ലോക മാനവശേഷിക്കും സമൂഹിക പുരോഗതിക്കും ഒരു പ്രധാന വെല്ലുവിളിയാവുകയാണ് പുതിയ കാലത്ത് ഏറെ അതിക്രമിച്ചുകൊണ്ടിരിക്കുന്ന ആത്മഹത്യ പ്രവണത. നിശ്ശബ്ദമായി വളർന്നുവരുന്ന ഒരു പകർച്ചവ്യാധി പോലെയാണിത് .ഓരോ 40 സെക്കന്‍റിലും ഒരാൾ ആത്മഹത്യ ചെയ്യുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. നമ്മുടെ രാജ്യത്ത് 60 പേരിൽ ഒരാൾ ആത്മഹത്യയ്ക്ക് ഇരയാവുന്നുണ്ടത്രെ. അതിൽ യുവാക്കളാണ് മുൻപന്തിയിൽ. സാംസ്കാരിക ജീർണതയെ അടിവരയിട്ട് വെളിപ്പെടുത്തുന്നു ചില സത്യങ്ങൾ കൂടിയാണിത്. കാലങ്ങളായി ഭരണകൂടങ്ങളും ലോകാരോഗ്യ സംഘടനകളും ഈ അനർത്ഥം മറികടക്കാൻ കഠിനമായി ശ്രമിക്കുന്നുണ്ടേലും അവയെല്ലാം വിഫലമാകുന്ന കാഴ്ചയാണ് മുന്നിൽ.
ലോകാരോഗ്യ സംഘടനയുടെ 2020ലെ കണക്ക് പ്രകാരം ഇന്ത്യയുടെ ആത്മഹത്യ നിരക്ക് 12.7 യും അമേരിക്കയുടേത് 14.5 ഉം ആണ്. എന്നാൽ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ആത്മഹത്യ നിരക്ക് താരതമ്യേന കുറവായി കാണപ്പെടുന്നുണ്ട്. ഖത്തർ 4.0 യു.എ.ഇ 5.2 സൗദി അറേബ്യ 3.7 ബഹ്റൈൻ 3.0 എന്നിങ്ങനെയാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ഇടമാണ് പ്രസ്തുത രാജ്യങ്ങൾക്കുള്ളതുതാനും.
മതാനുവദനീയമായ സ്വാതന്ത്ര്യത്തിന്റെ വേലി പൊട്ടിച്ച് സ്വാതന്ത്ര്യവിഹായസിന്റെ അനന്തതയിലേക്ക് പാറിയവരിലാണ് ആത്മഹത്യയുടെ നിരക്കിന്റെ ആധിക്യമുള്ളത് എന്നു പറയുന്നതിൽ തെറ്റുണ്ടോ? പരിമിതമായ ജീവിതത്തിൽ പരമാവധി സുഖവും സ്വത്തും സൗഖ്യവും ആസ്വദിക്കുക എന്നയവരുടെ ചിന്തകൾ അവകൾക്കായി ഏതൊരു ഹീനമാർഗവും സ്വീകരിക്കാൻ മടിയില്ലാത്തവരാക്കി തീർക്കുന്നു. തുടർന്ന് ആസ്വാദനത്തിന്റെ അതിർവരമ്പുകൾ കടന്ന് മദ്യവും മയക്കുമരുന്നും തുടങ്ങിയ അസാന്മാർഗിക വഴികൾക്ക് അടിമപ്പെട്ട് അവരിൽ പലരും സാധാരണ ജീവിതത്തിലേക്ക് തിരികെ മടങ്ങാൻ കഴിയാതെ ആത്മഹത്യയുടെ നിരക്കിന് ആക്കം കൂട്ടുന്നു. ലോകം മുഴുവനും ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ കഴിയുന്നത്ര പ്രയത്നിക്കുമ്പോൾ ഡേവിഡ് ഹ്യൂം പോലുള്ള അനുഭവവാദികളും യുക്തിവാദികളും ആത്മഹത്യയെ മഹത്വവൽക്കരിക്കുകയും ധാർമികവൽക്കരിക്കുകയും ചെയ്യുന്നത് എത്ര പരിഹാസ്യമാണ്.
ആത്മഹത്യയെന്നത് ഗുരുതരമായ പാപമായാണ് ഇസ്ലാം മനുഷ്യരെ പഠിപ്പിച്ചത്. ആത്മഹത്യ തടുക്കാനുള്ള വിജയകരമായ മാർഗം ഇസ്ലാമിക ജീവിത ശൈലിയിലൂടെ തന്നെ ലഭ്യമാവുന്നു. ആത്മഹത്യയുടെ കാരണങ്ങളിൽ പ്രധാനിയാണ് ലഹരിവസ്തുക്കളുടെ ഉപയോഗം. മുസ്ലിമുകൾക്ക് അവ ഉപയോഗിക്കാൻ പാടില്ലാതതും നിഷിദ്ധവുമാക്കി. ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റൊന്നാണ് ലൈംഗിക ദുരുപയോഗം. ശാരീരികവും മാനസികവുമായ ദുരുപയോഗം തടയാൻ വേണ്ടിയാണ് ഇസ്ലാം സ്ത്രീ പുരുഷന്മാരിൽ അവരുടെ വേഷ വസ്ത്രവിധാനങ്ങളിലും ഇടപാടുകളിലും കർശനമായ നയങ്ങൾ നടപ്പിലാക്കിയത്. മറ്റൊരു കാരണമാണ് സാമ്പത്തിക പിരിമുറുക്കം. ഇസ്ലാമിലെ സക്കാത്ത്, സ്വദഖ എന്നിവ ഈ പ്രശ്നത്തിനുള്ള പരിഹാരമാർഗമാകുന്നു. മറ്റൊന്നാണ് ബന്ധപ്രശ്നങ്ങൾ. ഇസ്ലാം കുടുംബം, വൈവാഹിക, അയൽവാസ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ വിശ്വാസികളോട് കൽപ്പിക്കുകയും അവ പുണ്യമാക്കുകയും ചെയ്തു. വിട്ടുമാറാത്ത വേദനയും രോഗവും കാരണം ചിലർ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഒടുവിൽ ആത്മഹത്യയിൽ എത്തിപ്പെടുന്നു. മനുഷ്യജീവിതം സുഖദുഃഖ സമ്മിശ്രമാണെന്നും ഇവ രണ്ടും ജീവിതത്തിൽ അനുഭവിക്കേണ്ടി വരുമെന്നും ആഘാതവും ആനന്ദവും എല്ലാം ദൈവ നിശ്ചയപ്രകാരമാണെന്നും കാരുണ്യവാനായ ദൈവം തനിക്ക് കാരുണ്യം ചൊരിഞ്ഞു തരും എന്നുമുള്ള ഇസ്ലാമിക വിശ്വാസം മനുഷ്യനെ ഏതു ഘട്ടത്തിലും മുന്നോട്ട് ചലിക്കാൻ പ്രേരിപ്പിക്കുന്നു.
ഇസ്ലാമിക സമൂഹം വ്യക്തിക്ക് ശക്തമായ പിന്തുണയാകുന്നു, അതിലൂടെ ആത്മഹത്യയെ തടയാൻ കഴിയുന്നുവെന്നത് സുപ്രധാനമാണ്. ജുമുഅ നമസ്‌കാരം, ഈദ് ആഘോഷങ്ങൾ, മസ്ജിദ് കൂട്ടായ്മകൾ എന്നിവ വ്യക്തിയേ ഒറ്റപ്പെടുത്താതെ സമൂഹത്തിൽ ഉള്‍ക്കൊള്ളാൻ സഹായിക്കുന്നു. ഇസ്ലാമിക സഹോദരത്വം (ഉഖുവ്വ) വ്യക്തിക്ക് ധൈര്യവും ആശ്വാസവുമാണ് നൽകുന്നത് . ഒരാളുടെ പ്രശ്നങ്ങൾ മറ്റുള്ളവർ ശ്രദ്ധിക്കുകയും പിന്തുണയുമായി സമീപിക്കുകയും ചെയ്യുന്ന ഈ സഹജീവിതം മനസ്സിലുള്ള വിഷാദം കുറയ്ക്കുകയും ഉറ്റബന്ധങ്ങൾ വഴിയായി ആത്മവിശ്വാസം വീണ്ടെടുക്കാനും സഹായിക്കുന്നു. ഇസ്ലാം ഓരോ വിശ്വാസിയെയും മറ്റൊരാളുടെ രക്ഷയ്ക്ക് ഉത്തരവാദിയാക്കുന്നു എന്നതും ആത്മഹത്യ പ്രതിരോധത്തിലേക്കുള്ള വലിയൊരു ചുവടാണ്.
2016-ൽ നടന്ന ജേർണൽ ഓഫ് അസൈക്‌ളോളജി പഠനത്തിൽ, മതാനുഷ്ഠാനങ്ങൾ പാലിക്കുന്നവരിൽ ആത്മഹത്യയുടെ സാധ്യത 84% കുറവാണെന്ന് കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ 2014 കണക്കുകൾ അനുസരിച്ച്, മതാനുഷ്ഠാനങ്ങൾ ബലമായി പിന്തുടരുന്ന സമൂഹങ്ങളിൽ ആത്മഹത്യ നിരക്ക് നിരീശ്വരവാദ സമൂഹങ്ങളേക്കാൾ താഴ്ന്നതാണെന്ന് കണപ്പെടുന്നു . പ്യൂ റിസർച്ച് സെൻററിന്റെ 2019 ലെ പഠനം അനുസരിച്ച്, ആത്മഹത്യ നിരക്ക് മതപരമായ അനുഷ്ഠാനങ്ങൾ കൂടുതലായ ജനങ്ങളിൽ കുറവാണെന്ന് തെളിയിക്കുന്നു.സാമ്പത്തികമോ വിദ്യാഭ്യാസപരമോ ആയ ബുദ്ധിമുട്ടുകളോ മറ്റുള്ളവരുടെ ഭീഷണിയോ അക്രമണങ്ങളോ അനുഭവിക്കുമ്പോൾ തന്റെ ജീവിതം വഴിമുട്ടിയിരിക്കുന്നു എന്ന് ചിന്തിച്ച് അത് അവസാനിക്കുവാൻ തയ്യാറെടുക്കുന്നത് ദൈവികമായ ചിന്തയും ദൈവ കാരുണ്യത്തെ കുറിച്ചുള്ള പ്രതീക്ഷയും നഷ്ടപ്പെടുമ്പോഴാണ്. ദൈവ കാരുണ്യത്തെ കുറിച്ചുള്ള ചിന്ത ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള പ്രേരക ഘടകമാകുന്നു.
-ആദില്‍ മുഹമ്മദ് നരിക്കുനി



Post Comment