സരണിയുടെ നേതാവ് മുഹമ്മദ് ബിൻ ഇദ്രീസ് അശ്ശാഫിഈ[റ] എന്ന പണ്ഡിത പ്രഭു അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായി എന്നതായിരുന്നു ആ വാർത്ത.
-ബിന്‍ഷാദ് എടപ്പറ്റ

Post Comment